| Friday, 26th April 2019, 2:43 pm

ബിപ്ലബ് ദേബിനെതിരെ ഭാര്യ ഗാര്‍ഹിക പീഡന പരാതി നല്‍കിയെന്ന വാര്‍ത്ത വ്യാജം

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെതിരെ ഭാര്യ ഗാര്‍ഹിക പീഡന പരാതി നല്‍കിയെന്ന വാര്‍ത്ത വ്യാജം.

ബിപ്ലബ് ദേബില്‍ നിന്നും വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ട് ഭാര്യ നിതി ദല്‍ഹിയിലെ തിസ് ഹസാരി കോടതിയില്‍ ഹരജി നല്‍കിയതായിട്ടായിരുന്നു വാര്‍ത്ത പ്രചരിച്ചിരുന്നത്. ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത ഡൂള്‍ന്യൂസും പ്രസിദ്ധീകരിച്ചിരുന്നു.

എന്നാല്‍ തന്റെ ഇമേജ് തകര്‍ക്കാനായി ചിലര്‍ തയ്യാറാക്കിയ വാര്‍ത്തയാണ് ഇതെന്ന് പറഞ്ഞ് ബിപ്ലബ് ദേബ് രംഗത്തെത്തുകയായിരുന്നു. വാര്‍ത്ത തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ബിബ്ലബിന്റെ ഭാര്യ നീതി ദേബും രംഗത്തെത്തിയിരുന്നു.

ബിപ്ലബ് ദേവിനെതെ ഭാര്യ ഗാര്‍ഹിക പീഡന പരാതി നല്‍കിയെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട അനുപം പോള്‍ എന്നയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

പോസ്റ്റ് ഷെയര്‍ ചെയ്ത ഒരു മാധ്യമപ്രവര്‍ത്തകനേയും കോസ്റ്റബിളിനേയും അടക്കം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്വതന്ത്രമാധ്യമപ്രവര്‍ത്തകനായ സൈകാത് തലപത്രയെയായിരുന്നു വെസ്റ്റ് അഗര്‍ത്തല പൊലീസ് അറസ്റ്റ് ചെയ്തത്. അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ സുബ്രത ചക്രബര്‍ത്തിയായിരുന്നു ഇക്കാര്യം സ്ഥിരീകരിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തതിനായിരുന്നു പൊലീസ് കോണ്‍സ്റ്റബിളിനെ അറസ്റ്റ് ചെയ്തത്. വിലകുറഞ്ഞ പ്രചാരണതന്ത്രമാണ് തന്റെ ഭര്‍ത്താവിനെതിരായ വാര്‍ത്തയെന്നാണ് നീതി ദേബ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

രാഷ്ട്രീയലാഭത്തിന് വേണ്ടി ചിലര്‍ കരുതിക്കൂട്ടി മെനഞ്ഞെടുത്ത വാര്‍ത്തയാണിത്. തന്നോട് അല്‍പമെങ്കിലും സ്‌നേഹമുണ്ടെങ്കില്‍ വാര്‍ത്ത വന്ന മാധ്യമങ്ങളെ ബഹിഷ്‌കരിക്കാന്‍ തയ്യാറാവണമെന്നും അവര്‍ ജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഭര്‍ത്താവിനോടുള്ള തന്റെ സ്‌നേഹം പരിധികളില്ലാത്തതും പരിശുദ്ധവുമാണ്. അത് മറ്റാരോടെങ്കിലും വിശദീകരിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും നീതി ഫേസ്ബുക്കിലൂടെ പറഞ്ഞു.

2018 ലാണ് ബിപ്ലബ് ദേബ് ത്രിപുര മുഖ്യമന്ത്രിയായി ചുമതലയേറ്റത്. 25 വര്‍ഷം നീണ്ട സി.പി.ഐ.എം ഭരണത്തില്‍നിന്നും ബി.ജെ.പിയും സഖ്യകക്ഷിയായ ഐ.പി.എഫ്.ടിയും ചേര്‍ന്നാണ് ത്രിപുര ഭരണം പിടിച്ചെടുത്തത്.

We use cookies to give you the best possible experience. Learn more