ആ കഥാപാത്രം ചെയ്യാന്‍ താല്‍പര്യമുണ്ടായിരുന്നു, ചോദിച്ചപ്പോള്‍ തന്നെ മണി സാര്‍ നോ പറഞ്ഞു: തൃഷ
Film News
ആ കഥാപാത്രം ചെയ്യാന്‍ താല്‍പര്യമുണ്ടായിരുന്നു, ചോദിച്ചപ്പോള്‍ തന്നെ മണി സാര്‍ നോ പറഞ്ഞു: തൃഷ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 30th April 2023, 11:29 am

മണിരത്‌നത്തിന്റെ സംവിധാനത്തിലൊരുങ്ങിയ പൊന്നിയിന്‍ സെല്‍വന് മികച്ച അഭിപ്രായങ്ങളുമായി തിയേറ്ററുകളില്‍ മുന്നേറുകയാണ്. വിക്രം, ഐശ്വര്യ റായ്, തൃഷ, കാര്‍ത്തി, ജയം രവി തുടങ്ങിയ പ്രധാന താരങ്ങളുടെയെല്ലാം പ്രകടനത്തിന് കയ്യടികള്‍ ഉയരുകയാണ്.

ഒന്നാം ഭാഗം വന്നപ്പോള്‍ കൂടുതല്‍ സ്‌കോര്‍ ചെയ്തത് തൃഷയും കാര്‍ത്തിയുമായിരുന്നെങ്കില്‍ രണ്ടാം ഭാഗത്തില്‍ അത് ഐശ്വര്യ റായിയും വിക്രവുമാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇമോഷണല്‍ രംഗങ്ങളിലും പ്രണയ രംഗങ്ങളിലും ഇരുവരും പ്രേക്ഷകരുടെ മനസ് നിറക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്.

തനിക്ക് നന്ദിനി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ താല്‍പര്യമുണ്ടായിരുന്നു എന്ന് പറയുകയാണ് തൃഷ. ആദ്യ ദിവസം മണിരത്‌നത്തിന്റെ ഓഫീസില്‍ പോയപ്പോള്‍ തന്നെ ഇക്കാര്യം പറഞ്ഞിരുന്നുവെന്നും എന്നാല്‍ അദ്ദേഹം അപ്പോള്‍ തന്നെ നോ പറഞ്ഞുവെന്നും തൃഷ പറഞ്ഞു. ന്യൂസ് 18 ചാനലിന് പൊന്നിയിന്‍ സെല്‍വന്‍ ടീം നല്‍കിയ അഭിമുഖത്തിലായിരുന്നു തൃഷയുടെ പരാമര്‍ശങ്ങള്‍.

‘പേഴ്‌സണലി എനിക്ക് നന്ദിനിയെ ഇഷ്ടമാണ്. ആ കഥാപാത്രം ചെയ്യാന്‍ ഇഷ്ടമായിരുന്നു. മണി സാറിന്റെ ഓഫീസില്‍ പോയ ആദ്യ ദിവസം തന്നെ ആ കഥാപാത്രം തരുമോയെന്ന് മണി സാറിനോട് ചോദിച്ചിരുന്നു. നോ എന്നാണ് അദ്ദേഹം അപ്പോള്‍ തന്നെ പറഞ്ഞത്. ആ വേഷത്തിന് വേണ്ടിയാണ് ആദ്യം സൈന്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു,’ തൃഷ പറഞ്ഞു.

പൊന്നിയിന്‍ സെല്‍വന്റെ ഭാഗമാകുന്നത് തന്നെ ഭാഗ്യമാണെന്നും അഭിമുഖങ്ങളില്‍ തങ്ങളുടെ കഥാപാത്രങ്ങളെ പറ്റി സംസാരിക്കുമ്പോള്‍ വ്യക്തിപരമായി അത് ഏറ്റവും പ്രിയ്യപ്പെട്ടതായി മാറുമെന്നും ഐശ്വര്യയും ഇതിനോട് കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ 28നാണ് പൊന്നിയിന്‍ സെല്‍വന്‍ റിലീസ് ചെയ്തത്. കല്‍ക്കിയുടെ ചരിത്രനോവല്‍ ആധാരമാക്കി ഒരുക്കിയ ചിത്രത്തിന് ബോക്‌സ് ഓഫീസിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇന്ത്യയില്‍നിന്ന് മാത്രം 32-35 കോടി വരുമാനം സ്വന്തമാക്കിയെന്നാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.

Content Highlight: Trisha says that she was interested in playing the role of Nandini in ps 2