അഗര്‍ത്തല: കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരോട് കമ്മ്യൂണിസ്റ്റുകളുടെ ‘കെണിയില്‍’ വീഴരുതെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. കമ്മ്യൂണിസ്റ്റുകള്‍ കര്‍ഷകരെ അവരുടെ കേഡറുകളാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കിടയില്‍ മാവോയിസ്റ്റുകളുണ്ടെന്നും ബിപ്ലബ് പറഞ്ഞു.
‘കമ്മ്യൂണിസ്റ്റുകളുടെ കെണിയില്‍ വീണു പോകരുതെന്ന് പ്രതിഷേധിക്കുന്ന കര്‍ഷകരോട് ഞാന്‍ അപേക്ഷിക്കുകയാണ്. നിങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ തന്നെ മാവോയിസ്റ്റുകളുണ്ട്. മാത്രമല്ല, അവര്‍ എന്റെ സംസ്ഥാനത്ത് നടത്തിയത് പോലെ കര്‍ഷകരെ പാര്‍ട്ടി കേഡര്‍മാരാക്കി മാറ്റും,’ ബിപ്ലബ് കുമാര്‍ ദേബ് പറഞ്ഞു.
കര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങളുമായി നിരവധി കേന്ദ്ര മന്ത്രിമാരും ബി.ജെ.പി നേതാക്കളും രംഗത്തെത്തിയിരുന്നു. കര്‍ഷകരെ മാവോയിസ്റ്റുകളെന്നും ഇന്ത്യ- പാകിസ്താന്‍ ചാരന്മാര്‍ എന്നെല്ലാമാണ് അധിക്ഷേപിച്ചത്. ഇതിന് പിന്നാലെയാണ് വിവാദ പരാമര്‍ശവുമായി ബിപ്ലബ് കുമാര്‍ ദേബും രംഗത്തെത്തിയിരിക്കുന്നത്.
കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍, റാവോ സാഹേബ് ദാന്‍വെ തുടങ്ങി നിരവധി പേരാണ് ഇത്തരത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.
കേന്ദ്ര കാര്‍ഷിക മന്ത്രി നരേന്ദ്ര തോമറിനെ കണ്ട് കാര്‍ഷിക നിയമത്തെ അനുകൂലിച്ചവര്‍ കര്‍ഷകരല്ലെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ തന്നെ വെളിപ്പെടുത്തിയിരുന്നു.
അതേസമയം, കര്‍ഷക സമരം നാള്‍ക്കുനാള്‍ ശക്തിപ്പെടുകയാണ്.
കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ രണ്ടാംഘട്ട ദില്ലി ചലോ മാര്‍ച്ചിന് തുടക്കം കുറിച്ചിരിക്കേ കടുത്ത നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത് എത്തിയിരിക്കുകയാണ്.
പൊലീസിനൊപ്പം തന്നെ മാര്‍ച്ച് നേരിടാന്‍ അര്‍ദ്ധ സൈനികരെയും കേന്ദ്ര സര്‍ക്കാര്‍ രംഗത്തിറക്കിയിട്ടുണ്ട്. സമരം ആരംഭിച്ച് പതിനെട്ട് ദിവസം പിന്നിട്ടിട്ടും കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ സമരം ശക്തമാക്കാന്‍ തീരുമാനിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക