| Sunday, 14th November 2021, 6:37 pm

ത്രിപുരയില്‍ ഒരു സംഘര്‍ഷവുമില്ലെന്ന അവകാശവാദവുമായി സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ത്രിപുരയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ വ്യാജവും വസ്തുതാവിരുദ്ധവുമാണെന്ന അവകാശവാദവുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം.

സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചരണം പോലെ ഇതുമായി ബന്ധപ്പെട്ട് ആര്‍ക്കും ഒരു തരത്തിലുള്ള പരിക്കോ, ബലാത്സംഗമോ, മരണമോ സംഭവിച്ചിട്ടില്ലെന്നും ആഭ്യന്തര മന്ത്രാലയം അവകാശപ്പെട്ടു.

അടുത്ത കാലത്തൊന്നും ത്രിപുരയിലെ ഏതെങ്കിലും കെട്ടിടങ്ങള്‍ക്കെതിരെയോ മുസ്‌ലിം പള്ളികള്‍ക്കെതിരെയോ യാതൊരു വിധത്തിലുള്ള ആക്രമണവും ഉണ്ടായിട്ടില്ലെന്നും ഇത്തരം വ്യാജവാര്‍ത്തകള്‍ക്ക് വശംവദരാകാതെ ജനങ്ങള്‍ സംയമനം പാലിക്കണമെന്നും ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ ദീര്‍ഘമായ കുറിപ്പില്‍ പറയുന്നു.

”ത്രിപുരയിലെ ഗോമതി ജില്ലയിലെ കക്രാബന്നില്‍ മുസ്‌ലിം പള്ളികള്‍ക്കെതിരെ ആക്രമണമുണ്ടായെന്നും കേടുപാടുകള്‍ സംഭവിച്ചെന്നും ചില വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. ഈ വാര്‍ത്തകള്‍ വസ്തുതാവിരുദ്ധവും വ്യാജവുമാണ്” കേന്ദ്ര ആഭ്യന്തരമന്ത്രാലയം അവകാശപ്പെട്ടു.

ആഭ്യന്തരമന്ത്രാലയത്തിന്റെ കുറിപ്പ് പ്രകാരം ദര്‍ഗാബസാറിലെ കക്രാബന്നില്‍ സ്ഥിതി ചെയ്യുന്ന പള്ളിക്ക് ഒരു കേടുപാടും സംഭവിച്ചിട്ടില്ലെന്നും സ്ഥലത്തെ സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതിനായി പൊലീസ് പരിശ്രമിക്കുകയാണെന്നും പറയുന്നു.

അക്രമവും അനിഷ്ട സംഭവങ്ങളുമുണ്ടെന്ന് വാര്‍ത്ത കൊടുക്കുന്നവര്‍ ത്രിപുരയുടെ സമാധാനം തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും ആഭ്യന്തമന്ത്രാലയം കുറ്റപ്പെടുത്തി.

ത്രിപുരയിലെ മുസ്‌ലിം പള്ളിക്കെതിരെയുള്ള ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് മുസ്‌ലിം സംഘടനകള്‍ മഹാരാഷ്ട്രയില്‍ നടത്തിയ റാലിയും സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. അമരാവതിയില്‍ 8000 ജനങ്ങളാണ് ത്രിപുരയിലെ അക്രമണങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടറുടെ ഓഫീസിന് മുന്നില്‍ തടിച്ചു കൂടിയത്.

അമരാവതി, നാന്‍ഡെഡ്, മാലേഗാവ്, വാഷിം, യാവാത്മല്‍ എന്നിവടങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ 20 പേരെ അറസ്റ്റ് ചെയ്തിരുന്നു.

മാധ്യമവാര്‍ത്തകള്‍ക്കെതിരെ രംഗത്ത് വന്ന ത്രിപുര ഉപമുഖ്യമന്ത്രി ജിഷ്ണു ദേവ് വര്‍മ സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഇതിന്റെ പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും ആരോപിച്ചു.

മറ്റ് രാജ്യങ്ങളില്‍ നടന്ന ആക്രമണങ്ങളുടെ വ്യാജചിത്രങ്ങളാണ് ത്രിപുരയിലേത് എന്ന തരത്തില്‍ പരക്കുന്നതെന്നും ദേവ് വര്‍മ പറഞ്ഞു.

നേരത്തെ മതത്തിന്റെ പേരില്‍ വ്യത്യസ്ത ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നു എന്നാരോപിച്ച് വി.എച്ച്.പി നല്‍കിയ പരാതിയില്‍ രണ്ട് വനിതാ മാധ്യമപ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ത്രിപുരയില്‍ നടക്കുന്ന അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന സമൃദി സകുനിയയ്ക്കും സ്വര്‍ണ ജായ്ക്കുമെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വി.എച്ച്.പി നേതാവ് കാഞ്ചന്‍ ദാസ് നല്‍കിയ പരാതി പ്രകാരം രണ്ട് ജേര്‍ണലിസ്റ്റുകള്‍ മുസ്‌ലിം വിഭാഗക്കാരെ സന്ദര്‍ശിക്കുകയും സംസ്ഥാന സര്‍ക്കാരിനെതിരെയും ഹിന്ദുക്കള്‍ക്കെതിരെയും സംസാരിക്കുകയും ചെയ്‌തെന്ന് ആരോപിക്കുന്നു.

സെക്ഷന്‍ 153-എ പ്രകാരം മതത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നു, ഐ.പി.സി സെക്ഷന്‍ 120 (ബി) പ്രകാരം ക്രിമിനല്‍ ഗൂഢാലോചനയുടെ ഭാഗമാണ് എന്നീ കുറ്റങ്ങളാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ശനിയാഴ്ച രാത്രി പൊലീസുകാര്‍ തങ്ങള്‍ താമസിച്ചിരുന്ന ഹോട്ടലിലേക്ക് വരികയും ഞായാറാഴ്ച എഫ്.ഐ.ആറിന്റെ കോപ്പി കൈമാറുകയുമാണുണ്ടായതെന്ന് ജേര്‍ണലിസ്റ്റുകള്‍ ട്വീറ്റ് ചെയ്തു.

‘ ഞങ്ങള്‍ക്ക് അഗര്‍ത്തലയിലേക്ക് പോകേണ്ടിയിരുന്നു. എന്നാല്‍ അവരതിന് അനുവദിച്ചില്ല. മാത്രമല്ല 16-17 പൊലീസുകാരെ ഹോട്ടലിന് ചുറ്റും നിര്‍ത്തുകയും ചെയ്തു,’ സമൃദി ട്വീറ്റ് ചെയ്തു.

ത്രിപുരയില്‍ കുറച്ചു നാളുകളായി വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായികൊണ്ടിരിക്കുകയാണ്. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ ആക്രമണം നടത്തുന്നെന്ന് ആരോപിച്ച് വടക്കന്‍ ത്രിപുരയില്‍ വിശ്വഹിന്ദു പരിഷത്ത് നടത്തിയ റാലിയില്‍ പള്ളികള്‍ തകര്‍ക്കുകയും കടകള്‍ കത്തിക്കുകയും ചെയ്തിരുന്നു ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷം ഉണ്ടാകുന്നത്.

മുസ്‌ലിങ്ങള്‍ക്കെതിരെ ത്രിപുരയില്‍ നടന്ന ആക്രമണത്തില് പൊലീസ് നിഷ്‌ക്രിയമായാണ് പ്രവര്‍ത്തിച്ചതെന്ന് ആരോപിച്ച രണ്ട് അഭിഭാഷകര്‍ക്കെതിരെയും നേരത്തെ പൊലീസ് യു.എ.പി.എ ചുമത്തിയിരുന്നു.

സംഭവത്തില്‍ വസ്തുതാന്വേഷണം നടത്തിയ അഭിഭാഷകര്‍ക്കെതിരെയാണ് യു.എ.പി.എ പ്രകാരം കേസെടുത്തത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Tripura Violence Govt says no Clash

We use cookies to give you the best possible experience. Learn more