ത്രിപുരയിൽ ക്ഷേത്രത്തിലെ വിഗ്രഹം നശിപ്പിച്ചെന്ന് ആരോപണം; 12 വീടുകൾ അഗ്നിക്കിരയാക്കി
national news
ത്രിപുരയിൽ ക്ഷേത്രത്തിലെ വിഗ്രഹം നശിപ്പിച്ചെന്ന് ആരോപണം; 12 വീടുകൾ അഗ്നിക്കിരയാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th August 2024, 5:45 pm

അഗർത്തല: ത്രിപുരയിലെ റാണിർബസാർ പ്രദേശത്തെ ഒരു ക്ഷേത്രത്തിൽ വിഗ്രഹം വികൃതമാക്കിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് അജ്ഞാതർ 12 വീടുകളും നിരവധി വാഹനങ്ങളും കത്തിച്ചതായി റിപ്പോർട്ട്. സംഭവത്തെ തുടർന്ന് ജിറാനിയ സബ്‌ഡിവിഷനിൽ ഭാരതീയ നാഗരിക സുരക്ഷാ സംഹിതയുടെ സെക്ഷൻ 163 പ്രകാരം നിരോധന ഉത്തരവുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിരോധന ഉത്തരവുകൾ പ്രകാരം സ്ഥലത്ത് അഞ്ചോ അതിലധികമോ ആളുകളുടെ ഒത്തുചേരൽ നിരോധിക്കും.

 

സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കനത്ത സുരക്ഷ ഒരുക്കിയിരിക്കുകയാണെന്ന് അസിസ്റ്റൻ്റ് ഇൻസ്‌പെക്ടർ ജനറൽ അനന്ത ദാസ് മാധ്യമങ്ങളോട് പറഞ്ഞു. ‘കൈതുർബാരിയിൽ കാളിയുടെ വിഗ്രഹം വികൃതമാക്കിയ നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് ഞായറാഴ്ച വൈകിട്ട് റാണിർബസാറിൽ 12 ഓളം വീടുകൾ അക്രമികൾ അഗ്നിക്കിരയാക്കുകയായിരുന്നു.

ഏതാനും മോട്ടോർ സൈക്കിളുകളും പിക്കപ്പ് വാനുകളും തീയിൽ കത്തിനശിച്ചിട്ടുണ്ട്. ഭാഗ്യവശാൽ, ആളപായമൊന്നും റിപ്പോർട്ട് ചെയ്തില്ല, ജനക്കൂട്ടത്തെ കണ്ട് നിവാസികൾ വീടുകളിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു,’ അദ്ദേഹം പറഞ്ഞു.

ഇൻ്റലിജൻസ് ഡയറക്ടർ ജനറൽ അനുരാഗ് ധങ്കറും വെസ്റ്റ് ത്രിപുര പൊലീസ് സൂപ്രണ്ട് കിരൺ കുമാറും പ്രദേശം സന്ദർശിച്ചിട്ടുണ്ടെന്നും ദാസ് പറഞ്ഞു. വസ്തുവകകൾ നഷ്ടപ്പെട്ടതിൻ്റെ വിലയിരുത്തൽ പൂർത്തിയായാൽ പൊലീസ് സ്വമേധയാ കേസെടുക്കുമെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അക്രമം അഴിച്ചുവിട്ട അജ്ഞാത സംഘത്തെക്കുറിച്ച് വിവരങ്ങൾ ഒന്നും നിലവിൽ ലഭ്യമല്ല. പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

ഓഗസ്റ്റ് 19 മുതൽ 26 പേരുടെ ജീവൻ അപഹരിക്കുകയും 1.17 ലക്ഷം ആളുകളെ ഭവനരഹിതരാക്കുകയും ചെയ്ത വിനാശകരമായ വെള്ളപ്പൊക്കത്തിന്റെ അപകടത്തിൽ നിന്നും ത്രിപുര ഇപ്പോഴും കരകയറിയിട്ടില്ല.

 

Content Highlight: Tripura: 12 houses set on fire after idol defaced at temple