കയ്യില്‍ 1520 രൂപ, അക്കൗണ്ടില്‍ 2410; സാധാരണക്കാരില്‍ സാധാരണക്കാരനായി ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍
National Politics
കയ്യില്‍ 1520 രൂപ, അക്കൗണ്ടില്‍ 2410; സാധാരണക്കാരില്‍ സാധാരണക്കാരനായി ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 31st January 2018, 8:40 am

അഗര്‍ത്തല: രാജ്യത്ത പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞാലും വിവിധ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാലും പുറത്തുവരുന്ന പ്രധാന വാര്‍ത്തകളില്‍ ഒന്ന് മത്സര രംഗത്തുണ്ടായിരുന്നവരില്‍ കോടീശ്വരന്‍മാരെത്ര ലക്ഷാധിപന്മാരെത്ര എന്നാകും. എന്നാല്‍ ത്രിപുരയില്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വ്യത്യസ്തനായ മുഖ്യമന്ത്രിയുടെ വ്യത്യസ്ത കഥകളാണ് പുറത്തുവരാറുള്ളത്.

ഇത്തവണയും കാര്യങ്ങള്‍ക്ക് യാതൊരു മാറ്റവും വന്നിട്ടില്ല. രാജ്യത്തെ “ദരിദ്ര മുഖ്യമന്ത്രി” താന്‍ തന്നെയെന്നാണ് ധന്‍പുര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിച്ച ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ തെളിയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സമര്‍പ്പിച്ച വിവരങ്ങള്‍ പ്രകാരം മണിക് സര്‍ക്കാരിന്റെ കയ്യില്‍ 1,520 രൂപയും അക്കൗണ്ടില്‍ 2,410 രൂപയുമാണുള്ളത്

1998 മുതല്‍ ത്രിപുര മുഖ്യമന്ത്രിയായ മണിക് സര്‍ക്കാര്‍ കിട്ടുന്ന ശമ്പളമെല്ലാം പാര്‍ട്ടിക്കു സംഭാവന ചെയ്യുകയാണ്. പാര്‍ട്ടി നല്‍കുന്ന 5,000 രൂപ അലവന്‍സാണ് മുഖ്യമന്ത്രി ചെലവിനായെടുക്കുന്നത്. വേറെ ബാങ്ക് നിക്ഷേപങ്ങളൊന്നും ഇദ്ദേഹത്തിനില്ല. നിയമസഭാംഗത്തിനു ലഭിക്കുന്ന സര്‍ക്കാര്‍ സ്ഥലത്താണു താമസമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

അതേസമയം,മണിക് സര്‍ക്കാരിന്റെ ഭാര്യ പാഞ്ചാലി ഭട്ടാചാര്യയുടെ കൈവശം 20,140 രൂപ പണമായും രണ്ടു ബാങ്കുകളിലായി 2,10,574 രൂപ നിക്ഷേപവുമുണ്ട്. മുന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരിയാണ് പാഞ്ചാലി ഭട്ടാചാര്യ. ഇവര്‍ക്കു സ്ഥിര നിക്ഷേപമായി 9.25 ലക്ഷം രൂപയും 20 ഗ്രാം സ്വര്‍ണവുമുണ്ട്.

2011-12 വര്‍ഷത്തിലാണു പാഞ്ചാലി ഭട്ടാചാര്യ അവസാനമായി ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തത്. അതേസമയം മണിക് സര്‍ക്കാര്‍ ഇതുവരെ ആദായ നികുതി റിട്ടേണ്‍ ചെയ്തിട്ടില്ല.