|

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബി.ജെ.പിയെ സഹായിക്കാന്‍ ; ത്രിപുരയില്‍ സഖ്യസര്‍ക്കാര്‍ അധികാരത്തിലെത്തും: സി.പി.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഗര്‍ത്തല: ത്രിപുര തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നാേടിയായുള്ള എക്‌സിറ്റ് പോള്‍ ഫലങ്ങളെ തള്ളി സി.പി.എം രംഗത്ത്. ബി.ജെ.പിയെ സഹായിക്കാനായാണ് ചില ഏജന്‍സികള്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വിടുന്നതെന്നും സംസ്ഥാനത്ത് പാര്‍ട്ടി അധികാരം തിരിച്ച് പിടിക്കുമെന്നും സി.പി.എം പറഞ്ഞു.

കൂട്ടത്തില്‍ തിപ്ര മോത നേതാവ് പ്രത്യുദ് ദേബ് ബര്‍മനുമായി ചര്‍ച്ചകള്‍ നടത്താനും സി.പി.എം മുന്‍കൈയ്യെടുക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.

ത്രിപുരയില്‍ ബി.ജെ.പി സഖ്യം വമ്പിച്ച ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം. ഇന്ത്യ

ടുഡേയുടെ കണക്കുകള്‍ പ്രകാരം 36 മുതല്‍ 45 സീറ്റ് വരെ നേടി എന്‍.ഡി.എ സഖ്യം അധികാരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സി.പി.എം- കോണ്‍ഗ്രസ് സഖ്യം 6-11 വരെ സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും ഫലങ്ങളില്‍ പറയുന്നു. സീ ന്യൂസും ബി.ജെ.പിയില്‍ തന്നെയാണ് പ്രതീക്ഷ വെക്കുന്നത്. 36 സീറ്റുകളിലാണ് ബി.ജെ.പിക്ക് സാധ്യത കല്‍പ്പിക്കുന്നത്. സി.പി.എമ്മിന് 21 സീറ്റുകളിലും സാധ്യത കല്‍പ്പിക്കുന്നു.

എന്നാല്‍ ത്രിപുരയില്‍ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കില്ലെന്നാണ് ടൈംസ് നൗ- ഇറ്റിജി പുറത്ത് വിട്ട ഫലങ്ങളില്‍ തെളിയുന്ന ചിത്രം. 27 സീറ്റ് ബി.ജെ.പി നേടുമെന്നും സി.പി.എം സഖ്യം 18 മുതല്‍ 24 സീറ്റുകള്‍ വരെ നേടാനാണ് സാധ്യതയെന്നും ടൈംസ് നൗ പ്രവചിക്കുന്നു.

എന്നിരുന്നാലും എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ വിശ്വാസമര്‍പ്പിക്കാതെയാണ് സി.പി.എമ്മിന്റെ പ്രവര്‍ത്തനങ്ങള്‍. മുന്‍ കാല എക്‌സിറ്റ് പോളുകളില്‍ പലതും തെറ്റിയതും പ്രധാന കാരണമായി പാര്‍ട്ടി ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ പ്രത്യുദ് ദേബ് ബര്‍മന്റെ തിപ്ര മോതയ്ക്ക് എല്ലാ എക്‌സിറ്റ് പോളുകളും 16 സീറ്റുകള്‍ വരെ പ്രവചിക്കുന്നുണ്ട്. ഇത് കണക്കിലെടുത്ത് കൊണ്ട് തന്നെ സി.പി.എം, ബി.ജെ.പി അടക്കമുള്ള കക്ഷികള്‍ പ്രത്യുബ് ദേബുമായി ചര്‍ച്ചകള്‍ക്ക് തയ്യാറായെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്നും മനസ്സിലാവുന്നത്.

നാഗാലാന്റിലും, മേഘാലയയിലും കോണ്‍ഗ്രസ് നിലം പൊത്തുമെന്നാണ് ഭൂരിഭാഗം എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്. മേഘാലയയില്‍ സഖ്യസര്‍ക്കാരിനാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്. പ്രധാന പാര്‍ട്ടിയായ എ.പി.പി 18ന് മുകളില്‍ സീറ്റ് നേടുമെന്നും കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്നും പ്രവചനത്തിലുണ്ട്.

ആക്‌സിസ് മൈ ഇന്ത്യ 12 സീറ്റാണ് കോണ്‍ഗ്രസിന് പ്രതീക്ഷിക്കുന്നത്. ടി.എം.സി 9 സീറ്റുകളില്‍ വിജയിക്കുമെന്നും പ്രവചിക്കുന്നുണ്ട് .

നാഗാലാന്റില്‍ എന്‍.ഡി.പി.പി 35 സീറ്റിന് മുകളില്‍ നേടി തരംഗം സൃഷ്ടിക്കുമെന്നാണ് എക്‌സിറ്റ് പോളുകള്‍ കണക്ക് കൂട്ടുന്നത്. പരമാവധി 49 സീറ്റ് വരെ ഇവര്‍ക്ക് ലഭിക്കാന്‍ സാധ്യതയുണ്ടെന്നും ഫലങ്ങള്‍ പറയുന്നു. സംസ്ഥാനത്ത് എന്‍.പി.എഫ് എട്ടും കോണ്‍ഗ്രസ് മൂന്നും സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം.

Content Highlight:  Tripura CPM react to exit poll prediction