|

'മലയാളി എന്ന നിലയിലാണ് ജെസിയെ പ്രേക്ഷകര്‍ സ്വീകരിച്ചത്, ജാനു അങ്ങനെയല്ല,'; ഇഷ്ടകഥാപാത്രമേത്? മറുപടിയുമായി തൃഷ

എന്‍ ആര്‍ ഐ ഡെസ്ക്

ഒട്ടേറെ മനോഹരമായ കഥാപാത്രങ്ങളെ പ്രേക്ഷകലോകത്തിനു സമ്മാനിച്ച താരമാണ് തൃഷ കൃഷ്ണന്‍. പൊന്നിയിന്‍ സെല്‍വനിലെ കുന്ദവയി രാജകുമാരിയായാണ് തൃഷ ഒടുവില്‍ പ്രേക്ഷകമനം കവര്‍ന്നത്. തൃഷ ചെയ്തതില്‍ ഏറ്റവും ശ്രദ്ധ നേടിയ കഥാപാത്രങ്ങളാണ് വിണ്ണൈ താണ്ടി വരുവായയിലെ ജെസിയും 96ലെ ജാനുവും. ഇരുകഥാപാത്രങ്ങളിലും ഏതാണ് കൂടുതല്‍ ഇഷ്ടം എന്ന ചോദ്യത്തിന് ഉത്തരം പറയകയാണ് തൃഷ. ബിഹൈന്‍ഡ്വുഡ്‌സ് ഐസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇത് പറഞ്ഞത്.

‘ഞാന്‍ കൂടുതലും ജെസിയെ പോലെയാണെന്ന് തോന്നിയിട്ടുണ്ട്. ജെസിക്ക് ചിലസമയത്ത് അവിടെയും ഇവിടെയും ചെറിയ കണ്‍ഫ്യൂഷനുണ്ട്. വ്യക്തി എന്ന നിലയില്‍ എനിക്കും അങ്ങനെ ഉണ്ടാവാറുണ്ട്. പക്ഷെ ജാനു ഒരു കഥാപാത്രം എന്ന രീതിയില്‍ വളരെ ഫുള്‍ഫില്ലിങ് ആണ്. ഒരു അഭിനേത്രി എന്ന രീതിയില്‍ എനിക്ക് ഒരിക്കലും ഇതാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം എന്ന് പറയാനാകില്ല.

തുറന്നു പറയുകയാണെങ്കില്‍, ഒരു സിനിമ ഹിറ്റായാല്‍ നിങ്ങള്‍ക്ക് ഒരിക്കലും അത് നിങ്ങളുടെ ഫേവറേറ്റ് അല്ലെന്ന് പറയാനാകില്ല. കാരണം ആ സിനിമക്ക് വേണ്ടിയാണ് നമ്മള്‍ ഹാര്‍ഡ്‌വര്‍ക്ക് ചെയ്യുന്നത്, കഥാപാത്രത്തിന്റെ ലുക്ക് വൈറാലാവണം, ആ ലുക്ക് എല്ലാവര്ക്കും റിലേറ്റ് ചെയ്യാന്‍ പറ്റണം. ഒരുതവണ അതായതിന് ശേഷം, മറ്റേ സിനിമയാണ് ഇതിനേക്കാള്‍ കൂടുതല്‍ നല്ലത് എന്ന് പറയാന്‍ ഭയങ്കര ബുദ്ധിമുട്ടാണ്. എല്ലാ സിനിമകളും എനിക്ക് ഒരു പോലെയാണ്, എനിക്ക് എന്റെ എല്ലാ കഥാപാത്രങ്ങളും കുഞ്ഞുങ്ങളെപോലെയാണ്, അതെല്ലാം വ്യത്യസ്ത കഥാപാത്രങ്ങളുമാണ്.

പ്രത്യേകിച്ച് എന്റെ വേരുകള്‍ കേരളത്തില്‍ നിന്നല്ലേ, ജെസി ഒരു മലയാളി കഥാപാത്രമാണല്ലോ. ചില സമയത്ത് അതൊരു മലയാളം സിനിമ ആണെന്ന് വരെ എനിക്ക് തോന്നിപ്പോയിട്ടുണ്ട്. അങ്ങനെയാണ് ആളുകള്‍ ജെസി എന്ന കഥാപാത്രവുമായി കണക്ട് ആവുന്നത്,’ തൃഷ പറഞ്ഞു.

രാംഗിയാണ് ഉടന്‍ റിലീസിന് ഒരുങ്ങിന്ന തൃഷയുടെ ചിത്രം. ഡിസംബര്‍ 30ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തില്‍ താരം ന്യൂസ് റിപ്പോര്‍ട്ടറായിട്ടാണ് അഭിനയിക്കുന്നത്. എം. ശരവണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എ.ആര്‍. മുരുഗദോസിന്റെ കഥയ്ക്ക് ശരവണന്‍ തന്നെയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ശക്തിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന രാംഗിയെന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് സി. സത്യയാണ്.

Content Highlight: trisha about her characters in vinnai thandi varuvaya and 96