| Tuesday, 20th April 2021, 2:00 pm

പൂരനഗരിയിലെ 18 പേര്‍ക്ക് കൊവിഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: തൃശൂര്‍ പൂരം പ്രദര്‍ശന നഗരിയിലെ 18 പേര്‍ക്ക് കൊവിഡ്. വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കുമാണ് വൈറസ് ബാധ. 18 പേരേയും നിരീക്ഷണത്തിലാക്കി. ഇവരുടെ സമ്പര്‍ക്കപ്പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കുകയാണ്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതുജനത്തെ ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ ഇന്നലെ തീരുമാനമായിരുന്നു. ചീഫ് സെക്രട്ടറി വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് അന്തിമ തീരുമാനമെടുത്തത്.

സംഘാടകരുടെ എണ്ണം പരിമിതപ്പെടുത്തുമെന്നും കുടമാറ്റം കുറച്ചു സമയം മാത്രമായി ചുരുക്കുമെന്നും സാംപിള്‍ വെടിക്കെട്ടും ചമയപ്രദര്‍ശനവും ഒഴിവാക്കുമെന്നും യോഗത്തില്‍ തീരുമാനമായിരുന്നു.

പ്രധാന വെടിക്കെട്ട് നിയന്ത്രണങ്ങളോടെ നടത്തും. ഘടകപൂരങ്ങള്‍, മഠത്തില്‍ വരവ്, ഇലഞ്ഞിത്തറ മേളം എന്നിവ ഉണ്ടാകും. പൂരത്തിനു ഒരു ആനയെ മാത്രം എഴുന്നള്ളിക്കാന്‍ തിരുവമ്പാടി ദേവസ്വം തീരുമാനിച്ചിരുന്നു. പാറമേക്കാവ് വിഭാഗം 15 ആനകളേയും പങ്കെടുപ്പിക്കും.
പഞ്ചവാദ്യവും മേളവും ചടങ്ങായി മാത്രം നടത്താനുമാണ് തീരുമാനം.

തൃശൂര്‍ പൂരത്തിലെ ചെറുപൂരങ്ങള്‍ ചടങ്ങ് മാത്രമായി നടത്താനും തീരുമാനമായിട്ടുണ്ട്. ആന ചമയം ഉണ്ടാകില്ല. രാത്രിയിലും പകലും ഒരു ആനയെ മാത്രം എഴുന്നള്ളിക്കും. പൊതുജനങ്ങള്‍ക്ക് പങ്കാളിത്തമുണ്ടാകില്ല.

50-ല്‍ താഴെ മാത്രം ആളുകള്‍ മാത്രമാകും ചടങ്ങുകളില്‍ പങ്കെടുക്കുക. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടന്ന ഘടക പൂരങ്ങളുടെ യോഗത്തിലാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തത്.

എട്ട് ചെറുപൂരങ്ങളാണ് തൃശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്നത്. എല്ലാ കമ്മിറ്റികളും ഒരാനപ്പുറത്ത് ചടങ്ങ് നടത്താമെന്ന തീരുമാനത്തോട് യോജിച്ചു.

ഇതിനിടെ പൂരത്തിന് രാത്രി കര്‍ഫ്യൂവില്‍ ഇളവ് നല്‍കിയേക്കും. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും.

വെള്ളിയാഴ്ചയാണ് തൃശ്ശൂര്‍ പൂരം. വാദ്യക്കാര്‍, സംഘാടകര്‍, പാപ്പാന്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍, പൊലീസുകാര്‍ എന്നിവര്‍ക്ക് മാത്രമായിരിക്കും പൂരനഗരിയില്‍ പ്രവേശനം. ഇവര്‍ക്കെല്ലാം ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ടിവരും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: Trissur Pooranagari 18 test covid positive

Latest Stories

We use cookies to give you the best possible experience. Learn more