ഓരോ രംഗത്തിലും കഥയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്ന വിചിത്ര നാടകമാണ് തൃശ്ശൂര്‍ ലോകസഭാ മണ്ഡലത്തില്‍ അരങ്ങേറുന്ന മത്സരം. പുറമേ കാണുന്ന ചുവപ്പ് ഉള്ളില്‍ ഉണ്ടോ തൃശ്ശൂരിലെ ജനങ്ങള്‍ക്ക് എന്ന് സംശയം കുറേക്കാലം പഴക്കമുള്ള ഒന്നാണ്. കേരളത്തിലെ ബൗദ്ധിക വ്യാപാരങ്ങളുടെ കേന്ദ്രബിന്ദുവായി വര്‍ത്തിക്കുമ്പോഴും വര്‍ഗീയതയും ജാതീയതയും അടക്കമുള്ള വലതു സ്വഭാവങ്ങള്‍ ഈ മണ്ഡലത്തിന് അന്യമല്ല.
അതേസമയംതന്നെ ആദര്‍ശ വിശുദ്ധികളെ പുല്‍കുമ്പോള്‍ മറുപുറത്ത് ആരാണ് നില്‍ക്കുന്നത് എന്ന് തൃശ്ശൂര്‍ നോക്കിയിട്ടും ഇല്ല. കേരള രാഷ്ട്രീയത്തിലെ അതികായനായ തൃശ്ശൂര്‍ തട്ടകമായി കേരളത്തിലങ്ങോളമിങ്ങോളം പടര്‍ന്നുകയറിയ കരുണാകരനെയും തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ മകന്‍ മുരളീധരനെയും തോല്‍പ്പിക്കുന്ന സമയത്ത് അവര്‍ കണ്ടത് വളരെ സംശുദ്ധമായ ഒരു ജീവിതം തങ്ങളോടൊപ്പം ജീവിക്കുന്ന വി.വി രാഘവനെ മാത്രമാണ്. അതുകൊണ്ടുതന്നെ വലിയ പേരുകള്‍ സൃഷ്ടിക്കുന്ന പ്രകമ്പനം തൃശ്ശൂരിലെ അകത്തളങ്ങളില്‍ വോട്ടായി മാറുമോ എന്ന് ന്യായമായി സംശയിക്കാം.
കോണ്‍ഗ്രസ് ടിക്കറ്റില്‍ സുറിയാനി ക്രിസ്ത്യാനികളെ മാത്രമേ തൃശ്ശൂര്‍ ജയിപ്പിച്ചിട്ടുള്ളൂ എന്ന ചീത്തപ്പേരും ഈ മണ്ഡലത്തിന് ഉണ്ട്. ആ ചീത്തപ്പേര് മാറ്റിയെടുക്കുവാനാണ് തെരഞ്ഞെടുപ്പ് ജയിക്കാന്‍ സവിശേഷ കഴിവുണ്ടെന്ന് പരക്കെ സമ്മതനായ മുന്‍ എം.എല്‍.എ ടി.എന്‍ പ്രതാപനെ രംഗത്ത് ഇറക്കിക്കൊണ്ട് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. പ്രതാപന്‍ അവരെ സംബന്ധിച്ച് ജയിക്കാന്‍ ഉതകുന്ന ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയാണ്. അതിനു വേണ്ട എല്ലാ പൊടിക്കൈകളും പ്രതാപന് വശമാണ്.
പ്രതാപന്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ ശൈലിയുടെ നേരെ മറുഭാഗത്താണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസ്. മിതഭാഷിയും മൃദു ഭാഷയുമാണ്. പുസ്തകം വായിക്കാനും യാത്ര ചെയ്യുവാനും ഇഷ്ടപ്പെടുന്ന ആളാണ്. വിഷയങ്ങളെ ആഴത്തില്‍ പഠിക്കുവാന്‍ ശ്രമിക്കുന്ന ഒരു രാഷ്ട്രീയ വിദ്യാര്‍ത്ഥിയാണ്.
ഒരു പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ ഒരുപക്ഷേ സി.കെ ചന്ദ്രപ്പന് ഉതകുന്ന പിന്‍ഗാമിയായി തൃശ്ശൂരിന് അഭിമാനിക്കാന്‍ കഴിയുന്ന വ്യക്തിത്വമാണ് രാജാജി. അതേസമയംതന്നെ ജനങ്ങളോട് അത്ര അടുത്ത് ഇടപഴകുന്ന ശൈലി വശമില്ലാത്ത ആളാണ്. എന്നാല്‍ പൊതുവില്‍ ബുദ്ധിജീവികളില്‍ കാണുന്ന നാട്യവും വേഷം കെട്ടും തൊട്ടു തീണ്ടാത്ത ആളാണ്. ഒല്ലൂര്‍ എം.എല്‍.എ എന്ന നിലയില്‍ നിയമസഭയില്‍ അദ്ദേഹത്തിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു.
പ്രതാപന്റെ അഭിനയ സാധ്യതകളിലേക്ക് വലിയ കടന്നുകയറ്റം നടത്തിക്കൊണ്ടാണ് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായി ഒരു താരം തന്നെ കടന്നുവരുന്നത്. അതോടുകൂടി നാടകീയത അതിന്റെ പരമകോടിയില്‍ എത്തി. എന്തും പറയുവാനും കാണിക്കുവാനും ഉള്ള ധൈര്യത്തിന്റെ കാര്യത്തില്‍ സുരേഷ് ഗോപിയുടെ അടുത്തെങ്ങും നില്‍ക്കില്ല പ്രതാപന്‍. ഒരു രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ പതം വരാത്ത വ്യക്തിയാണ് സുരേഷ് ഗോപി. സ്വന്തം അപ്പന്‍ മരിച്ചാല്‍ പോലും നര്‍മ്മം കലര്‍ത്തി അപ്പന്‍ പടമായി എന്നും അപ്പന്‍ ഭിത്തിയില്‍ കയറിയെന്നും അപ്പന്‍ ഷൂ ഇട്ടു എന്നും ഒക്കെ പറയുന്ന തൃശ്ശൂര്‍ ഗഡികള്‍ ബെല്ലും ബ്രേക്കും ഇല്ലാത്ത സുരേഷ് ഗോപി ഷോ നന്നായി ആസ്വദിക്കും എന്നുറപ്പാണ്. അതനുസരിച്ച് വോട്ട് കിട്ടുമോയെന്ന് കണ്ടറിയണം.
തൃശ്ശൂര്‍ ജില്ലയില്‍ ചില പോക്കറ്റുകളില്‍ ശക്തമായ സ്വാധീനമാണ് ബിജെപി കഴിഞ്ഞ് കുറച്ചുനാള്‍ കൊണ്ട് ഉണ്ടാക്കി എടുത്തിട്ടുള്ളത്. പ്രത്യേകിച്ചും തൃശ്ശൂര്‍ പുതുക്കാട് മണ്ഡലങ്ങളില്‍. പക്ഷേ അത് ജീവിക്കുവാന്‍ സാധിക്കുന്ന ഒരു വോട്ട് ഷെയറായി മാറുവാന്‍ സാധ്യത വിരളമാണ്.
ബിജെപി കടന്നുകയറുന്നത് ആരുടെ വോട്ട് ബാങ്കിലേക്ക് ആണ്? പ്രത്യക്ഷമായ നിരീക്ഷണം അത് പ്രതാപന് ദോഷം ചെയ്യും എന്നതാണ്. ആ പ്രതീക്ഷ ഇടതുമുന്നണിയുടെ കളങ്ങളില്‍ വലിയ പ്രത്യാശയായി മാറിയിട്ടുണ്ട്.
നാട്ടിക ഗുരുവായൂര്‍ ഇരിഞ്ഞാലക്കുട പുതുക്കാട് തൃശ്ശൂര്‍ ഒല്ലൂര്‍ മണലൂര്‍ എന്നിങ്ങനെ ഏഴില്‍ ഏഴും ഇടതുപക്ഷത്തിന് ഒപ്പം നില്‍ക്കുന്ന നിയമസഭാമണ്ഡലങ്ങള്‍ ഉള്‍കൊള്ളുന്നതാണ് തൃശ്ശൂര്‍ ലോകസഭാ മണ്ഡലം. നാട്ടിക ഗുരുവായൂര്‍ പോലെയുള്ള തീരദേശ മണ്ഡലങ്ങളില്‍ നല്ല രീതിയില്‍ വോട്ട് നേടാമെന്നാണ് പ്രതാപന്‍ കരുതുന്നത്. അതില്‍ നാട്ടിക ഇടതുപക്ഷത്തിന് രാഷ്ട്രീയ മേല്‍ക്കൈയുള്ള നിയമസഭാ മണ്ഡലം ആണ്. അതുപോലെ തന്നെയാണ് പുതുക്കാട് മണ്ഡലവും. കഴിഞ്ഞ കുറേ നാളുകളായി ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്ന മണ്ഡലമാണ് ഗുരുവായൂര്‍. പക്ഷേ ഇവിടെ മുസ്ലിം ന്യൂനപക്ഷത്തിന്റെ വോട്ട് നിര്‍ണായകമാണ്.
തുഷാര്‍ വെള്ളാപ്പള്ളി മാറിയത് ഒരു പരിധിവരെ സി.പി.ഐക്ക് ഗുണം ചെയ്യും. തുഷാര്‍ തീര്‍ച്ചയായും കടന്നു ചെല്ലുവാന്‍ സാധ്യതയുള്ള ഈഴവ വോട്ടുകള്‍ സിപിഐയുടെ പരമ്പരാഗത വോട്ടുകളില്‍ പെടുന്നവയാണ്. പക്ഷേ സുരേഷ് ഗോപി പിടിക്കുന്ന വോട്ടുകള്‍ കഴിഞ്ഞതവണ തൃശൂര്‍ അസംബ്ലി മണ്ഡലത്തില്‍ ബി.ജെ.പി പിടിച്ച പാറ്റേണില്‍ തന്നെയാകും എന്നാണ് ഇടതു പ്രതീക്ഷ. ഗോപാലകൃഷ്ണന്‍ ബിജെപിക്കായി പിടിച്ച വോട്ടുകള്‍ വിഎസ് സുനില്‍ കുമാറിനെ ജയിപ്പിച്ചു വിട്ടട്ടതില്‍ ഒരു നല്ല പങ്ക് വഹിച്ചിട്ടുണ്ട്. അങ്ങനെയാണ് സംഭവിക്കുന്നത് എങ്കില്‍ രാജാജിക്ക് ദില്ലിയിലേക്ക് പറക്കാം.
സുറിയാനി ക്രിസ്ത്യാനികള്‍ക്ക് നല്ല ഒരു പ്രാധാന്യം ഈ മണ്ഡലത്തില്‍ ഉണ്ട്. പേരുകൊണ്ട് ക്രിസ്ത്യാനി ആണെങ്കിലും സമ്പൂര്‍ണ്ണ മതേതരന്‍ ആയി ജീവിക്കുന്ന രാജാജിക്ക് ആ പേരില്‍ വലിയ വോട്ടുകള്‍ കിട്ടും എന്ന് കരുതുന്നില്ല. എന്നിരുന്നാലും സഭയ്ക്ക് പ്രത്യേകമായ വിരോധമൊന്നുമില്ല എന്നത് ഗുണമായി എണ്ണുകയും വേണം.
സുരേഷ് ഗോപി മത്തേഭന്‍ പാംശുസ്‌നാനം നടത്തും പോലെ കുറെയേറെ പൊടിപടലങ്ങള്‍ ഉയര്‍ത്തുന്നുണ്ട് എങ്കിലും പൊടി അടങ്ങി കഴിയുമ്പോള്‍ ഉത്സവപ്പിറ്റേന്നിന്റെ കുറച്ചു നല്ല ഓര്‍മ്മകള്‍ അദ്ദേഹത്തിന് കാണും എന്നല്ലാതെ വലിയ അത്ഭുതങ്ങള്‍ അദ്ദേഹവും പ്രതീക്ഷിക്കുന്നുണ്ടാവില്ല. നേര്‍ബുദ്ധിക്ക് അദ്ദേഹം പ്രതീക്ഷിച്ചാല്‍ പോലും കുറച്ച് രാഷ്ട്രീയ പരിചയമുള്ള ബിജെപി നേതാക്കള്‍ ആരെങ്കിലും പ്രതീക്ഷിക്കും എന്നു കരുതാന്‍ വയ്യ.
ഏതായാലും പൂരക്കാലത്ത് ഈ തിരഞ്ഞെടുപ്പ് പൂരം പൊടിപാറും. അമിട്ടുകള്‍ പൊട്ടി വിരിഞ്ഞശേഷം തൃശ്ശൂരിലെ രാഷ്ട്രീയ നഭസ്സില്‍ വിരിയുന്ന താരകം ഏത് ആകും.