Sports News
ക്രിക്കറ്റ് ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ എഴുതിവെക്കപ്പെടാന്‍ പോകുന്ന സെഞ്ച്വറി; പുതിയ ഇന്ത്യ തിളങ്ങുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 28, 10:20 am
Tuesday, 28th January 2025, 3:50 pm

ഐ.സി.സി വുമണ്‍സ് അണ്ടര്‍ 19 ടി-20 ലോകകപ്പിന്റെ സൂപ്പര്‍ സിക്‌സ് മത്സരത്തില്‍ സ്‌കോട്‌ലാന്‍ഡിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ. ബയൂമെസ് ഓവലില്‍ നടന്ന മത്സരത്തില്‍ 150 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ഈ വിജയത്തിന് പിന്നാലെ സൂപ്പര്‍ സിക്‌സ് ഗ്രൂപ്പ് വണ്ണില്‍ ഒന്നാം സ്ഥാനത്തോടെ സെമി ഫൈനലിന് യോഗ്യത നേടാനും ഇന്ത്യയ്ക്കായി.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്‌കോട്ടിഷ് കൗമാരങ്ങള്‍ക്ക് 58 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ഓപ്പണര്‍മാരായ ജി. കമാലിനിയുടെയും തൃഷ ഗോംഗാഡിയുടെയും കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 147 റണ്‍സാണ് സ്വന്തമാക്കിയത്. 42 പന്തില്‍ 51 റണ്‍സ് നേടി നില്‍ക്കവെ കമാലിനിയെ മെയ്‌സി മസെയ്‌റ പുറത്താക്കി. വണ്‍ ഡൗണായി സനിക ചാല്‍കെ ക്രീസിലെത്തി. തൃഷ ഗോംഗാഡിക്കൊപ്പം ചേര്‍ന്ന് സനിക വീണ്ടും സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി.

ഇതിനിടെ തൃഷ തന്റെ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു. ഇതോടെ ഐ.സി.സി വുമണ്‍സ് അണ്ടര്‍ 19 ടി-20 ലോകകപ്പിന്റെ ചരിത്രത്തിലെ ആദ്യ സെഞ്ച്വറിയെന്ന നേട്ടത്തോടെ റെക്കോഡ് പുസ്തകത്തില്‍ ഇടം നേടാനും തൃഷ ഗോംഗാഡിക്ക് സാധിച്ചു.

59 പന്തില്‍ പുറത്താകാതെ 110 റണ്‍സാണ് താരം സ്വന്തമാക്കിയത്. നാല് സിക്‌സറും 13 ഫോറുമടക്കം 186.44 സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സിലെത്തി. 20 പന്തില്‍ 29 റണ്‍സുമായി ചാല്‍കെ തൃഷ ഗോംഗാഡിക്ക് കൂട്ടായി ക്രീസില്‍ തുടര്‍ന്നു.

209റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റെടുത്ത സ്‌കോട്‌ലാന്‍ഡിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞിട്ടു. മൂന്ന് ഓവറില്‍ എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആയുഷി ശുക്ല നാല് വിക്കറ്റ് നേടിയപ്പോള്‍ മൂന്ന് വിക്കറ്റുമായി വൈഷ്ണവി ശര്‍മയും തിളങ്ങി.

ബാറ്റിങ്ങിലെന്ന പോലെ ബൗളിങ്ങിലും തൃഷ ഗോംഗാഡി തിളങ്ങി. രണ്ട് ഓവറില്‍ ആറ് റണ്‍സ് മാത്രം വിട്ടുകൊടുത്ത താരം മൂന്ന് വിക്കറ്റും സ്വന്തമാക്കി.

തൃഷ തന്നെയാണ് കളിയിലെ താരവും.

ജനുവരി 31നാണ് ഇന്ത്യ സെമി ഫൈനലിനിറങ്ങുന്നത്. സൂപ്പര്‍ സിക്‌സ് ഗ്രൂപ്പ് 2ലെ രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടാണ് എതിരാളികള്‍.

അതേ ദിവസം തന്നെ രണ്ടാം സെമി ഫൈനലിനും കളമൊരുങ്ങും. ഗ്രൂപ്പ് 1ലെ രണ്ടാം സ്ഥാനക്കാരായ ഓസ്‌ട്രേലിയയും ഗ്രൂപ്പ് 2ലെ ഒന്നാം സ്ഥാനക്കാരായ സൗത്ത് ആഫ്രിക്കയുമാണ് രണ്ടാം സെമിയില്‍ കൊമ്പുകോര്‍ക്കുക.

ഫെബ്രുവരി രണ്ടിനാണ് ഫൈനല്‍.

 

Content Highlight: Trisha Gongadi becomes the first player to score a century in ICC Women’s T20 World Cup