കാളി ദേവിയുടെ വിഗ്രഹം നശിപ്പിച്ചെന്ന് ആരോപിച്ച് വീടുകൾ കത്തിച്ച സംഭവം; കേസ് എടുക്കണമെന്ന് ത്രിപുര ജംഇയ്യത്ത് പ്രസിഡൻ്റ്
national news
കാളി ദേവിയുടെ വിഗ്രഹം നശിപ്പിച്ചെന്ന് ആരോപിച്ച് വീടുകൾ കത്തിച്ച സംഭവം; കേസ് എടുക്കണമെന്ന് ത്രിപുര ജംഇയ്യത്ത് പ്രസിഡൻ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st September 2024, 10:47 am

അഗർത്തല: ത്രിപുരയിൽ കാളിയുടെ വിഗ്രഹം നശിപ്പിക്കുകയും തുടർന്ന് നിരവധി വീടുകൾ കത്തിച്ചവർക്കുമെതിരെ നടപടിയെടുക്കണമെന്ന് ത്രിപുര സ്റ്റേറ്റ് ജംഇയ്യത്ത് ഉലമ-ഐ-ഹിന്ദ് പ്രസിഡന്റ് ആവശ്യപ്പെട്ടു. വീടുകൾ കത്തിച്ച കുറ്റവാളികൾക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. ഇതിൽ നിരാശ പ്രകടിപ്പിച്ച് ജംഇയ്യത്ത് ഉലമ-ഐ-ഹിന്ദ് മുന്നോട്ടെത്തുകയായിരുന്നു.

‘ഇന്ന് ഞങ്ങൾ വെസ്റ്റ് ത്രിപുര പൊലീസ് സൂപ്രണ്ട് കിരൺ കുമാറിനെ കണ്ടു. കാളിയുടെ വിഗ്രഹം വികൃതമാക്കുകയും എട്ട് വീടുകൾക്ക് തീയിടുകയും ചെയ്തവരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു മെമ്മോറാണ്ടം അദ്ദേഹത്തിന് ഒരു കൈമാറുകയും ചെയ്തു,’ ത്രിപുര ജംഇയ്യത്ത് ഉലമ-ഐ-ഹിന്ദ് പ്രസിഡൻ്റ് മുഫ്തി തയ്ബുർ റഹ്മാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അതോടൊപ്പം കുറ്റവാളികൾ കത്തിച്ച വീടുകളുടെ ഉടമകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒപ്പം ഇത്രയും ഭീകരമായ ഒരു കുറ്റകൃത്യം ചെയ്തവർക്ക് എങ്ങനെ ജാമ്യം ലഭിച്ചു എന്ന് തങ്ങൾക്കറിയണമെന്നും അദ്ദേഹം പറഞ്ഞു.

‘ഞങ്ങളുടെ ആശങ്ക കേട്ട ശേഷം കോടതിയെ സമീപിക്കാൻ എസ്.പി ഞങ്ങളോട് ആവശ്യപ്പെട്ടു,’ അദ്ദേഹം പറഞ്ഞു.

ത്രിപുരയിലെ റാണിർബസാർ പ്രദേശത്തെ ഒരു ക്ഷേത്രത്തിൽ വിഗ്രഹം വികൃതമാക്കിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് അജ്ഞാതർ എട്ട് വീടുകളും നിരവധി വാഹനങ്ങളും കത്തിച്ചിരുന്നു. ഓഗസ്റ്റ് 26ന് നടന്ന സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് സ്വമേധയാ എ.ഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ അറസ്റ്റിലായവർക്ക് പ്രാദേശിക കോടതി വ്യാഴാഴ്ച ജാമ്യം അനുവദിച്ചു.
തുടർന്നാണ് ത്രിപുര സ്റ്റേറ്റ് ജംഇയ്യത്ത് ഉലമ-ഐ-ഹിന്ദ് വിശദീകരണം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. വർഗീയ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചവർക്ക് എങ്ങനെ ഇത്ര പെട്ടന്ന് ജാമ്യം ലഭിച്ചു എന്നത് തങ്ങൾക്ക് അറിയണമെന്ന് അവർ പറഞ്ഞു.

 

അതോടൊപ്പം ദുർഗാനഗറിലെ എട്ട് വീടുകൾ അഗ്നിക്കിരയാക്കുകയും കാളി വിഗ്രഹം നശിപ്പിക്കുകയും ചെയ്ത എല്ലാ കുറ്റവാളികളെയും അറസ്റ്റ് ചെയ്യണമെന്ന് തിപ്ര മോത മേധാവി പ്രദ്യോത് കിഷോർ മാണിക്യ ദേബ്ബർമയും ആവശ്യപ്പെട്ടു.

ത്രിപുര വർഗീയ കലാപത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. വർഗീയ കലാപങ്ങൾ ഉണ്ടായപ്പോഴെല്ലാം അതിനു പിന്നിൽ രാഷ്ട്രീയക്കാർ ഉണ്ടായിരുന്നു. അത് ബി.ജെ.പിയോ കോൺഗ്രസോ ആകട്ടെ,’ ദേബ്ബർമ പറഞ്ഞു.

 

Content Highlight: Tripura police urged to take action in goddess Kali idol defacement, torching of houses