അഗര്‍ത്തല: ബലാത്സംഗം ചെയ്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ച് ബി.ജെ.പി സഖ്യകക്ഷി എം.എല്‍.എ കേസില്‍ നിന്ന് തടിയൂരി. ഇന്‍ഡീജിനിയസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐ.പി.ടി.എഫ്) എം.എല്‍.എ ധനഞ്ജോയ് ത്രിപുരയാണ് കേസില്‍ നിന്ന് തടിയൂരിയത്.
വിവാഹ വാഗ്ദാനം നല്‍കി ധനഞ്ജോയ് പെണ്‍കുട്ടിയെ ലൈംഗികമായി അക്രമിക്കുകയായിരുന്നു. മെയ് 20നാണ് എം.എല്‍.എ ലൈംഗികമായി അക്രമിച്ചെന്ന് കാണിച്ചു പെണ്‍കുട്ടി പൊലീസില്‍ പരാതിപ്പെട്ടത്. തുടര്‍ന്ന് കേസില്‍ അന്വേഷണം പുരോഗമിക്കവെയാണ് വിവാഹം.
കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എം.എല്‍.എയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യമുയര്‍ന്നതിനെ തുടര്‍ന്ന് കേസ് ഒതുക്കിത്തീര്‍ക്കാന്‍ എം.എല്‍.എയും കുടുംബവും ശ്രമിച്ചെങ്കിലും പെണ്‍കുട്ടിയും വീട്ടുകാരും വഴങ്ങിയില്ല.
തുടര്‍ന്ന് പാര്‍ട്ടി നേതൃത്വം ഇടപെട്ടാണ് പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് എം.എല്‍.എ സമ്മതിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹം കഴിഞ്ഞതിനാല്‍ കേസ് പിന്‍വലിക്കുമെന്ന് പെണ്‍കുട്ടിയും ബന്ധുക്കളും അറിയിച്ചു.