Sports News
37 ഫോറടിച്ച്, എട്ടര മണിക്കൂര്‍ ക്രീസില്‍ നിന്ന് ട്രിപ്പിള്‍ സെഞ്ച്വറി; പന്തിന്റെ വജ്രായുധത്തിന് മൂര്‍ച്ചയേറുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
2024 Feb 23, 04:29 pm
Friday, 23rd February 2024, 9:59 pm

സൗത്ത് ആഫ്രിക്ക ഡിവിഷന്‍ വണ്‍ സീരീസില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടി പ്രോട്ടിയാസ് സൂപ്പര്‍ താരം ട്രിസ്റ്റണ്‍ സ്റ്റബ്‌സ്. ഡൊമസ്റ്റിക് ഫസ്റ്റ് ക്ലാസ് സീരീസില്‍ നടക്കുന്ന ടസ്‌കേഴ്‌സ് – വാറിയേഴ്‌സ് മത്സരത്തിലാണ് വാറിയേഴ്‌സിനായി സ്റ്റബ്‌സ് ട്രിപ്പിള്‍ സെഞ്ച്വറി നേടിയത്.

പീറ്റര്‍മാരിറ്റ്‌സ്‌ബെര്‍ഗ് ഓവലില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ വാറിയേഴ്‌സ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല ടീമിന് ലഭിച്ചത്. ജെ. ഹെര്‍മന്‍ 30 പന്ത് നേരിട്ട് രണ്ട് റണ്‍സിന് പുറത്തായപ്പോള്‍ ജെ. പില്ലേ ഒമ്പത് പന്ത് നേരിട്ട് അക്കൗണ്ട് തുറക്കാതെ മടങ്ങി.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ മാത്യൂ ബ്രിറ്റ്‌സ്‌കീക്കൊപ്പം ചേര്‍ന്ന് സ്റ്റബ്‌സ് സ്‌കോര്‍ ബോര്‍ഡിന് ജിവന്‍ നല്‍കി. മികച്ച പ്രകടനമാണ് ഇരുവരും നടത്തിയത്.

ടസ്‌കേഴ്‌സ് ബൗളര്‍മാരെ ഒരു ദയവും കൂടാതെ പ്രഹരിച്ച് ബ്രിറ്റ്‌സ്‌കി സെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോള്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയാണ് സ്റ്റബ്‌സ് പുറത്താകാതെ നിന്നത്.

333 പന്തില്‍ 188 റണ്‍സ് നേടി നില്‍ക്കവെ മോണ്ട്‌ലി കുമാലോയുടെ പന്തില്‍ കഗീസോ രാപുലാനക്ക് ക്യാച്ച് നല്‍കിയാണ് ക്യാപ്റ്റന്‍ പുറത്തായത്.

മാത്യൂ ബ്രീറ്റ്‌സ്‌കി പുറത്തായതിന് ശേഷം അധികം വൈകാതെ വാറിയേഴ്‌സ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. 517ന് മൂന്ന് എന്ന നിലയില്‍ നില്‍ക്കവെയാണ് ടീം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്.

ട്രിസ്റ്റണ്‍ സ്റ്റബ്‌സിന്റെ തകര്‍പ്പന്‍ പ്രകടകനം തന്നെയാണ് ടീമിന് മികച്ച സ്‌കോര്‍ സമ്മനാനിച്ചത്. 372 പന്തില്‍ നിന്നും 37 ബൗണ്ടറിയും ആറ് സിക്‌സറും അടക്കം പുറത്താകാതെ 302 റണ്‍സാണ് സ്റ്റബ്‌സ് സ്വന്തമാക്കിയത്.

 

സൗത്ത് ആഫ്രിക്കന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ചരിത്രത്തില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന 11ാം താരമെന്ന റെക്കോഡും ഇതോടെ സ്റ്റബ്‌സ് സ്വന്തമാക്കി.

എട്ട് മണിക്കൂറും 19 മിനിട്ടും ക്രീസില്‍ തുടര്‍ന്നാണ് സ്റ്റബ്‌സ് തന്റെ മാരത്തോണ്‍ ഇന്നിങ്‌സ് പൂര്‍ത്തിയാക്കിയത്.

താരത്തിന്റെ പ്രകടനം സൗത്ത് ആഫ്രിക്കന്‍ ആരാധകരെ മാത്രമല്ല ദല്‍ഹി ക്യാപ്പിറ്റല്‍സ് താരങ്ങളെയും ആവേശത്തിലാക്കുന്നുണ്ട്. ഐ.പി.എല്ലില്‍ റിഷബ് പന്തിന്റെ പടയാളികളില്‍ പ്രധാനിയാണ് സ്റ്റബ്‌സ്.

അതേസമയം, ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ടസ്‌കേഴ്‌സ് നിലവില്‍ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 167ന് നാല് എന്ന നിലയിലാണ് ബാറ്റിങ് തുടരുന്നത്. 91 പന്തില്‍ 52 റണ്‍സുമായി ക്യാപ്റ്റന്‍ മൈക്കല്‍ എര്‍ലാന്‍കും 13 പന്തില്‍ അഞ്ച് റണ്‍സുമായി മാല്‍കം നോഫലുമാണ് ക്രീസില്‍.

 

Content Highlight: Tristan Stubbs completes Triple Century in South Africa First Class Series