| Monday, 25th November 2019, 10:20 pm

മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുത്തി ഇവിടെ എന്‍.ആര്‍.സി നടപ്പാക്കാന്‍ ഞാനെന്താ വിഡ്ഢിയാണോ? ബിപ്ലബ് കുമാര്‍ ദേബിന്റെ വീഡിയോ വൈറലാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഗര്‍ത്തല: ത്രിപുരയില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കിയാല്‍ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുമെന്ന് മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. ബിപ്ലബ് കുമാറിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്.

തന്റെ അച്ഛനും കുടുംബക്കാരും ബംഗ്ലാദേശില്‍ നിന്നുള്ളവരാണെന്നും ത്രിപുരയില്‍ എന്‍.ആര്‍.സി നടപ്പാക്കിയാല്‍ തനിക്ക് മുഖ്യമന്ത്രിക്കസേര നഷ്ടമാവുമെന്നുമായിരുന്നു അദ്ദേഹം വീഡിയോയിലൂടെ പറഞ്ഞത്.

‘ഞാന്‍ അതെങ്ങാനും എന്റെ രാജ്യത്ത് നടപ്പാക്കിയാല്‍, എന്റെ കുടുംബക്കാരും എന്റെ അച്ഛനും ബംഗ്ലാദേശില്‍ നിന്നുള്ളവരാണ്. അദ്ദേഹത്തിന് പൗരത്വം ലഭിച്ചിട്ടുണ്ട്. അതിന് ശേഷമാണ് ത്രിപുരയില്‍ ഞാന്‍ ജനിച്ചത്. അപ്പോള്‍ ആര്‍ക്കെങ്കിലും എന്‍.ആര്‍.സി മൂലം ഒരു നഷ്ടം അനുഭവിക്കേണ്ടി വന്നാല്‍ എനിക്ക് എന്റെ മുഖ്യമന്ത്രി സ്ഥാനവും നഷ്ടമാവും. എന്റെ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുത്തി കൊണ്ട് ഇവിടെ എന്‍.ആര്‍.സി നടപ്പാക്കാന്‍ ഞാന്‍ എന്താ വിഡ്ഢിയാണോ?’ ദേബ് വീഡിയോയില്‍ ചോദിക്കുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബിപ്ലബ് ദേബിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പങ്കുവെയ്ക്കപ്പെട്ടു. രണ്ടു ദിവസം മുമ്പ് പശ്ചിമ ബംഗാളിലെ റായ്ഗഞ്ചിലും കാലിയാഗഞ്ചിലും ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ കാര്യമാണ് വീഡിയോയില്‍ ഉള്ളത്.

ദേബിന്റെ വാഹനഘോഷയാത്ര സാധാരണ പാതയിലൂടെ കടന്നുപോകാന്‍ അനുവദിച്ചിരുന്നില്ല. പകരം ഒരു ബദല്‍ റോഡ് ആണ് അനുവദിച്ച് നല്‍കിയത്. അതിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ തന്റെ യാത്രയെ മനഃപൂര്‍വ്വം തടസ്സപ്പെടുത്തി അപമാനിച്ചെന്ന് പറഞ്ഞ ദേബ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെയും വിമര്‍ശിച്ചു.

എന്നാല്‍ വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നതിന്റെ ഭാഗമായാണ് ഈ വീഡിയോ പുറത്തുവിട്ടതെന്ന് മുഖ്യമന്ത്രിയുടെ മീഡിയ ഉപദേഷ്ടാവ് സഞ്ജയ് മിശ്ര വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more