| Saturday, 11th February 2023, 11:50 am

ത്രിപുര തെരഞ്ഞെടുപ്പ്; കേന്ദ്ര സേനയെ മാറ്റി അസം, ഗുജറാത്ത് പൊലീസിനെ നിയമിച്ചതില്‍ പരാതിയുമായി സി.പി.ഐ.എം.

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഗര്‍ത്തല: ത്രിപുര തെരഞ്ഞെടുപ്പില്‍ അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ക്ക് പകരം മറ്റ് സംസ്ഥാനങ്ങളിലെ പൊലീസിനെ വിന്യസിച്ചതിനെതിരെ സി.പി.ഐ.എം. ഗുജറാത്ത്, അസം എന്നീ സംസ്ഥാനങ്ങളിലെ പൊലീസിനെ നിയമിച്ചതിനെതിരെയാണ് സി.പി.ഐ.എം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയത്.

പൊലീസ് വിന്യാസം അസാധാരണമാണെന്നും നിലവില്‍ ചിലയിടങ്ങളില്‍ കേന്ദ്ര സേനക്ക് പകരം പൊലീസിനെ വിന്യസിച്ച് കഴിഞ്ഞുവെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗമായ നിലോത്പാല്‍ ബസു കത്തില്‍ ചൂണ്ടിക്കാട്ടി.

അര്‍ദ്ധ സൈനിക വിഭാഗത്തെ മാത്രമേ വിന്യസിക്കാന്‍ പാടുള്ളൂ എന്ന് ആവശ്യപ്പെട്ട ബസു, തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ത്രിപുരയില്‍ എത്തിച്ചേര്‍ന്ന മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ സാന്നിധ്യവും കത്തില്‍ അറിയിച്ചു. ബി.ജെ.പിക്ക് വേണ്ടി ഹിമന്ത ബിശ്വ ശര്‍മ സജീവമായി പ്രചരണം നടത്തി വരുന്നുണ്ടെന്നും ഈ പശ്ചാത്തലത്തിലാണ് അസം പൊലീസിന്റെ സാന്നിധ്യത്തില്‍ ആശങ്കയുള്ളതെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സേനയെ മാറ്റി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പൊലീസിനെ വിന്യാസിക്കുന്നത് അസാധാരണ രീതിയാണ്. ഇത് ജനങ്ങളുടെ ആത്മവിശ്വാസം തകരാന്‍ കാരണമാകും. ഈ തെരഞ്ഞെടുപ്പ് പൊതുതെരഞ്ഞെടുപ്പ് അല്ലാത്തതിനാല്‍ പൊതുവേ ഉള്ളതിനേക്കാള്‍ കുറച്ച് കേന്ദ്ര സേനയെ വിന്യസിച്ചാല്‍ മതിയാകുമെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി.

ത്രിപുര പോലെ ഒരു ചെറിയ വടക്ക് കിഴക്കന്‍ സംസ്ഥാനത്ത് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഗുജറാത്ത് പൊലീസിന്റെ സാന്നിധ്യം തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പോസ്റ്റല്‍ ബാലറ്റ് വിതരണത്തിലെ അപാകതകളെ സംബന്ധിച്ചും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ത്രിപുരയില്‍ പണം നല്‍കിയും ആക്രമണത്തിലൂടെയും തെരഞ്ഞെടുപ്പ് വിജയിക്കാനുള്ള ശ്രമത്തിലാണ് ഭരണകക്ഷിയായ ബി.ജെ.പിയെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

ബി.ജെ.പിയും, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും പൊലീസിനെയും മറ്റ് അധികാരങ്ങളെയും ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ഫെബ്രുവരി 16നാണ് ത്രിപുരയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 60 അംഗ നിയമസഭയില്‍ 43 സീറ്റിലാണ് സി.പി.ഐ.എം മത്സരിക്കുക. 13 സീറ്റുകള്‍ കോണ്‍ഗ്രസിനായി മാറ്റിവെച്ചിട്ടുണ്ട്.

CONTENT HIGHLIGHT: Tripura Election; CPI(M) has complained about the appointment of Assam and Gujarat Police instead of the Central Army.

We use cookies to give you the best possible experience. Learn more