| Thursday, 29th September 2022, 5:57 pm

പ്രിന്‍സസിന്റെ വേഷം ഇതിന് മുമ്പ് ധരിച്ചിട്ടില്ല; 20 വര്‍ഷത്തെ കരിയറില്‍ പൊന്നിയിന്‍ സെല്‍വന്‍ പോലെയൊരു സിനിമ ചെയ്തിട്ടില്ല: തൃഷ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മണിരത്നം സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വന്‍ സെപ്റ്റംബര്‍ 30ന് തിയേറ്ററില്‍ എത്തുകയാണ്. വിക്രം, ജയം രവി, കാര്‍ത്തി, പ്രകാശ് രാജ്, റഹ്‌മാന്‍, ഐശ്വര്യ റായ്, തൃഷ, ഐശ്വര്യ ലക്ഷ്മി തുടങ്ങി വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

പൊന്നിയിന്‍ സെല്‍വനിലെ തന്റെ കഥാപാത്രം കരിയറിലെ തന്നെ പുതുമയും വ്യത്യസ്ഥതയുമുള്ള റോളാണെന്ന് പറയുകയാണ് തൃഷ. സ്ത്രീ കഥാപാത്രങ്ങള്‍ക്ക് വളരെയധികം പ്രാധാന്യമുള്ള സിനിമയാണ് പൊന്നിയിന്‍ സെല്‍വനെന്നും അവര്‍ പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു തൃഷയുടെ പ്രതികരണം.

‘ഈ സിനിമ എനിക്ക് ട്രിപ്പിള്‍ ബോണസാണ്. ഇതുവരെ ചെയ്യാത്ത പുതിയ കഥാപാത്രങ്ങള്‍ വരുമ്പോള്‍ ഒരു ചലഞ്ചായിട്ടാണ് എനിക്ക് തോന്നാറുള്ളത്. നമ്മുടെ ഇന്‍ഡസ്ട്രി അപ്‌ഡേറ്റഡ് ആയതുകൊണ്ടുതന്നെ എപ്പോഴും ഒരു പുതിയ ഫീല്‍ ഉണ്ടാകാറുണ്ട്. ഓരോ സിനിമ ചെയ്യുമ്പോഴും ഒരു പുതുമുഖത്തെ പോലെയാണ് ഞാന്‍ സമീപിക്കാറുള്ളത്.

പൊന്നിയിന്‍ സെല്‍വന്‍ ചെയ്യുമ്പോഴും ഒരു പുതുമുഖത്തെ പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്റെ 20 വര്‍ഷത്തെ കരിയറില്‍ പൊന്നിയിന്‍ സെല്‍വന്‍ പോലെത്തെ ഒരു സിനിമ മുമ്പ് ഞാന്‍ ചെയ്തിട്ടില്ല.
അതുകൊണ്ട് തന്നെ ഇത് എന്നെ സംബന്ധിച്ച് ഫ്രഷാണ്.

ഒരു രജ്ഞിയുടെ ഡ്രസ് ഇതിന് മുമ്പ് ഞാന്‍ ഉപയോഗിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഈ സിനിമയില്‍ വന്നത് ഒരു അനുഗ്രഹമായി ഞാന്‍ കരുതുന്നു,’ തൃഷ പറഞ്ഞു.

തൃഷ ചെയ്ത കഥാപാത്രങ്ങളാണോ തൃഷയെന്ന വ്യക്തിയാണോ ആളുകളെ സ്വാധീനിച്ചത് എന്ന അവതാരകന്റെ ചോദ്യത്തിന്, അതിന് ഞാനല്ല നിങ്ങളും പ്രേക്ഷകരുമാണ് മറുപടി പറയേണ്ടതെന്നായിരുന്നു തൃഷയുടെ ഉത്തരം.

‘ഞാന്‍ ചെയ്ത കഥാപാത്രങ്ങള്‍ ആളുകള്‍ക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടാകാം. അത് ആളുകളെ സ്വാധിനിച്ചിട്ടുണ്ടെന്നാക്കെ കേള്‍ക്കുന്നത് എനിക്കിഷ്ടമാണ്,’ തൃഷ പറഞ്ഞു.

സംവിധായന്‍ മണിരത്‌നം, വിക്രം, ജയം രവി, ഐശ്വര്യ ലക്ഷമി, കാര്‍ത്തി, ബാബു ആന്റണി തുടങ്ങിയവരും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു.

യഥാര്‍ത്ഥ കഥയുമായ പൊന്നിയിന്‍ സെല്‍വന് എത്രത്തോളം ബന്ധമുണ്ടെന്ന അവതാരകന്റെ ചോദ്യത്തിന് ‘വെരി ക്ലോസ്’ എന്ന ഒറ്റ വാക്കിലുള്ള മറുപടിയാണ് മണിരത്‌നം നല്‍കിയത്.

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന നോവലിനെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പത്താം നൂറ്റാണ്ടില്‍, ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടര്‍പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

CONTENT HIGHLIGHT: Trisha says Ponniyin Selvan has never done a film like this in his 20-year career

We use cookies to give you the best possible experience. Learn more