മണി രത്നത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. പ്രശസ്ത സാഹിത്യകാരന്‍ കല്‍ക്കിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ വിക്രം, ഐശ്വര്യ റായ്, കാര്‍ത്തി, ജയം രവി, പ്രഭു, ശരത് കുമാര്‍, പ്രകാശ് രാജ്, തൃഷ, വിക്രം പ്രഭു തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.
സാമി, ഭീമ, സാമി 2 തുടങ്ങിയ സിനിമകളില്‍ വിക്രമിന്റെ നായികയായി അഭിനയിച്ച നടിയാണ് തൃഷ. പൊന്നിയിന്‍ സെല്‍വനില്‍ വിക്രമിന്റെ അനിയത്തിയായാണ് തൃഷ വേഷമിടുന്നത്. തമിഴ് സിനിമകളില്‍ പെയറായി അഭിനയിച്ച വിക്രമിന്റെ അനിയത്തിയായി സിനിമയില്‍ എത്തുന്നതിനെക്കുറിച്ച് തൃഷയോട് ചോദിച്ചിരുന്നു. തിരുവനന്തപുരത്ത് വെച്ച് നടന്ന പ്രൊമോഷന്‍ പ്രസ് മീറ്റിനിടെയായിരുന്നു ഈ ചോദ്യം.
അതുകൊണ്ടാണ് സിനിമയെ അഭിനയം എന്ന് വിളിക്കുന്നതെന്നാണ് തൃഷ പറഞ്ഞത്. ഒരുപാട് വായിച്ചതിന് ശേഷമാണ് കഥാപാത്രത്തിലേക്ക് താന്‍ എത്തിച്ചേര്‍ന്നതെന്നും തൃഷ കൂട്ടിച്ചേര്‍ത്തു.
”അതുകൊണ്ടാണ് ഇതിനെ അഭിനയം എന്ന് വിളിക്കുന്നത്. ഞങ്ങളെ സംബന്ധിച്ച് ഏട്ടനും അനിയത്തിയുമായി അഭിനയിക്കുന്നത് കോമഡിയായിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ നായികയായിട്ടാണ് സിനിമയില്‍ കൂടുതല്‍ അഭിനയിച്ചിട്ടുള്ളത്.
ഞങ്ങള്‍ക്ക് കഥാപാത്രത്തെ കിട്ടി, ഒരുപാട് വായിച്ചതിന് ശേഷമാണ് കഥാപാത്രത്തിലേക്ക് പൂര്‍ണമായി എത്തുന്നത്. അങ്ങനെ അദ്ദേഹത്തിന്റെ അനിയത്തിയായി റിലേറ്റ് ചെയ്യാന്‍ പറ്റി. അതാണ് സിനിമയിലെയും പൊന്നിയിന്‍ സെല്‍വനിലേയും സന്തോഷം, ” തൃഷ പറഞ്ഞു.
സെപ്റ്റംബര്‍ 30നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. കേരളത്തില്‍ വിതരണം ചെയ്യുന്നത് ശ്രീ ഗോകുലം മൂവീസാണ്. മലയാളത്തില്‍ നിന്ന് ജയറാം, ഐശ്വര്യ ലക്ഷ്മി, ലാല്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. എ. ആര്‍. റഹ്മാന്‍ സംഗീതം നല്‍കിയ ഗാനങ്ങളെല്ലാം ഇതിനോടകം തന്നെ ഹിറ്റായിട്ടുണ്ട്.
ചോള രാജവംശത്തിലെ പ്രധാന ഭരണാധികാരിയായിരുന്നു അരുള്‍മൊഴി വര്‍മന്‍ എന്ന രാജരാജ ചോളന്‍. പൊന്നിയിന്‍ സെല്‍വന്‍ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. 2019ലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.
Content Highlight: Trisha about playing as sister to Vikram’s character in Ponniyin Selvan – 1