അഗര്‍ത്തല: ത്രിപുര തെരഞ്ഞെടുപ്പില്‍ അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ക്ക് പകരം മറ്റ് സംസ്ഥാനങ്ങളിലെ പൊലീസിനെ വിന്യസിച്ചതിനെതിരെ സി.പി.ഐ.എം. ഗുജറാത്ത്, അസം എന്നീ സംസ്ഥാനങ്ങളിലെ പൊലീസിനെ നിയമിച്ചതിനെതിരെയാണ് സി.പി.ഐ.എം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയത്.
പൊലീസ് വിന്യാസം അസാധാരണമാണെന്നും നിലവില്‍ ചിലയിടങ്ങളില്‍ കേന്ദ്ര സേനക്ക് പകരം പൊലീസിനെ വിന്യസിച്ച് കഴിഞ്ഞുവെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗമായ നിലോത്പാല്‍ ബസു കത്തില്‍ ചൂണ്ടിക്കാട്ടി.
അര്‍ദ്ധ സൈനിക വിഭാഗത്തെ മാത്രമേ വിന്യസിക്കാന്‍ പാടുള്ളൂ എന്ന് ആവശ്യപ്പെട്ട ബസു, തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ത്രിപുരയില്‍ എത്തിച്ചേര്‍ന്ന മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ സാന്നിധ്യവും കത്തില്‍ അറിയിച്ചു. ബി.ജെ.പിക്ക് വേണ്ടി ഹിമന്ത ബിശ്വ ശര്‍മ സജീവമായി പ്രചരണം നടത്തി വരുന്നുണ്ടെന്നും ഈ പശ്ചാത്തലത്തിലാണ് അസം പൊലീസിന്റെ സാന്നിധ്യത്തില്‍ ആശങ്കയുള്ളതെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സേനയെ മാറ്റി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പൊലീസിനെ വിന്യാസിക്കുന്നത് അസാധാരണ രീതിയാണ്. ഇത് ജനങ്ങളുടെ ആത്മവിശ്വാസം തകരാന്‍ കാരണമാകും. ഈ തെരഞ്ഞെടുപ്പ് പൊതുതെരഞ്ഞെടുപ്പ് അല്ലാത്തതിനാല്‍ പൊതുവേ ഉള്ളതിനേക്കാള്‍ കുറച്ച് കേന്ദ്ര സേനയെ വിന്യസിച്ചാല്‍ മതിയാകുമെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി.