ബംഗ്ലാദേശികള്‍ക്ക് റൂമും ഭക്ഷണവും നല്‍കില്ല: ത്രിപുരയിലെ ഹോട്ടല്‍ മുതലാളിമാര്‍
national news
ബംഗ്ലാദേശികള്‍ക്ക് റൂമും ഭക്ഷണവും നല്‍കില്ല: ത്രിപുരയിലെ ഹോട്ടല്‍ മുതലാളിമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd December 2024, 1:01 pm

അഗര്‍ത്തല: ബംഗ്ലാദേശ് സ്വദേശികള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കില്ലെന്ന് ത്രിപുര ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് ഓണേഴ്‌സ് അസോസിയേഷന്‍. ബംഗ്ലാദേശില്‍ ഇന്ത്യന്‍ പാതകയെ അപമാനിച്ചതിനാലാണ് സേവനങ്ങള്‍ ലഭ്യമാക്കില്ലെന്ന തീരുമാനത്തിലെത്തിയതെന്നാണ് അസോസിയേഷന്‍ പറയുന്നത്.

തിങ്കളാഴ്ച ത്രിപുര ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേന്‍ അംഗങ്ങള്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനമെന്ന് ജനറല്‍ സെക്രട്ടറി സൈകത് ബന്ദ്യോപാധ്യായ പറഞ്ഞു.

ഇന്ത്യ ഒരു മതേതര രാജ്യമാണെന്നും എല്ലാ മതങ്ങളോടും ബഹുമാനമുണ്ടെന്നും പറഞ്ഞ ബന്ദ്യോപാധ്യായ ബംഗ്ലാദേശിലെ ഒരു വിഭാഗം ജനങ്ങള്‍ ദേശീയ പതാകയെ അപമാനിക്കുന്നുവെന്നും  ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്നുവെന്നും പറയുകയുണ്ടായി.

നേരത്തെയും അപമാനിക്കാനും അടിച്ചമര്‍ത്താനുമുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ അത്തരത്തിലുള്ള ശ്രമങ്ങള്‍ അതിരുകടന്നെന്നും ബന്ദ്യോപാധ്യായ കൂട്ടിച്ചേര്‍ത്തു.

ബംഗ്ലാദേശിലെ നിലവിലെ സാഹചര്യം അത്യന്തം ആശങ്കാജനകമാണെന്ന് പറഞ്ഞ അദ്ദേഹം വിവിധ ആവശ്യങ്ങള്‍ക്കായി ത്രിപുരയിലേക്ക് വരുന്ന ബംഗ്ലാദേശികളെ തങ്ങള്‍ സേവിക്കാറുണ്ടെന്നും പറഞ്ഞു. എന്നാല്‍ ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങളോട് കാണിക്കുന്ന പെരുമാറ്റത്തില്‍ തങ്ങള്‍ അപലപിക്കുന്നുവെന്നും പറഞ്ഞു.

നേരത്തെ ബംഗ്ലാദേശികളെ ചികിത്സിക്കില്ലെന്ന് കൊല്‍ക്കത്തയിലെ ജെ.എന്‍.റേ ആശുപത്രിയും സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നതിന് പ്രതിഷേധമായിട്ടാണ് ഇത്തരം നടപടിയെടുത്തതെന്നാണ് ആശുപത്രി പറഞ്ഞിരുന്നത്.

ബംഗ്ലാദേശ് പൗരന്മാര്‍ ഇന്ത്യന്‍ പതാകയെ അപമാനിച്ചതും ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളുമാണ് ഈ തീരുമാനത്തിന് നിര്‍ബന്ധിതരാക്കിയതെന്ന് ജെ.എന്‍.റേ ആശുപത്രിയിലെ ഒരു ഉദ്യോഗസ്ഥന്‍ പറയുകയുണ്ടായി.

Content Highlight: Tripura Hotel and Restaurant Owners Association will not provide any services to Bangladeshis