അഗര്‍ത്തല: ത്രിപുര സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയവുമായി ഇടത്‌വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐയും ടി.എസ്.യുവും. തിരഞ്ഞെടുപ്പ് നടന്ന 22 കോളേജുകളിലും അധികാരം നിലനിര്‍ത്തിക്കൊണ്ടായിരുന്നു എസ്.എഫ്.ഐയുടെ തകര്‍പ്പന്‍ ജയം.
ത്രിപുര പിടിക്കാനിറങ്ങിയ ആര്‍.എസ്.എസ് ബി.ജെ.പി വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പിക്ക് കനത്ത പ്രഹരം നല്‍കിക്കൊണ്ടായിരുന്നു ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ വിജയം. 778 സീറ്റുകളില്‍ വെറും 27 സീറ്റ് മാത്രമാണ് എ.ബി.വി.പിക്ക് നേടാനായത്.
22 കോളേജുകളിലേക്ക് 778 സീറ്റുകളില്‍ നടന്ന മത്സരത്തില്‍ എസ്.എഫ്.ഐ, ടി.എസ്.യു സ്ഥാനാര്‍ത്ഥികള്‍ 530 സീറ്റുകളില്‍ വിജയിച്ചതായി ത്രിപുര ഹയര്‍ എഡ്യുക്കേഷന്‍ ഡിപാര്‍ട്‌മെന്റ് തലവന്‍ വ്യക്തമാക്കി. 9 കോളേജുകളില്‍ എതിരാളികളില്ലാതെയായിരുന്നു എസ്.എഫ്.ഐയുടെ വിജയം.
കനത്ത സുരക്ഷയില്‍ ചൊവ്വാഴ്ചയായിരുന്നു 13 കോളേജുകളിലെ 248 സീറ്റുകളിലേക്കായുള്ള തെരഞ്ഞെടുപ്പ് നടന്നത്.
22 കോളേജുകളിലെ 778 സീറ്റുകളില്‍ ആകെ 27 സീറ്റ് മാത്രമാണ് എ.ബി.വി.പിക്ക് ലഭിച്ചത്. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍.എസ്.യുഐ (നാഷണല്‍ സ്റ്റുഡന്‍സ് യൂണിയന്‍ ഓഫ് ഇന്ത്യ) യ്ക്ക് ഒരു സീറ്റുപോലും ലഭിച്ചില്ല.
വോട്ടെണ്ണല്‍ സമയത്ത് ചില കോളേജുകളില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എസ്.എഫ്.ഐ എ.ബി.വി.പി എന്നീ സംഘടനകളിലെ 22 ഓളം വിദ്യാര്‍ത്ഥികള്‍ക്കും നാല് മാധ്യമപ്രവര്‍ത്തകര്‍ക്കും 12 പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിരുന്നു.