| Thursday, 16th May 2019, 5:12 pm

തൃപ്പൂണിത്തുറയിലെ ഘര്‍വാപസി കേന്ദ്രം പേരുമാറ്റി വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു; തടവിലാക്കിയ യുവതിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയാതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തൃപ്പൂണിത്തുറയിലെ ഘര്‍വാപസി യോഗ കേന്ദ്രം പേരുമാറ്റി വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍. കണ്ടനാടുണ്ടായിരുന്ന സ്ഥാപനം ഇപ്പോള്‍ ചൂരക്കാട്ടാണ് പ്രവര്‍ത്തിക്കുന്നത്.

അതേസമയം, പുതിയ കേന്ദ്രത്തില്‍ തടവിലാക്കിയ പാലക്കാട് സ്വദേശിനിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയാതായും റിപ്പോര്‍ട്ടുണ്ട്. പെണ്‍കുട്ടിയുമായി നാട്ടുകാര്‍ പൊലീസിനെ സമീപിച്ചിട്ടും കേസെടുത്തിട്ടില്ല. എന്നാല്‍ പരാതിയില്ലാത്തതിനാലാണ് കേസെടുക്കാത്തതെന്ന് തൃപ്പൂണിത്തുറ എസ്.ഐ പറഞ്ഞു.

നേരത്തേയും യോഗ കേന്ദ്രത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മിശ്രവിവാഹിതരായ ഹിന്ദു പെണ്‍കുട്ടികളെ ശാരീരികമായും മാനസികമായും ഉപദ്രവിച്ച് ഘര്‍വാപസി നടത്തുന്നു എന്ന ആരോപണം നേരിട്ടതിനെത്തുടര്‍ന്ന് യോഗ കേന്ദ്രത്തിനെതിരെ ഹൈക്കോടതി അന്വേഷണത്തിനു ഉത്തരവിട്ടിരുന്നു.

കണ്ണൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ ഉത്തരവ്. പിന്നീട് പഞ്ചായത്ത് ലൈസന്‍സില്ലാതെയാണ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അടച്ചുപൂട്ടാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.

അതേസമയം, യോഗ സെന്റര്‍ നടത്തിപ്പില്‍ ഹിന്ദു ഹെല്‍പ് ലൈന്‍ കോഡിനേറ്റര്‍ പ്രതീഷ് വിശ്വനാഥിനു പങ്കുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. മതവിദ്വേഷം പ്രചരിപ്പിക്കുന്ന പ്രതീഷ് വിശ്വനാഥിന്റെ പ്രവര്‍ത്തനങ്ങളും സാമ്പത്തിക ഇടപാടുകളും അന്വേഷണ വിധേയമാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

യോഗ സെന്ററിനെതിരെ മുന്‍ ജീവനക്കാരനായ കൃഷ്ണകുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ പ്രതീഷ് വിശ്വനാഥിന് സെന്ററുമായി ബന്ധമുണ്ടെന്ന് പറഞ്ഞിരുന്നു. തുടര്‍ന്ന് സ്ഥാപനത്തിന്റെ നടത്തിപ്പില്‍ ആര്‍.എസ്.എസിന്റെ നേരിട്ടുള്ള പങ്ക് വ്യക്തമാക്കുന്നതാണ് ഇതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. യോഗ സെന്ററില്‍ ലൈംഗിക ചൂഷണമടക്കം നടന്നിരുന്നുവെന്ന ആരോപണവും ഉണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more