| Thursday, 22nd October 2020, 3:10 pm

ബിപ്ലബ് ദേബ് അല്ല 'ലിറ്റില്‍ ഹിറ്റ്‌ലര്‍'; അയാളുടെ വാക്കുകള്‍ ഒരു ഫാസിസ്റ്റിന്റേത് പോലുണ്ടെന്ന് സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്ത് നിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വേരോടെ പിഴുതെറിയണമെന്ന് ആഹ്വാനം ചെയ്ത ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ.എം. ഹിന്ദുസ്ഥാന്‍ ടൈംസാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ബിപ്ലബിനെ ‘ലിറ്റില്‍ ഹിറ്റ്‌ലര്‍’ എന്നു വിളിച്ചായിരുന്നു സി.പി.ഐ.എമ്മിന്റെ വിമര്‍ശനം. ചരിത്രം ഇദ്ദേഹത്തിന് മാപ്പ് നല്‍കില്ലെന്നും പാര്‍ട്ടി വക്താക്കള്‍ പറഞ്ഞു.

ദേബിന്റെ വാക്കുകള്‍ ഒരു ഫാസിസ്റ്റ് ഭരണാധികാരിയുടെതിന് സമമാണ്. ഭരണഘടന പദവിയുള്ള ഒരു മുഖ്യമന്ത്രിയ്ക്ക് ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ കഴിയില്ല. അയാളുടെ വാക്കുകള്‍ ഒരു ഫാസിസ്റ്റിന്റേത് പോലുണ്ട്. ചരിത്രം ഈ ഹിറ്റ്‌ലര്‍ക്കും മാപ്പ് നല്‍കില്ല- സി.പി.ഐ.എം പറഞ്ഞു.

2023 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിരുന്നു ബിപ്ലബിന്റെ ഈ ആഹ്വാനം. ഇക്കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടി സമ്മേളനത്തിനിടെയാണ് മുഖ്യമന്ത്രിയുടെ ഈ വിവാദ പരാമര്‍ശം.

‘2023 വരെ ഒരു കാര്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണം, ത്രിപുരയില്‍ നിന്ന് കമ്മ്യൂണിസ്റ്റുകളെ പിഴുതെറിയുകയായിരിക്കണം നമ്മുടെ ലക്ഷ്യം. ദേശീയതയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സന്ദേശങ്ങള്‍ സംസ്ഥാനത്തിന്റെ എല്ലാ കോണുകളിലും പ്രചരിപ്പിക്കേണ്ടതുണ്ട്, അതിനുശേഷം മാത്രമേ ഞങ്ങളുടെ സംഘടന ശക്തിപ്പെടുത്തുകയുള്ളൂ’, ബിപ്ലബ് പറഞ്ഞിരുന്നു. ഇതിനെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

ബി.ജെ.പി ഭരണത്തിന്‍ കീഴില്‍ ത്രിപുരയിലെ ജനാധിപത്യ വ്യവസ്ഥ താറുമാറായിക്കൊണ്ടിരിക്കുകയാണെന്ന് സി.പി.ഐ.എം ആരോപിച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും നേരെ ഭരണകക്ഷി അതിക്രമങ്ങള്‍ അഴിച്ചുവിടുകയാണ്.

പാര്‍ട്ടി ഓഫീസുകള്‍ കത്തിക്കുന്നു. പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിക്കുന്നു. ഇതൊക്കെയാണ് സംസ്ഥാനത്ത് ഇന്ന് നടക്കുന്നതെന്ന് സി.പി.ഐ.എം ആരോപിച്ചു.

നേരത്തെ ബി.ജെ.പി ഭരണം നിലനിര്‍ത്താന്‍ ബിപ്ലബ് മുന്നോട്ടുവെച്ച ചില നടപടികളെയും പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

അടുത്ത 35 വര്‍ഷത്തേക്ക് സംസ്ഥാനത്ത് ബി.ജെ.പി ഭരണം നിലനിര്‍ത്താന്‍ എല്ലാ ജനങ്ങളും വീടുകളില്‍ സ്വാമി വിവേകാന്ദന്റെ ഫോട്ടോ തൂക്കിയിടണമെന്ന് ഇദ്ദേഹം പറഞ്ഞിരുന്നു. ഈ നിര്‍ദ്ദേശം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: CPIM Slams Biplab Deb Kumar

We use cookies to give you the best possible experience. Learn more