ത്രിപുരയില്‍ ബി.ജെ.പിയും ഘടകകക്ഷിയും തമ്മില്‍ സംഘര്‍ഷം; വിവിധയിടങ്ങളില്‍ അക്രമം, പിന്നില്‍ സി.പി.ഐ.എമ്മെന്ന് ബി.ജെ.പി
Tripura
ത്രിപുരയില്‍ ബി.ജെ.പിയും ഘടകകക്ഷിയും തമ്മില്‍ സംഘര്‍ഷം; വിവിധയിടങ്ങളില്‍ അക്രമം, പിന്നില്‍ സി.പി.ഐ.എമ്മെന്ന് ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th June 2019, 10:44 pm

ത്രിപുരയുടെ വിവിധ ഭാഗങ്ങളില്‍ ഭരണകക്ഷിയായ ബി.ജെ.പിയുടെ പ്രവര്‍ത്തകരും സഖ്യകക്ഷിയായ ഐ.പി.എഫ്.ടിയുടെ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നു. വിവിധ പ്രദേശങ്ങളില്‍ നടന്ന അക്രമസംഭവങ്ങളില്‍ ഇരുപാര്‍ട്ടികളുടേയും നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും സംസ്ഥാനത്തെ രണ്ട് സീറ്റുകളിലും വെവ്വേറെയാണ് മത്സരിച്ചത്. രണ്ട് സീറ്റുകളിലും ബി.ജെ.പിയാണ് വിജയിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അധികാരത്തിലെത്തി രണ്ട് മാസം തികയും മുമ്പേ ഇരുപാര്‍ട്ടികളും തമ്മില്‍ അഭിപ്രായവ്യത്യാസം ഉടലെടുത്തിരുന്നു. ബന്ധത്തെ അകറ്റുന്ന തരത്തിലുള്ള പല സംഭവങ്ങളും ഇതിനിടയില്‍ സംഭവിച്ചിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സഖ്യം സാധ്യമാവാതിരുന്നതും അത് കൊണ്ട് തന്നെയാണ്.

ഇപ്പോഴത്തെ അക്രമസംഭവങ്ങള്‍ ആരംഭിക്കാനുള്ള കാരണം, ബി.ജെ.പി എംപി രേബതി ത്രിപുരയുടെ ബന്ധുവിന്റെ വാഹനം ഒരു കൂട്ടം ആളുകളെ ഇടിച്ചതായിരുന്നു. വീട് തകര്‍ത്തെന്ന് ആരോപിച്ച് ഐ.പി.എഫ്.ടി പ്രവര്‍ത്തകര്‍ക്കെതിരെ എം.പി പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ തങ്ങളുടെ നേതാക്കളെയും പ്രവര്‍ത്തകരെയും ബി.ജെ.പി പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് ഐ.പി.എഫ്.ടി ആരോപിച്ചു. ബി.ജെ.പി ഇനിയും ആക്രമണം നിര്‍ത്തിയില്ലെങ്കില്‍ ഞങ്ങള്‍ വേറെ വഴി നോക്കുമെന്ന് ഐ.പി.എഫ്.ടി അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി മംഗള്‍ ദേബര്‍മ്മ പറഞ്ഞു.

ഐ.പി.എഫ്.ടി പ്രവര്‍ത്തകരെന്ന വ്യാജേന സി.പി .ഐ.എം ആണ് ബി.ജെ.പി പ്രവര്‍ത്തകരെ ആക്രമിക്കുന്നതെന്ന് ബി.ജെ.പി ആരോപിക്കുന്നു. ഇത് ഐ.പി.എഫ്.ടി നേതൃത്വം മനസ്സിലാക്കണമെന്നും ബി.ജെ.പി നേതാക്കള്‍ പറയുന്നു. എന്നാല്‍ ഈ ആരോപണത്തെ സി.പി.ഐ.എം തള്ളി. ബി.ജെ.പിയും അവരുടെ സഖ്യകക്ഷിയായ ഐ.പി.എഫ്.ടിയും തമ്മിലാണ് പ്രശ്‌നം. സി.പി.ഐ.എമ്മിന് ഇതില്‍ യാതൊരു പങ്കുമില്ല. എന്നാല്‍ മെയ് 23ന് ശേഷം ഞങ്ങളുടെ പ്രവര്‍ത്തകരുടെ വീടുകളും പാര്‍ട്ടി ഓഫീസുകളും തകര്‍ത്തെ മുതിര്‍ന്ന സി.പി.ഐ.എം നേതാവ് പബിത്ര കാര്‍ പറഞ്ഞു.