| Monday, 6th February 2023, 9:05 am

ത്രിപുരയില്‍ ഇടത്- കോണ്‍ഗ്രസ് സഖ്യം പരസ്യമായത് തങ്ങളെ സഹായിക്കും: ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഗര്‍ത്തല: സംസ്ഥാനത്ത് ഇടത്- കോണ്‍ഗ്രസ് സഖ്യം പരസ്യമായത് ബി.ജെ.പിയെ സഹായിക്കുമെന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സാഹ. സി.പി.ഐ.എമ്മും കോണ്‍ഗ്രസും ഒന്നിക്കുന്നത് സംസ്ഥാനത്തെ വോട്ടര്‍മാര്‍ക്ക് ഇഷ്ടമില്ലെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനും പരസ്പരം വിശ്വാസമില്ല. 25 വര്‍ഷം സി.പി.ഐ.എം സംസ്ഥാനത്ത് ഭീകരത അഴിച്ചുവിട്ടു. ഇപ്പോള്‍ അവര്‍ കോണ്‍ഗ്രസുമായി ഒരുമിച്ചിരിക്കുമ്പോള്‍ ഇതിലും വലിയ സങ്കടം ജനങ്ങള്‍ക്ക് വേറെയുണ്ടാവില്ല. ആളുകള്‍ക്ക് അത് ഇഷ്ടമല്ല.

കോണ്‍ഗ്രസ്- ഇടത് കൂട്ടുകെട്ട് പരസ്യമായത് ബി.ജെ.പിക്ക് നല്ലതാണ്. മുമ്പ്, ഇത് രഹസ്യമായിരുന്നു. അവര്‍ ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് ഇപ്പോള്‍ തെളിയിക്കപ്പെട്ടിരിക്കുന്നു,’ മണിക് സാഹ പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വലിയ മാറ്റങ്ങളാണ് സംസ്ഥാനത്തുണ്ടായതെന്നും അദ്ദേഹം അവകാശപ്പെട്ടു.

‘ഞങ്ങള്‍ റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നിര്‍മിച്ചു. സമാധാനം പുനസ്ഥാപിച്ചു. ഏഴ് ദേശീയ പാതകള്‍ക്ക് കൂടി 10,222 കോടി രൂപയുടെ ഫണ്ട് അനുവദിച്ചു. അഗര്‍ത്തല മുതല്‍ സബ്‌റൂം വരെയുള്ള ഹൈവേ രാജ്യത്തെ ഏറ്റവും മികച്ച പാതയ്ക്ക് തുല്യമാണ്.

നേട്ടങ്ങളില്‍ ആളുകള്‍ ഞങ്ങളെ പിന്തുണയ്ക്കും. തെരഞ്ഞെടുപ്പിന് പോകുമ്പോള്‍ ഇവ ജനങ്ങളിലേക്കെത്തിക്കും,’ മണിക് സാഹ പറഞ്ഞു.

ഫെബ്രുവരി 16നാണ് ത്രിപുരയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത്. 60 അംഗ നിയമസഭയില്‍ 43 സീറ്റിലാണ് സി.പി.ഐ.എം മത്സരിക്കുക. 13 സീറ്റുകള്‍ കോണ്‍ഗ്രസിനായി മാറ്റിവെച്ചിട്ടുണ്ട്.

അധികാരത്തിലുള്ള ബി.ജെ.പി 55 സീറ്റിലാണ് മത്സരിക്കുന്നത്. സഖ്യകക്ഷി ഐ.പി.എഫ്.ടിക്ക് അഞ്ച് സീറ്റ് നല്‍കിയിട്ടുണ്ട്. ഗോത്രവര്‍ഗ മേഖലകളില്‍ സ്വാധീനമുള്ള ഐ.പി.എഫ്.ടി.ക്ക് കഴിഞ്ഞതവണ ഒമ്പത് സീറ്റ് നല്‍കിയെങ്കിലും ഇത്തവണയത് അഞ്ചായി കുറക്കുകയായിരുന്നു.

Content Highlight: Tripura Chief Minister Manik Saha said that the publicity of Left-Congress numbers in the state will help the BJP

We use cookies to give you the best possible experience. Learn more