ന്യൂദല്‍ഹി: ത്രിപുരയിലെ ആക്രമണങ്ങള്‍ക്ക് കാരണം ബി.ജെ.പി ജനങ്ങള്‍ക്ക് കൊടുത്ത വാഗ്ദാനങ്ങള്‍ നിറവേറ്റാത്തതാണെന്ന് ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍
ഏകകക്ഷി, സ്വേച്ഛാധിപത്യ, ഫാസിസ്റ്റ് ഭരണകൂടം സ്ഥാപിക്കുന്നതിനായി ത്രിപുരയെ ബി.ജെ.പി ഒരു ‘ലബോറട്ടറി’ ആക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ തങ്ങള്‍ക്കെതിരെയുള്ള ആക്രമണം ബി.ജെ.പി ആരംഭിച്ചെന്നും അടുത്തിടെ, അക്രമങ്ങള്‍ വര്‍ധിച്ചെന്നും മണിക് സര്‍ക്കാര്‍ പറഞ്ഞു.
സര്‍ക്കാരിന്റെ പരാജയങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന തങ്ങളുടെ പരിപാടികള്‍ക്ക് ജനങ്ങളില്‍ നിന്ന് വലിയ പ്രതികരണം ലഭിക്കാന്‍ തുടങ്ങിയതോടെ ബി.ജെ.പി പരിഭ്രാന്തരായെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം മണ്ഡലമായ ധന്‍പൂരിലെത്തിയ മണിക് സര്‍ക്കാറിനെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടയുകയും ആക്രമിക്കുകയും ചെയ്തിരുന്നു.
മൂന്ന് വര്‍ഷം മുമ്പ് ബി.ജെ.പി സംസ്ഥാനത്ത് ജയിച്ചതിന് ശേഷം തന്റെ നിയമസഭാ മണ്ഡലം സന്ദര്‍ശിക്കുന്നതില്‍ നിന്ന് തടയുകയും തന്നെ ശാരീരികമായി ആക്രമിക്കുകയും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.
ത്രിപുരയിലെ ജനാധിപത്യ ചിന്താഗതിക്കാരേയും മതേതരരും സമാധാനപ്രിയരുമായ ആളുകളേയും ബി.ജെ.പി ആക്രമിക്കുകയാണെന്നും മണിക് സര്‍ക്കാര്‍ പറഞ്ഞു.
സെപ്റ്റംബര്‍ ആദ്യം ത്രിപുരയിലെ സി.പി.ഐ.എം ഓഫീസുകള്‍ക്ക് നേരെ വ്യാപകമായി ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണം നടന്നിരുന്നു. ജയ് ശ്രീറാം മുഴക്കിയാണ് പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയും വീടുകള്‍ക്ക് നേരെയും ബി.ജെ.പി ആക്രമണം അഴിച്ചുവിട്ടത്.
ബി.ജെ.പി പ്രവര്‍ത്തകര്‍ വ്യാപകമായി ഓഫീസുകള്‍ക്കും വീടുകള്‍ക്ക് നേരെ കല്ലേറും തീവെയ്പ്പും നടത്തുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നിരുന്നു.
സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി ഓഫീസായ ഭാനു സ്മൃതി ഭവനും മറ്റൊരു ഓഫീസായ ദശരഥ് ഭവനും തീവെച്ചതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. അക്രമണങ്ങളുടെ ദൃശ്യങ്ങള്‍ സി.പി.ഐ.എം പുറത്തുവിട്ടിരുന്നു.