| Tuesday, 23rd November 2021, 8:32 am

ത്രിപുര സംഘര്‍ഷം; തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഹരജിയില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ത്രിപുര സംഘര്‍ഷവുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ ഹരജിയില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും. ത്രിപുരയിലെ സ്ഥിതി ദിവസങ്ങള്‍ കഴിയും തോറും വഷളാവുകയാണ് എന്നാണ് ഹരജിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നത്. തിങ്കളാഴ്ചയാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഹരജി നല്‍കിയത്.

മറ്റ് പാര്‍ട്ടികള്‍ ത്രിപുരയില്‍ ചുവടുറപ്പിക്കാന്‍ പരിശ്രമിച്ചു കൊണ്ടിരിക്കുമ്പോള്‍ ബി.ജെ.പിയും തൃണമൂലും തമ്മില്‍ കടുത്ത മത്സരത്തിലാണ്. നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ദല്‍ഹിയിലെത്തിയ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സംസ്ഥാനത്തെ സാഹചര്യം ക്രൂരമാണ് എന്നാണ് വിശേഷിപ്പിച്ചത്. രാജ്യത്തെ മനുഷ്യാവകാശ കമ്മീഷന്‍ ഈ ക്രൂരതക്കെതിരെ ഒരു നടപടിയും സ്വീകരിക്കാത്തതില്‍ അവര്‍ അത്ഭുതം രേഖപ്പെടുത്തി.

‘ത്രിപുരയില്‍ ജനാധിപത്യമില്ല. നിരവധി കൊലപാതകങ്ങളാണ് നടന്നത്. ഗുണ്ടകള്‍ ആയുധങ്ങളുമായി പൊലീസ് സ്റ്റേഷനില്‍ കയറുകയാണ്. ത്രിപുരയില്‍ നിന്നും ഗുരുതര പരിക്കേറ്റ് ബംഗാളിലെ എസ്.എസ്.കെ.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ കണക്ക് പോലും എനിക്ക് ഓര്‍മ വരുന്നില്ല,’ മമത പറഞ്ഞു.

സുപ്രീം കോടതിയിലെ തെരഞ്ഞെടുപ്പ് നിര്‍ദേശങ്ങളെ ചൂണ്ടിക്കാണിച്ചു കൊണ്ട് ബിപ്ലവ് ദേവിന്റെ സര്‍ക്കാര്‍ നിയമലംഘനം നടത്തുകയാണെന്നും മമത പറഞ്ഞു.

‘സുപ്രീം കോടതി നിര്‍ദേശത്തെ മറികടന്നു കൊണ്ട് ഒരു പാര്‍ട്ടികളേയും റാലി നടത്താനും മീറ്റിങ്ങുകള്‍ വിളിച്ച് ചേര്‍ക്കുവാനും അനുവദിക്കുന്നില്ല. അവര്‍ തെരഞ്ഞെടുപ്പ് പ്രക്രിയയെ പരിഹസിക്കുകയാണ്. പാര്‍ട്ടികളെ പ്രവര്‍ത്തനങ്ങളില്‍ നിന്നും തടയുകയാണെങ്കില്‍ ജനാധിപത്യത്തിന്റെ ഭാവി എന്തായി തീരും,’ മമത ചോദിച്ചു. പ്രധാനമന്ത്രിയെ കണ്ട് ത്രിപുരയിലെ സ്ഥിതിഗതികള്‍ ഉന്നയിക്കുമെന്നും മമത പറഞ്ഞു. മമതയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനമാണ് ബി.ജെ.പിയില്‍ നിന്നും ഉയരുന്നത്.

‘മര്യാദയെപ്പറ്റിയും അക്രമത്തെപ്പറ്റിയും സംസാരിക്കുന്ന അവസാന വ്യക്തികള്‍ തൃണമൂല്‍ കോണ്‍ഗ്രസുകാരായിരിക്കും. ബംഗാളില്‍ ഓരോ ദിവസവും ബി.ജെ.പി പ്രവര്‍ത്തര്‍ കൊല ചെയ്യപ്പെടുകയോ ഭവനരഹിതരാവുകയോ ചെയ്യുന്നുണ്ട്,’ ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു. ‘ത്രിപുരയില്‍ മമത നാടകം കളിക്കുകയാണ്. ഞങ്ങളുടെ ദേശീയ അധ്യക്ഷന്‍ ബംഗാളിലെത്തിയപ്പോള്‍ അവര്‍ ചെയ്തതെന്താണെന്ന് ഞങ്ങള്‍ മറക്കില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ത്രിപുരയില്‍ നടക്കുന്ന സംഘര്‍ഷങ്ങളെ പറ്റി സംസാരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാര്‍ കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: tripura-violence-supreme-court-to-hear-trinamool-congress-plea-today

We use cookies to give you the best possible experience. Learn more