അഗര്‍ത്തല: ത്രിപുരയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ പുജൂഷ് ബിശ്വാസിന്റെ കാറിന് നേരെ ആക്രമണം. സിപാഹിജാല ജില്ലയില്‍ വെച്ചാണ് അദ്ദേഹത്തിന്റെ കാറിന് നേരെ അജ്ഞാതസംഘത്തിന്റെ ആക്രമണമുണ്ടായത്.
ബിജെപി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. ഇതേത്തുടര്‍ന്ന് തിങ്കളാഴ്ച 12 മണിക്കൂര്‍ സംസ്ഥാന വ്യാപകമായി ബന്ദ് ആഹ്വാനം ചെയ്യുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിട്ടുണ്ട്.
സിപാഹിജാല ജില്ലയിലെ ബിശാല്‍ഗറിലെ ഒരു പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു പിജുഷ് ബിശ്വാസ്. പരിപാടിയ്ക്ക് പോകുംവഴിയായിരുന്നു അദ്ദേഹത്തിന്റെ കാറിന് നേരെ ആക്രമണവുമായി അജ്ഞാത സംഘം എത്തിയത്.
ആക്രമണത്തില്‍ കാറിന്റെ ചില്ലുകള്‍ പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്. ഉടന്‍ തന്നെ പൊലീസെത്തി പിജുഷിനെ കാറില്‍ നിന്നും പുറത്തെത്തിച്ച് അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. സംഘര്‍ഷത്തില്‍ ചില പൊലീസുകാര്‍ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.
അതേസമയം ആക്രമണത്തെപ്പറ്റി വിശദമായി അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ആക്രമണം രാഷ്ട്രീയപ്രേരിതമാണോ എന്ന കാര്യം അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.
ത്രിപുരയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയാണ് പിജുഷ് ബിശ്വാസ്. കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പിജുഷിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച സംസ്ഥാനവ്യാപകമായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ രോഷമാണ് പിജുഷിന് നേരെ നടന്ന ആക്രമണമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights; Congress Chief Attacked In Tripura