അഗര്‍ത്തല: ഹിന്ദിയെ രാഷ്ട്രഭാഷയായി കാണുന്നതിനെ എതിര്‍ക്കുന്നവര്‍ രാജ്യസ്‌നേഹികളല്ലെന്ന പരാമര്‍ശവുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. അതേസമയം താന്‍ ഇംഗ്ലീഷിന് എതിരല്ലെന്നും ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയല്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ഹിന്ദിയാണു സംസാരിക്കുന്നത്. ഞാന്‍ ഹിന്ദിയെ രാഷ്ട്രഭാഷയായി അനുകൂലിക്കുന്നയാളാണ്.
200 വര്‍ഷത്തോളം ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചില്ലായിരുന്നെങ്കില്‍ രാജ്യത്തെ ഔദ്യോഗിക പ്രവര്‍ത്തികള്‍ക്കൊന്നും ഇംഗ്ലീഷ് ഉപയോഗിക്കില്ലായിരുന്നു.
കോളനിഭരണത്തിനു വിധേയരായി നില്‍ക്കുന്നവരാണ് ഇംഗ്ലീഷ് ഒരു സ്റ്റാറ്റസായി കൊണ്ടുനടക്കുന്നത്. ഇംഗ്ലീഷ് സംസാരിച്ചാല്‍ മാത്രമേ രാജ്യത്തിനു പുരോഗതിയുണ്ടാവൂ എന്നില്ല.
അങ്ങനെയായിരുന്നെങ്കില്‍ ജര്‍മനി, ചൈന, ജപ്പാന്‍, റഷ്യ, ഇസ്രഈല്‍ എന്നീ രാജ്യങ്ങളൊന്നും വികസിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഔദ്യോഗിക കാര്യങ്ങളില്‍ ഇംഗ്ലീഷ് അറിയാത്ത, പ്രാദേശിക ഭാഷകള്‍ സംസാരിക്കുന്നവരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ബംഗാളിയോ കോക്‌ബൊറോക്കോ സംസാരിക്കുന്ന ആളുകള്‍ സര്‍ക്കാര്‍ ഓഫീസുകളിലെത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്ക് അവരെ സഹായിക്കാന്‍ സമയമെടുക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട്.
പക്ഷേ ഇംഗ്ലീഷില്‍ സംസാരിക്കുന്നവരാണെങ്കില്‍ അവരത് പെട്ടെന്നു ചെയ്യും. ഇതൊരിക്കലും ചെയ്യാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
അഗര്‍ത്തലയില്‍ അടല്‍ ബിഹാരി വാജ്‌പേയി റീജിയണല്‍ കാന്‍സര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.