അഗര്‍ത്തല: പാര്‍ട്ടി എം.എല്‍.എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ബംഗാളിന് പിന്നാലെ ആശങ്കയിലായി ത്രിപുരയിലെ ബി.ജെ.പി. നേതൃത്വവും. എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ടുപോകുന്നത് തടയാനും ഇതു സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുമായി സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ വ്യാഴാഴ്ച യോഗം ചേരും.
.ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്, ത്രിപുരയുടെ മേല്‍നോട്ടം വഹിക്കുന്ന ഫനീന്ദ്ര നാഥ് ശര്‍മ തുടങ്ങിയവര്‍ സംസ്ഥാനത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇവരുടെ നേതൃത്വത്തില്‍ പ്രാദേശിക നേതാക്കളുമായി ചര്‍ച്ചകള്‍ നടക്കും.
ബി.ജെ.പി. കുടുംബത്തില്‍ എല്ലാം നല്ല രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് ഡോ. മണിക് സാഹ ബുധനാഴ്ച പ്രതികരിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷങ്ങളിലായി തൃണമൂലില്‍ നിന്നും ബി.ജെ.പിയിലെത്തിയ എം.എല്‍.എമാര്‍ തിരിച്ചുപോകുമെന്നാണ് സമൂഹമാധ്യമങ്ങള്‍ വഴി പ്രചാരണമുണ്ടായത്. 2017ല്‍ ബി.ജെ.പിയിലെത്തിയ പ്രമുഖ തൃണമൂല്‍ നേതാവായിരുന്ന സുദീപ് റോയ് ബര്‍മനടക്കമുള്ളവര്‍ ബി.ജെ.പി. വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ത്രിപുര മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ബിപ്ലബ് കുമാര്‍ ദേബിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നേരത്തെ സുദീപ് റോയ് ബര്‍മനും മറ്റു നേതാക്കളും ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയെ സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിപ്ലബ് ദേബ് കുമാറുമായുള്ള അസ്വാരസ്യങ്ങളാണ് പാര്‍ട്ടി വിടുന്നതിന് പിന്നിലെ കാരണമായി കണക്കാക്കപ്പെടുന്നത്.
അതേസമയം, പശ്ചിമ ബംഗാള്‍ ബി.ജെ.പിയില്‍ നിന്നും നിരവധി എം.എല്‍.എമാര്‍ തൃണമൂലിലേക്ക് എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ബംഗാളിലെ ഈ രാഷ്ട്രീയ സാഹചര്യവും ത്രിപുരയിലെ പാര്‍ട്ടി മാറ്റത്തിന് കാരണമാകാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ബംഗാളില്‍ അടുത്തിടെ ബി.ജെ.പി. വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ മുകുള്‍ റോയിയുടെ നേതൃത്വത്തില്‍ എം.എല്‍.എമാരെ കൂറുമാറ്റാന്‍ ശ്രമം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.
ബി.ജെ.പി. നേതാക്കളുമായും സംഘടനാ ഭാരവാഹികളുമായും ഫോണില്‍ സംസാരിച്ചുവെന്ന് മുകുള്‍ റോയ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഒരുപടി കൂടി കടന്ന് ബി.ജെ.പിയിലെ 30 ഓളം എം.എല്‍.എമാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് മുകുള്‍ റോയിയുടെ മകന്‍ സുഭ്രാംഗ്ഷു റോയ് പറയുന്നത്.
’25-30 എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ നിന്ന് തൃണമൂലിലേക്ക് വരും. രണ്ട് ബി.ജെ.പി. എം.പിമാരും തൃണമൂലിലേക്ക് വരാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്,’ സുഭ്രാംഗ്ഷു റോയ് പറഞ്ഞു.
നേരത്തെ പ്രതിപക്ഷ നേതാവ് സുവേന്തു അധികാരി വിളിച്ചുചേര്‍ത്ത യോഗത്തില്‍ 25 എം.എല്‍.എമാര്‍ പങ്കെടുത്തിരുന്നില്ല. അതേസമയം എം.എല്‍.എമാര്‍ അനാരോഗ്യം മൂലമാണ് പങ്കെടുക്കാത്തതെന്നും ഇക്കാര്യം തന്നെ അറിയിച്ചിരുന്നെന്നുമാണ് സുവേന്തു അധികാരി പറഞ്ഞത്.
എന്നാല്‍ ബംഗാളില്‍ മുകുള്‍ റോയിയുമായി അടുപ്പമുള്ള പലനേതാക്കളും തൃണമൂലിലേക്ക് വരാനുള്ള തയ്യാറെടുപ്പിലാണ്. 2017 ലാണ് തൃണമൂല്‍ വിട്ട് മുകുള്‍ റോയ് ബി.ജെ.പിയിലെത്തിയത്. പശ്ചിമ ബംഗാള്‍ പിടിക്കാന്‍ ബി.ജെ.പി. നടത്തിയ ആദ്യ ശ്രമങ്ങളിലൊന്നായിരുന്നു മുകുള്‍ റോയിയുടെ പാര്‍ട്ടി പ്രവേശനം.
തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു ബി.ജെ.പിയിലെത്തിയ നേതാക്കളെക്കുറിച്ചു തെരഞ്ഞെടുപ്പു ഫലത്തിനു ശേഷം വിവരമൊന്നുമില്ലെന്ന് ബി.ജെ.പി. വൃത്തങ്ങള്‍ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പില്‍ തോറ്റതോടെ ഇവര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയേക്കുമെന്നു സംശയിക്കുന്നതായി ബി.ജെ.പി. നേതാക്കള്‍ പറഞ്ഞിരുന്നു
നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് മറ്റു പാര്‍ട്ടികളില്‍ നിന്നും 33 എം.എല്‍.എമാരാണു ബി.ജെ.പിയിലെത്തിയത്. ഇതില്‍ ഭൂരിഭാഗം പേരും തൃണമൂല്‍ വിട്ടവരായിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Tripura, rumours of BJP MLAs joining TMC, senior leaders gather for talks