| Monday, 5th November 2018, 5:47 pm

മെയ് ദിനത്തില്‍ ത്രിപുരയില്‍ അവധിയില്ല; പൊതുഅവധി വെട്ടിമാറ്റി ബി.ജെ.പി സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഗര്‍ത്തല: ത്രിപുരയില്‍ ഇനി മെയ് ഒന്നാം തിയ്യതി, തൊഴിലാളി ദിനത്തില്‍ അവധിയില്ല. അടുത്ത വര്‍ഷത്തെ പൊതു അവധി ദിവസങ്ങളുടെ പട്ടിക സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചപ്പോഴാണ് മെയ് ഒന്നിലെ അവധി എടുത്തുമാറ്റിയത് അറിയുന്നത്.

മെയ്ദിനം നിയന്ത്രിത അവധികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയാണ് അണ്ടര്‍ സെക്രട്ടറി എസ്.കെ.ദേബര്‍മ്മ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ത്രിപുരയിലെ ബി.ജെ.പി-ഐ.പി.എഫ്.ടി സഖ്യത്തിലുള്ള സര്‍ക്കാരാണ് പൊതു അവധി ദിനങ്ങളില്‍ നിന്നും മെയ് ദിനത്തെ വെട്ടിമാറ്റിയത്. ത്രിപുര സര്‍ക്കാരിന്റെ ഈ നടപടിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.


ത്രിപുരയില്‍ 1978 മുതല്‍ മെയ് ഒന്ന് പൊതുഅവധി ദിനമായിരുന്നു. നൃപന്‍ ചക്രവര്‍ത്തിയുടെ നേതൃത്വത്തില്‍ ആദ്യ ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതലായിരുന്നു ഇത്.

എന്നാല്‍ നീണ്ട ഇടത് ഭരണത്തിന് അന്ത്യം കുറിച്ച് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ട് വന്നിരുന്നു. തൊഴിലാളി ദിനത്തിലെ പൊതു അവധി നിര്‍ത്തലാക്കിയ നടപടി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ മനോഭാവത്തെയാണ് വെളിപ്പെടുത്തുന്നതെന്ന് ത്രിപുര സി.പി.എം. സംസ്ഥാന സെക്രട്ടറി ആരോപിച്ചു.

അതേസമയം, തൊഴില്ലായ്മക്ക് പരിഹാരം കാണാന്‍ പശുക്കളെ വളര്‍ത്തിയാല്‍ മതിയെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ് പറഞ്ഞിരുന്നു. 10,000 കോടി രൂപ ചെലവാക്കി വ്യവസായം ആരംഭിക്കുന്നതിലും നല്ലത് 10,000 രൂപ മുടക്കി പശുക്കളെ വാങ്ങി അത് അയ്യായിരം കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്നതാണെന്നും ബിപ്ലവ് കുമാര്‍ ദേബ് പറഞ്ഞിരുന്നു.


പദ്ധതി നടപ്പില്‍ വരുത്തുന്നതിന് മുന്നോടിയായി ഔദ്യോഗികവസതിയില്‍ പശുക്കളെ വളര്‍ത്തുമെന്ന് ബിപ്ലബ് ദേബ് പ്രഖ്യാപിച്ചിരുന്നു. ഇത് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒരു ബിരുദധാരി തൊഴിലന്വേഷിച്ച് സമയം കളയാതെ പശുക്കളെ വളര്‍ത്തണമെന്ന് നേരത്തേ ബിപ്ലവ് ദേബ് പറഞ്ഞത് വിവാദമായിരുന്നു.

We use cookies to give you the best possible experience. Learn more