ലോകേഷ് കനകരാജ് ഒരുക്കിയ വിജയ് ചിത്രം ‘ലിയോ’ ബോക്സ് ഓഫീസ് വേട്ട തുടർന്ന് കൊണ്ടിരിക്കുകയാണ്. ആരാധകർ ആകാംഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ലിയോ.
റിലീസിന് മുൻപ് തന്നെ ചിത്രത്തെ കുറിച്ച് പലതരത്തിലുള്ള ഊഹാപോഹങ്ങൾ ആരാധകർക്കിടയിൽ ഉണ്ടായിരുന്നു.
ചിത്രം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാവുമോ എന്നതായിരുന്നു പ്രധാന സംശയം. ചിത്രം റിലീസ് ആയതിനു പിന്നാലെ എൽ.സി.യുവിനെ കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും ചൂട് പിടിച്ചിരുന്നു.
ഇപ്പോഴിതാ എൽ.സി.യുവിലേക്ക് തന്നെ ക്ഷണിച്ചതിൽ ഒരുപാട് നന്ദിയുണ്ടെന്നാണ് നടി തൃഷ പറയുന്നത്. എൽ.സി.യു എന്നത് ലോകേഷിന്റെ മാത്രം മാജിക് ആണെന്നും ചിത്രത്തിലെ സത്യ എന്ന തന്റെ കഥാപാത്രത്തെ കൊല്ലാതെ വിട്ടതിൽ നന്ദിയുണ്ടെന്നും ചിത്രത്തിന്റെ സക്സസ് സെലിബ്രേഷനിൽ തൃഷ പറഞ്ഞു. ചിത്രത്തിൽ സത്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് തൃഷ ആയിരുന്നു.
‘ലിയോ ഇത്ര വലിയ വിജയമാവാൻ കാരണം പ്രേക്ഷകർ ഓരോരുത്തരുമാണ്. ലിയോയുടെ ഷൂട്ടിങ് ദിവസങ്ങൾ ഞാൻ എന്നും ഓർത്തിരിക്കും. ഒരു വെക്കേഷൻ പോലെ ആയിരുന്നു എനിക്ക് ലിയോ.
ഞാൻ ഒരുപാട് സക്സസ്ഫുളായിട്ടുള്ള സംവിധായകരോടൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. അവർക്ക് എല്ലാം അവരുടേതായ രീതികളുണ്ട്. എല്ലാവരും വ്യത്യസ്തരാണ്. ലോകേഷും അങ്ങനെയൊരു സംവിധായകനാണ്. ലോകേഷിന് ഒരു വ്യത്യസ്ത രീതിയുണ്ട്.
ലിയോയിലെ സത്യ എന്ന കഥാപാത്രം തന്നതിൽ എനിക്ക് ലോകേഷിനോട് നന്ദിയുണ്ട്. ലിയോയിൽ എന്നെ കൊല്ലാതെ വിട്ടതാണ് നല്ല കാര്യം. അതിനും എനിക്ക് ഒരുപാട് നന്ദിയുണ്ട് ലോകേഷ്.
ലോകേഷിന്റെ മാത്രം മാജിക്കായ എൽ.സി. യു വിലേക്ക് വിളിച്ചതിൽ, അതിന്റെ ഒരു ഭാഗമാവാൻ കഴിഞ്ഞതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. ലിയോ എനിക്കൊരു നല്ല അനുഭവമായിരുന്നു,’തൃഷ പറയുന്നു.
ലിയോ 500 കോടിയും കടന്ന് ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി കുതിക്കുകയാണ്. വിജയ്ക്കും തൃഷയ്ക്കും പുറമേ സഞ്ജയ് ദത്ത്, അർജുൻ സർജ, മഡോണ സെബാസ്റ്റ്യൻ, മാത്യു തോമസ് തുടങ്ങിയ വമ്പൻ താരനിര ചിത്രത്തിൽ അഭിനയിച്ചിരുന്നു.
Content Highlight: Trisha Says Thanks To Lokesh Kanakaraj