അഗര്‍ത്തല: പടക്കം പൊട്ടിക്കുന്നത് ശബ്ദ മലിനീകരണത്തിന് വഴിവെക്കുമെങ്കില്‍ പള്ളികളിലെ ബാങ്കു വിളിയും നിരോധിക്കണമെന്ന് ത്രിപുര ഗവര്‍ണര്‍ തഥാഗതാ റോയ്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് റോയിയുടെ വിവാദ പ്രസ്താവന.
ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് ശബ്ദമലിനീകരണത്തിന് കാരണമാകുന്നുവെന്ന് കാണിച്ച് പരാതി കൊടുത്തതിനെതിരെയാണ് റോയിയുടെ പ്രതികരണം.
” എല്ലാ ദീപാവലിക്കും പടക്കം പൊട്ടിക്കുമ്പോഴുണ്ടാകുന്ന മലിനീകരണത്തെക്കുറിച്ച് പറയുന്നു. വര്‍ഷത്തില്‍ ചില ദിവസങ്ങളില്‍ മാത്രമാണ് പടക്കം പൊട്ടിക്കുന്നത്. എന്നാല്‍ പുലര്‍ച്ചെ 4:30 നുള്ള ബാങ്കു വിളിക്കെതിരെ പോരാട്ടമില്ല”.
ബാങ്കു വിളിയിലെ ശബ്ദമലിനീകരണത്തിനെതിരെ മതേതര ജനക്കൂട്ടത്തിന്റെ നിശബ്ദത തന്നെ അസ്വസ്ഥനാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്കു വിളി ഖുര്‍ആനില്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്നും റോയ് പറഞ്ഞു.
ദീപാവലി ദിവസം പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള വെസ്റ്റ് ബംഗാള്‍ സര്‍ക്കാരിന്റെ തീരുമാനം വന്നതിനു പിന്നാലെയാണ് മുതിര്‍ന്ന ബി.ജെ.പി നേതാവു കൂടിയായ റോയിയുടെ പ്രതികരണം.
ദല്‍ഹിയില്‍ പടക്കനിരോധനം പ്രഖ്യാപിച്ച് സുപ്രീം കോടതി ഉത്തരവ് വന്നപ്പോഴും റോയ് സമാനതരത്തില്‍ പ്രതികരിച്ചിരുന്നു. ഹൈന്ദവ ആചാരങ്ങള്‍ക്ക് മാത്രമെന്താണ് നിയന്ത്രണമേര്‍പ്പെടുത്തുന്നതെന്നായിരുന്നു റോയിയുടെ പ്രതികരണം.
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ മാലിന്യം എന്നു വിളിച്ചും റോയ് വിവാദത്തില്‍പ്പെട്ടിരുന്നു.