വധശിക്ഷയ്‌ക്കെതിരെ ത്രിപുര നിയമസഭ പ്രമേയം പാസാക്കി
Daily News
വധശിക്ഷയ്‌ക്കെതിരെ ത്രിപുര നിയമസഭ പ്രമേയം പാസാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th August 2015, 5:15 pm

manik

അഗര്‍ത്തല: വധശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ത്രിപുര നിയമസഭ ഐകകണ്‌ഠ്യേന പ്രമേയം പാസാക്കി. വധശിക്ഷ റദ്ദ് ചെയ്യണമെന്ന്് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് മുമ്പാകെ നിര്‍ദേശം നല്‍കണമെന്ന പ്രമേയത്തിലാണ് നിയമസഭ അനുകൂല തീരുമാനമെടുത്തത്.

ഐ.പി.സി 302 പ്രകാരമാണ് കോടതികള്‍ വധശിക്ഷ വിധിക്കാറുള്ളത്. എന്നാല്‍ ഈ നിയമത്തില്‍ ആവശ്യമായ കേന്ദ്ര സര്‍ക്കാര്‍ ഭേതഗതികള്‍ വരുത്തണമെന്നും വധ ശിക്ഷക്കര്‍ഹമായ  കേസുകളില്‍ ജീവപര്യന്തം നല്‍കണമെന്നുമാണ് ത്രിപുര നിയമസഭ അംഗീകരിച്ച പ്രമേയത്തിലുള്ളത്.

ശിക്ഷാ നടപടിയെ കൂടുതല്‍ മനുഷ്യത്വപരമായ കാഴ്ചപ്പാടില്‍ കാണണമെന്നും വധശിക്ഷ നല്‍കുന്നത് കൊണ്ട് കുറ്റകൃത്യങ്ങള്‍ കുറയണമെന്നുമില്ലെന്നും പ്രമേയത്തില്‍ പറയുന്നു.

പ്രതികാരപരമായ നടപടിയാണ് വധശിക്ഷ അതിനാല്‍ ഈ രീതിയെ പിന്തുണക്കാനാവില്ലെന്ന് പ്രമേയത്തെ അനുകൂലിച്ച് കൊണ്ട് മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ പറഞ്ഞു. പ്രമേയത്തെ സുദീപ് റോയ് ബര്‍മന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസും പിന്തുണച്ചു.

കഴിഞ്ഞ ജൂലൈ 30ന് യാക്കൂബ് മേമനെ തൂക്കിലേറ്റിയതിന് പിന്നാലെയാണ് രാജ്യത്ത് വീണ്ടും വധശിക്ഷയ്‌ക്കെതിരായ നിലപാടുകള്‍ ഉയര്‍ന്ന് വന്നത്. ഇതിനിടെ യാക്കൂബ് മേമന് അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയവരെല്ലാം തീവ്രവാദ സ്വഭാവമുള്ളവരാണെന്ന് ത്രിപുര ഗവര്‍ണര്‍ തഥാഗത റോയ് പറഞ്ഞത് വിവാദമായിരുന്നു.