| Wednesday, 3rd January 2024, 10:22 pm

വല്ലാത്തൊരു ബുംറ; അരങ്ങേറ്റത്തില്‍ ഒരു ദിവസം തന്നെ രണ്ട് തവണ പുറത്താക്കി, അവന് ഇത് മറക്കാന്‍ പറ്റില്ല

സ്പോര്‍ട്സ് ഡെസ്‌ക്

ഏറെ നാടകീയതകള്‍ നിറഞ്ഞതായിരുന്നു ഇന്ത്യയുടെ സൗത്ത ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം. ആദ്യ സെഷനില്‍ തന്നെ സൗത്ത് ആഫ്രിക്ക ഓള്‍ ഔട്ടായിരുന്നു. എന്നാല്‍ ഇന്ത്യയുടെ അതേ തന്ത്രം സൗത്ത് ആഫ്രിക്കയും തിരിച്ചുപയറ്റിയപ്പോള്‍ ഇന്ത്യന്‍ ഇന്നിങ്‌സും അധികം നീണ്ടുനിന്നില്ല. ആദ്യ ദിനം തന്നെ സന്ദര്‍ശകരുടെ പത്ത് വിക്കറ്റും നഷ്ടമായി. ഇപ്പോള്‍ സൗത്ത് ആഫ്രിക്ക രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയിരിക്കുകയാണ്.

മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പ്രോട്ടിയാസ് നിരയെ ഒന്നടങ്കം വരിഞ്ഞുമുറുക്കി സിറാജിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ തകര്‍ത്താടിയപ്പോള്‍ സൗത്ത് ആഫ്രിക്ക 55ന് ഓള്‍ ഔട്ടായി.

ആദ്യ ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യക്ക് മെച്ചപ്പെട്ട തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ മധ്യനിരയ്‌ക്കോ വാലറ്റത്തിനോ സാധിച്ചില്ല. 153ന് നാല് എന്ന നിലയില്‍ നിന്നും 153ന് ഓള്‍ ഔട്ട് എന്ന നിലയിലേക്കാണ് ഇന്ത്യ കാലിടറി വീണത്.

98 റണ്‍സിന്റെ കടവുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക ആദ്യ ദിനം കളിയവസാനിപ്പിക്കുമ്പോള്‍ 62ന് മൂന്ന് എന്ന നിലയിലാണ്. ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗര്‍, ടോണി ഡി സോര്‍സി, ട്രിസ്റ്റണ്‍ സ്റ്റബ്‌സ് എന്നിവരുടെ വിക്കറ്റാണ് പ്രോട്ടിയാസിന് രണ്ടാം ഇന്നിങ്‌സില്‍ നഷ്ടമായത്.

ഡീന്‍ എല്‍ഗറിനെയും ടോണി ഡി സോര്‍സിയെയും മുകേഷ് കുമാര്‍ മടക്കിയപ്പോള്‍ ട്രിസ്റ്റണ്‍ സ്രബ്‌സിനെ ജസ്പ്രീത് ബുംറയാണ് പുറത്താക്കിയത്. 14 പന്തില്‍ ഒരു റണ്‍സ് മാത്രം നേടി നില്‍ക്കവെ വിക്കറ്റ് കീപ്പര്‍ കെ.എല്‍. രാഹുലിന്റെ കൈകളിലെത്തിച്ചാണ് ബുംറ മടക്കിയത്.

നേരത്തെ ആദ്യ ഇന്നിങ്‌സിലും സ്റ്റബ്‌സിനെ പുറത്താക്കിയത് ബുംറ തന്നെയാണ്. 11 പന്തില്‍ മൂന്ന് റണ്‍സ് മാത്രം നേടി നില്‍ക്കവെയാണ് ബുംറ സ്റ്റബ്‌സിനെ പുറത്താക്കുന്നത്. രോഹിത് ശര്‍മക്ക് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.ടെസ്റ്റ് കരിയറിലെ ആദ്യ മത്സരത്തിനാണ് ട്രിസ്റ്റണ്‍ സ്റ്റബ്‌സ് കേപ് ടൗണിലെ ന്യൂലാന്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിലെത്തിയത്. എന്നാല്‍ അരങ്ങേറ്റ മത്സരത്തില്‍ ഒരേ ദിവസം തന്നെ രണ്ട് തവണ ഒരേ ബോളറാല്‍ പുറത്തായെന്ന അപൂര്‍വവും അതേസമയം അനാവശ്യവുമായ റെക്കോഡും കീശയിലാക്കിയാണ് സ്റ്റബ്‌സ് അരങ്ങേറ്റ ടെസ്റ്റില്‍ ബാറ്റിങ് അവസാനിപ്പിച്ചിരിക്കുന്നത്.

അതേസമയം, ആദ്യ ദിനം അവസാനിക്കുമ്പോള്‍ സൗത്ത് ആഫ്രിക്ക 36 റണ്‍സിന് പിറകിലാണ്. 51 പന്തില്‍ 36 റണ്‍സുമായി ഏയ്ഡന്‍ മര്‍ക്രവും ആറ് പന്തില്‍ ഏഴ് റണ്‍സുമായി ഡേവിഡ് ബെഡ്ഡിങ്ഹാമുമാണ് ക്രീസില്‍.

CONTENT HIGHLIGHT: Tristan Stubbs was dismissed by Jasprit Bumrah twice in the same day

We use cookies to give you the best possible experience. Learn more