| Wednesday, 11th December 2019, 9:17 am

പൗരത്വ ഭേദഗതി ബില്ലില്‍ ത്രിപുരയില്‍ പ്രതിഷേധം കനക്കുന്നു; ഇന്റര്‍നെറ്റ്, എസ്.എം.എസ് സേവനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ബി.ജെ.പി സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഗര്‍ത്തല: ത്രിപുരയില്‍ രണ്ട് ദിവസത്തേക്ക് ഇന്റര്‍നെറ്റ്, എസ്.എം.എസ് സേവനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ബിപ്ലവ് ദേബ് സര്‍ക്കാര്‍. പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലാണ് നിരോധനമെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

കേന്ദ്ര നടപടിക്കെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് അക്രമാസക്തമായതിന് പിന്നാലെയാണ് സര്‍ക്കാര്‍ നീക്കം. ത്രിപുരയിലെ ഗോത്രവര്‍ഗക്കാരും ഇതര സമുദായക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായേക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് സര്‍ക്കാര്‍ ഭാഷ്യം.

പൗരത്വ ഭേദഗതി ബില്ലിനെതിരെ ത്രിപുര ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാവുകയാണ്. ബില്ലില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തില്‍ കേന്ദ്രത്തിനെതിരെ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് നീങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.

‘എസ്.എം.എസ്, വാട്‌സാപ്പ്, സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളായ ട്വിറ്റര്‍, ഫേസ്ബുക്ക്, യുട്യൂബ് എന്നിവിടങ്ങള്‍ വ്യാജ വാര്‍ത്തകളും ചിത്രങ്ങളും പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച് വരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എസ്.എം.എസും, മൊബൈല്‍ ഡാറ്റയും 48 മണിക്കൂര്‍ നേരത്തക്ക് നിരോധിക്കാന്‍ തീരുമാനിച്ചത്’, സര്‍ക്കാര്‍ വിശദീകരണത്തില്‍ പറയുന്നു.

ബില്ലിനെതിരെ ചൊവ്വാഴ്ച ട്രൈബല്‍ സംഘടനകള്‍ നടത്തിയ പ്രതിഷേധം അക്രമങ്ങളിലേക്ക് തിരിഞ്ഞിരുന്നു. ഓള്‍ അസം സ്റ്റുഡന്‍സ് അസോസിയേഷന്‍ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും പന്തം കൊളുത്തി പ്രകടനം നടത്തി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ബില്ല് കീറിയെറിഞ്ഞും കത്തിച്ചുമായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. നിരവധിപ്പേരെയാണ് പൊലീസ് കസ്റ്റഡിയില്‍ വെച്ചിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more