ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ത്രിപുര, നാഗാലാന്റ്, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഫലം പുറത്ത് വരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ത്രിപുരയില്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ അസ്ഥാനത്താക്കി വീണ്ടും അധികാരത്തില്‍ തുടരാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് സി.പി.ഐ.എം. തങ്ങള്‍ പൂര്‍ണ ശുഭാപ്തി വിശ്വാസത്തിലാണെന്ന് സി.പി.എം ത്രിപുര സംസ്ഥാന സെക്രട്ടറി ബിജന്‍ദര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. 25 വര്‍ഷമായി മണിക് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സി.പി.ഐ.എം ഭരണം കയ്യാളുന്ന ത്രിപുരയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകള്‍ക്ക് വിഭിന്നമായി കോണ്‍ഗ്രസിന് പകരം ബി.ജെ.പിയാണ് സി.പി.ഐ.എമ്മിനെ നേരിട്ടത്. എം.എല്‍.എമാരില്‍ പലരും പാര്‍ട്ടി വിട്ടു തൃണമൂലിലേക്കും പിന്നീട് ബിജെപിയിലേക്കും ചേക്കേറിയതാണ് ത്രിപുരയില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായത്.
ത്രിപുരയുടെ ചരിത്രത്തില്‍ ആദ്യമായാണ് ബി.ജെ.പിയില്‍ നിന്ന് ഇത്രവലിയ വെല്ലുവിളി സി.പി.ഐ.എമ്മിന് നേരിടേണ്ടി വന്നത്. ബി.ജെ.പി ഇതുവരെ ഒറ്റയ്ക്കാണ് സംസ്ഥാനത്ത് മത്സരിച്ചത്. എന്നാല്‍ ഇത്തവണ ഐ.പി.എഫ്.ടിയുമായി ചേര്‍ന്ന് പോരിനിറങ്ങിയതും ബി.ജെ.പിക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു. പ്രധാനമന്ത്രിയടക്കം പ്രമുഖ നേതാക്കളെ രംഗത്തിറക്കിയ ബി.ജെ.പി സി.പി.ഐ.എമ്മിനേയും കോണ്‍ഗ്രസിനേയും പിന്നിലാക്കി പ്രചാരണത്തില്‍ ബഹദൂരം മുന്നിലായിരുന്നു.
92 ശതമാനം വോട്ടര്‍മാരും സമ്മതിദാന അവകാശം വിനിയോഗിച്ച സംസ്ഥാനത്ത് എക്സിറ്റ് പോളുകള്‍ സാധ്യത കല്‍പ്പിക്കുന്നത് ബി.ജെ.പിക്കാണ്. ആകെയുള്ള അറുപത് സീറ്റില്‍ 44 മുതല്‍ 50 സീറ്റ് വരെ നേടി ബിജെപി ഐ.പി.എഫ്ടി സഖ്യം ഭരണം പിടിക്കുമെന്നാണ് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രവചനം. 35 മുതല്‍ 45 സീറ്റ് വരെ നേടുമെന്ന് നൂസെ എക്സ് എക്സിറ്റ് പോളും പറയുന്നു. പക്ഷേ 40 സീറ്റിലധികം നേടി അനായാസ വിജയം സ്വന്തമാക്കാനാകുമെന്നാണ് സി.പി.ഐ.എം നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍. നാഗാലാന്റും ബി.ജെ.പി പിടിക്കുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനം. എന്നാല്‍ പതിനെട്ട് സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ്സ് ഭരണ കക്ഷിയായ എന്‍.പി.എഫുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യത ബിജെപിയുടെ അധികാര മോഹങ്ങള്‍ക്ക് തിരിച്ചടിയാണ്.
മേഘാലയയില്‍ ഭരണ കക്ഷിയായ കോണ്‍ഗ്രസിന് തിരിച്ചടി നേരിടുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍. ആര്‍ക്കും കേവലഭൂരിപക്ഷം ഉണ്ടാകില്ലെന്നും സംസ്ഥാനത്ത് സ്വതന്ത്രര്‍ വിധി നിര്‍ണ്ണയിച്ചേക്കാമെന്നും പ്രവചിക്കപ്പെടുന്നുണ്ട്. എന്നാല്‍ കടുത്ത ഭരണവിരുദ്ധ വികാരം നിലനില്‍ക്കെ ഇത്തവണ പോളിംഗ് ശതമാനം കുറഞ്ഞത് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. മേഘാലയയില്‍ ഒമ്പത് മണ്ഡലങ്ങളിലെ 11 ബൂത്തുകളില്‍ ഇന്ന് റീപോളിംഗ് നടന്നിരുന്നു.