ഉത്സവ ദിവസം വീട്ടില്‍ മദ്യം വിളമ്പിയെന്ന് ആരോപിച്ച് തൃശൂരില്‍ ദളിത് കുടുംബത്തെ ബി.ജെ.പി ഊരുവിലക്കി; കുടുംബാഗങ്ങള്‍ക്ക് മര്‍ദ്ദനവും
Kerala
ഉത്സവ ദിവസം വീട്ടില്‍ മദ്യം വിളമ്പിയെന്ന് ആരോപിച്ച് തൃശൂരില്‍ ദളിത് കുടുംബത്തെ ബി.ജെ.പി ഊരുവിലക്കി; കുടുംബാഗങ്ങള്‍ക്ക് മര്‍ദ്ദനവും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st March 2017, 4:32 pm

 

തൃശൂര്‍: ചെമ്പൂത്ര ഭഗവതി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി വീട്ടില്‍ നടത്തിയ അത്താഴപ്പറയില്‍ മദ്യം വിളമ്പിയെന്നാരോപിച്ച് ദളിത് കുടുംബത്തെ ബി.ജെ.പി നേതാക്കള്‍ ഊരുവിലക്കി. പാണഞ്ചേരി താളിക്കോട് കടമ്പനാട്ട് രാജുവിനെയും കുടുംബത്തെയുമാണ് മദ്യം വിളമ്പിയെന്നാരോപിച്ച് ക്ഷേത്രത്തിന് കീഴിലെ കുടുംബങ്ങളില്‍ നിന്നും ഒറ്റപ്പെടുത്തിയത്.


Also read മോദിയെപ്പോലെ യോഗിയേയും നമുക്ക് നല്ലപോലെ എതിര്‍ത്തും കുറ്റപ്പെടുത്തിയും ഒരു ഫിഗറാക്കാം; പിന്നെ പ്രധാനമന്ത്രി കസേരയിലിരുത്താം: അഡ്വ. ജയശങ്കര്‍ 


കഴിഞ്ഞ ജനുവരി 15ന് ചെമ്പൂത്ര ഭഗവതി ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന അത്താഴപ്പറയെത്തുടര്‍ന്നാണ് കുടുംബത്തിനെതിരെ ബി.ജെ.പി നേതൃത്വം വിലക്ക് പുറപ്പെടുവിക്കുന്നത്. അത്താഴപ്പറയ്ക്ക് വീടുകളിലെത്തുന്ന വെളിച്ചപ്പാടിനും അകമ്പടിക്കാര്‍ക്കും ഭക്ഷണം നല്‍കുക പതിവാണ്. മുന്‍കാലങ്ങളില്‍ ഇങ്ങനെ ഭക്ഷണം നല്‍കുന്നവര്‍ ഇവര്‍ക്ക് മദ്യവും നല്‍കാറുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇത്തരത്തില്‍ മദ്യം നല്‍കരുതെന്ന് പൂരക്കമ്മിറ്റി നിര്‍ദേശം നല്‍കിയിരുന്നു. ഇത്തവണ വീട്ടിലെത്തിയ സംഘത്തിന് രാജു മദ്യം നല്‍കിയെന്നാരോപിച്ചാണ് ബി.ജെ.പി നേതാക്കളും പൂരക്കമ്മിറ്റിയും ചേര്‍ന്ന് കുടുംബത്തെ ഊരുവിലക്കിയിരിക്കുന്നത്.

ക്ഷേത്ര പരിധിയില്‍ വരുന്ന അയ്യായിരത്തോളം ഹിന്ദു കുടുംബങ്ങളില്‍ പെട്ടവര്‍ കുടുംബത്തോട് സംസാരിക്കാനും വീടുകളില്‍ നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കരുതെന്നുമാണ് കമ്മിറ്റിയുടെ നിര്‍ദേശം. വീട്ടുകാര്‍ തങ്ങളുടെ വീടുകളില്‍ നടക്കുന്ന പരിപാടികളിലേക്ക് ഇവരെ ക്ഷണിക്കാനും പാടില്ലെന്നും നിര്‍ദേശത്തിലുണ്ട്. ഇത് ലംഘിക്കുന്നവരെയും സമാന രീതിയില്‍ ഊരുവിലക്കുമെന്നാണ് ബി.ജെ.പി നേതാക്കള്‍ നേതൃത്വം നല്‍കുന്ന പൂരക്കമ്മിറ്റിയുടെ ഭീഷണി.

എല്ലാവര്‍ഷവും പൂരത്തിന്റെ ഭാഗമായ ഘോഷയാത്ര കടന്നു പോകുമ്പോള്‍ രാജുവിന്റെ വീടിനു മുന്നില്‍ കുടിവെള്ളവും ലഘുഭക്ഷണങ്ങളും നല്‍കാറുണ്ട്. ഇത്തവണയും കുടുംബം അത് ഒരുക്കിയിരുന്നെങ്കിലും ഘോഷയാത്ര വീടിന് മുന്നില്‍ നിര്‍ത്തരുതെന്നും ബി.ജെ.പി നേതൃത്വം നിര്‍ദേശം നല്‍കി. തീരുമാനത്തെ ചോദ്യം ചെയ്ത രാജുവിന്റെ മകനെയും രാജുവിനെയും സംഘം മര്‍ദിക്കുകയും ചെയ്തു.

മര്‍ദനത്തെതുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍കോളേജില്‍ ചികിത്സ തേടിയ രാജു പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും അന്വേഷണം നടന്നില്ലെന്ന ആരോപണവും ഉണ്ട്. പിന്നീട് രണ്ടു പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന 48 ദേശങ്ങളടങ്ങിയ ചെമ്പൂത്ര പൂരക്കമ്മിറ്റി കുടുംബത്തിന് അഞ്ചുവര്‍ഷത്തെ ഊരുവിലക്കും ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ഊരുവിലക്കെന്ന പേരില്‍ ബി.ജെ.പി നേതൃത്വം സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്തുമ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ് രാജുവും കുടുംബവും.