| Friday, 20th January 2017, 10:18 am

ശബരിമലയില്‍ ഒളിച്ചുകയറില്ല: തിയതി പ്രഖ്യാപിച്ച് പരസ്യമായി മലചവിട്ടും: തൃപ്തി ദേശായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ശബരിമലയില്‍ പോകുകയാണെങ്കില്‍ അത് പരസ്യമായി പ്രഖ്യാപിച്ചിട്ടായിരിക്കുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി.

ഒളിച്ചും പാത്തും ശബരിമലയ്ക്ക് പോകില്ല. പോകുന്നുണ്ടെങ്കില്‍ അത് പോലീസിനെയും സര്‍ക്കാരിനെയും അറിയിച്ചു തന്നെയായിരിക്കും ചെയ്യുക.


മലചവിട്ടുന്ന തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും തന്റെ സംഘടനയായ ഭൂമാതാ ബ്രിഗേഡിലെ മഹാരാഷ്ട്രയില്‍ നിന്നുള്ള നൂറോളം വനിതാ പ്രവര്‍ത്തകര്‍ ഒപ്പമുണ്ടാകുമെന്നും തൃപ്തി ദേശായി പറയുന്നു.

പല കോണുകളില്‍ നിന്ന് എതിര്‍പ്പുണ്ടെന്നു മനസ്സിലാക്കുന്നു. എതിര്‍ക്കുന്നവര്‍ക്ക് അവരുടെ വാദം പറയാനുള്ള അവകാശമുണ്ട്.

എന്നാല്‍, സ്ത്രീ പ്രവേശനത്തിനുള്ള അനുമതിക്കായാണു ശ്രമം. സ്വാമി അയ്യപ്പനെ ബഹുമാനിക്കുന്ന ആളാണു ഞാന്‍. ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വസിക്കുന്ന ആളെന്ന നിലയില്‍ അതനുസരിച്ചു തന്നെയാണു പ്രവര്‍ത്തിക്കുന്നതെന്നും തൃപ്തി ദേശായി പറഞ്ഞു.

സ്ത്രീകളെ വിലക്കുന്ന സ്ഥലങ്ങളില്‍ നിയമത്തിന്റെ പിന്തുണയോടെ കയറിച്ചെല്ലുന്ന തൃപ്തി ശബരിമല പ്രവേശനം തീയതി മുന്‍കൂറായി തീരുമാനിച്ച് അറിയിച്ച ശേഷമേ നടത്തു എന്നാണ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

സ്ത്രീകള്‍ക്കു വിലക്കുള്ള സ്ഥലങ്ങളില്‍ പ്രവേശനം നടത്തി സമരങ്ങള്‍ക്കു നേതൃത്വംനല്‍കുന്ന അവര്‍ ശബരിമലയിലേക്കു പുറപ്പെട്ടുവെന്ന അഭ്യൂഹം പ്രചരിച്ച സാഹചര്യത്തിലാണു വിശദീകരണം നല്‍കിയത്.

തൊടുപുഴയില്‍ തൃപ്തിയെ കണ്ടതായി ശബരിമല തീര്‍ഥാടകന്‍ പത്തനംതിട്ട ജില്ലാ സ്‌പെഷല്‍ ബ്രാഞ്ചില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെ പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളില്‍ പൊലീസ് ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു.

We use cookies to give you the best possible experience. Learn more