അഗര്‍ത്തല: ത്രിപുരയില്‍ യുവമാധ്യമ പ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു കൊലപ്പെടുത്തി. പ്രാദേശിക ടിവി ചാനലായ ദിന്‍രാതിന്റെ റിപ്പോര്‍ട്ടറായ ശന്തനു ഭൗമികിനെയാണ് കൊലപ്പെടുത്തിയത്.ത്രിപുര തലസ്ഥാനമായ അഗര്‍ത്തലയില്‍ നിന്ന് 28 കിലോമീറ്റര്‍ അകലെ മന്ദ്വായിയില്‍ ഇന്‍ഡിജിനിയസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐ.പി.എഫ്ടി) സംഘടനയുടെ റോഡ് ഉപരോധം നടക്കുന്നതിനിടെയാണ് ശന്തനുവിനെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് സൂപ്രണ്ട് അഭിജിത് സപ്തര്‍ഷി പറഞ്ഞു.
സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു ശന്തനു. ഗുരുതരമായി പരുക്കേറ്റ ശന്തനുവിനെ പിന്നീട് കണ്ടെത്തി അഗര്‍ത്തല മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കുറച്ചു ദിവസമായി കോവായ് ജില്ലയില്‍ ഐ.പി.എഫ്ടി പ്രവര്‍ത്തകരും ഗണ മുക്തി പരിഷദ്, സിപിഐഎം തമ്മില്‍ സംഘര്‍ഷങ്ങള്‍ നടന്നുവരികയാണ്. നിരവധി പേര്‍ക്ക് ഈ സംഘര്‍ഷങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ ആറു പേരുടെ നില ഗുരുതരമാണ്.
“ഐ.പി.എഫ്.ടി ഈ ആക്രമണങ്ങളെ അഴിച്ചുവിടുകയാണ് … ടിപ്പലാന്‍ഡ് എന്ന ഒരു പ്രത്യേക സംസ്ഥാനം വേണമെന്നാവശ്യപ്പെട്ട് തദ്ദേശവാസികളെ അവര്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അവര്‍ക്ക് അവരുടെ സ്വാധീനം നഷ്ടപ്പെടുകയാണ്. തങ്ങളുടെ പരാജയങ്ങള്‍ മറച്ചുപിടിക്കാന്‍ അവര്‍ അതിക്രമങ്ങളെ അഴിച്ചുവിടുകയാണെന്നും “സി.പി.ഐഎം സംസ്ഥാന സെക്രട്ടറി ബിജാന്‍ ധര്‍ പറഞ്ഞു.
സംസ്ഥാനത്തെ ദീര്‍ഘകാലമായുള്ള ഇടതുപക്ഷ സര്‍ക്കാരിനെ തകര്‍ക്കുന്നതിനായി ബി.ജെ.പിയുടെ പിന്തുണയോടെയാണ് ഐ.പി.എഫ്.ടി അതിക്രമം അഴിച്ചു വിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.