| Friday, 27th April 2018, 7:49 am

'വീണ്ടും ബിപ്ലബ് ദേബ്'; ഇന്ത്യന്‍ സൗന്ദര്യത്തിന്റെ പ്രതീകം ഐശ്വര്യ റായിയാണ്, ഡയാന ഹെയ്ഡനല്ല; ലോക സുന്ദരിക്കെതിരെ ത്രിപുര മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഗര്‍ത്തല: ഇന്ത്യയില്‍ ഇന്റനെറ്റ് മഹാഭാരത കാലം മുതലേ ഉണ്ടായിരുന്നെന്ന പ്രസ്താവനയ്ക്ക് പിന്നാലെ ലോകസുന്ദരിയെ വിമര്‍ശിച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ്. ഇന്ത്യന്‍ സുന്ദരിമാര്‍ക്ക് ഐശ്വര്യത്തിന്റേയും അറിവിന്റേയും ദേവതമാരായ ലക്ഷ്മി ദേവിയുടേയും സരസ്വതി ദേവിയുടേയും സവിശേഷതകളുണ്ടാകണം. എന്നാല്‍ ഡയാന ഹെയ്ഡന് അതില്ലെന്നായിരുന്നു ബിപ്ലബ് ദേബിന്റെ പരാമര്‍ശം.

ഐശ്വര്യ റായി അങ്ങനെയല്ലെന്നും ഇന്ത്യന്‍ സൗന്ദര്യത്തെ പ്രതിനിധീകരിക്കുന്നത് ഐശ്വര്യയാണെന്നും ബിപ്ലബ് പറഞ്ഞു. സൗന്ദര്യ മത്സരത്തില്‍ ഏത് ഇന്ത്യക്കാരി പങ്കെടുത്താലും കിരീടം ലഭിക്കും. ഡയാനക്കു പോലും അത് ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.

അഗര്‍ത്തലയില്‍ ഡിസൈന്‍ വര്‍ക് ഷോപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു ത്രിപുര മുഖ്യമന്ത്രിയുടെ പരാമര്‍ശം. “ഏത് ഇന്ത്യക്കാരിയും ആ മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യയാണ്. ഡയാനക്ക് പോലും ലോകസുന്ദരിപ്പട്ടം കിട്ടി. ഞാനവരെ വിമര്‍ശിക്കുകയല്ല” ബിപ്ലബ് ദേബ് പറഞ്ഞു.

തനിക്ക് അവരില്‍ ഇന്ത്യന്‍ സൗന്ദര്യം കാണാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ ത്രിപുര മുഖ്യമന്ത്രി എന്നാല്‍ ഐശ്വര്യ റായി അങ്ങനെയല്ല. ഇന്ത്യന്‍ സൗന്ദര്യത്തെ പ്രതിനിധീകരിക്കുന്നത് ഐശ്വര്യയാണെന്നും കൂട്ടിച്ചേര്‍ത്തു.

“അന്താരാഷ്ട്ര കമ്പനികള്‍ സ്പോണ്‍സര്‍ ചെയ്യുന്ന അന്താരാഷ്ട്ര സൗന്ദര്യ മത്സരങ്ങളില്‍ ഇന്ത്യക്കാര്‍ ജേതാക്കളായതോടെയാണ് സ്ത്രീകള്‍ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നമുക്ക് അഞ്ചു തവണ ലോക സുന്ദരിപ്പട്ടം ലഭിച്ചത്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ അന്താരാഷ്ട്ര കമ്പനികള്‍ ആധിപത്യം സ്ഥാപിച്ചതോടെ നമുക്ക് ലോക സുന്ദരിപ്പട്ടം കിട്ടുന്നത് കുറഞ്ഞു” ബിപ്ലബ് കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more