അഗര്‍ത്തല: ത്രിപുര ബി.ജെ.പി നേതൃത്വത്തോടും സര്‍ക്കാരിനോടും ഇടഞ്ഞ് ഒരു വിഭാഗം എം.എല്‍.എമാര്‍. മുന്‍ ആരോഗ്യമന്ത്രിയും നിലവില്‍ എം.എല്‍.എയുമായ സുദീപ് റോയ്ബര്‍മ്മന്റെ നേതൃത്വത്തിലാണ് വിമത നീക്കം.
സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെ അക്രമങ്ങള്‍ വര്‍ധിച്ചു വരുന്നതിനെതിരെ ജനുവരി 3ന് സുദീപ് റോയ്ബര്‍മ്മന്‍ റാലിക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ ആളുകളും രാഷ്ട്രീയ ഭേദമന്യേ റാലിയില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സുദീപ് റോയ്ബര്‍മ്മന്‍ തുറന്ന കത്തും പുറത്തിറക്കിയിട്ടുണ്ട്. തനിക്ക് മറ്റ് ബി.ജെ.പി എം.എല്‍.എമാരുടെ പിന്തുണയും ഉണ്ടെന്ന് സുദീപ് റോയ്ബര്‍മ്മന്‍ കത്തില്‍ അവകാശപ്പെടുന്നു.
എന്നാല്‍ ഈ റാലിയില്‍ പങ്കെടുക്കരുതെന്ന് പ്രവര്‍ത്തകരോട് ബി.ജെ.പി നേതൃത്വം കര്‍ശന നിര്‍ദേശം നല്‍കി കഴിഞ്ഞു. ഇത് സര്‍ക്കാരിനെതിരെയും പാര്‍ട്ടിക്കും എതിരായി നടക്കുന്ന നീക്കമാണ് അതിനാല്‍ പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുക്കുന്നത് തടയണമെന്ന് താഴെ തട്ടിലുള്ള കമ്മറ്റികളോട് ബി.ജെ.പി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ എന്ത് വിലകൊടുത്തും റാലി വിജയിപ്പിക്കാനുള്ള ശ്രമത്തിലാണ് സുദീപ് റോയ്ബര്‍മ്മനും മറ്റ് എം.എല്‍.എമാരും.
ബി.ജെ.പി ഭരിക്കുന്ന കഴിഞ്ഞ 22 മാസമായി സംസ്ഥാനത്ത് ക്രമസമാധാന പാലന കാര്യത്തില്‍ യാതൊരു മുന്നേറ്റവും ഉണ്ടായിട്ടില്ലെന്ന് സുദീപ് റോയ്ബര്‍മ്മനെ പിന്തുണക്കുന്നവര്‍ പറയുന്നു. അതിലൊരാള്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞ് ഇങ്ങനെയാണ്. ‘എല്ലാ ദിവസവും സ്ത്രീകള്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങള്‍ അഞ്ചെണ്ണമെങ്കിലും റിപ്പോര്‍ട്ട് ചെയ്യുന്നു. അത്ര തന്നെ എണ്ണം റിപ്പോര്‍ട്ട് ചെയ്യാതെയും പോവുന്നു. ഇടത് സര്‍ക്കാരിനേക്കാള്‍ മോശമാണ് അവസ്ഥ. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നിര്‍ദേശിക്കുന്നതില്‍ ഒഴികെ മറ്റൊരു കേസിലും പൊലീസ് ശ്രദ്ധ പുലര്‍ത്തുന്നില്ല. ഭരണ പാര്‍ട്ടി നേതാക്കളുടെ, മന്ത്രിമാരുടെ, എം.എല്‍.എമാരുടെ പരാതികളും നിര്‍ദേശങ്ങളും പോലും കേള്‍ക്കുന്നില്ല’.
ഇതിന് കാരണം പാര്‍ട്ടി നേതൃത്വത്തിലും സര്‍ക്കാരിലും ഉന്നതതലത്തിലുള്ളവരുടെ അരാജകത്വം കാരണമാണ്. ഭരണസംവിധാനത്തെ എം.എല്‍.എമാരും മന്ത്രിമാരും പരസ്യമായി വിമര്‍ശിക്കുന്നു. ഇത് സംസ്ഥാനത്തെ ഇടതുമുന്നണിയെ ശക്തിപ്പെടുത്തുന്നതാണ്. അതേ സമയം തന്നെ ത്രിപുരയില്‍ സാമ്പത്തികാവസ്ഥ പ്രതിസന്ധിയിലാണ്, തൊഴിലവസരങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെ. അടിസ്ഥാന ആരോഗ്യ സംവിധാനങ്ങളുടെ കാര്യത്തിലും മറ്റ് അടിയന്തിര സേവനങ്ങളുടെ കാര്യത്തിലും ജനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.
സുദീപ് റോയ്ബര്‍മ്മന്റെ റാലിക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. എങ്കിലും കുറഞ്ഞത് 15000 പേരെയെങ്കിലും റാലിക്കെത്തിക്കാനാണ് സുദീപ് റോയ്ബര്‍മ്മനും സംഘവും ശ്രമിക്കുന്നത്. മുതിര്‍ന്ന ബി.ജെ.പി നേതാക്കളും റാലിയില്‍ ഉണ്ടാവുമെന്ന് ഇവര്‍ അവകാശപ്പെടുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ