| Friday, 28th September 2018, 12:19 pm

തിയ്യതി പ്രഖ്യാപിച്ച് ഉടന്‍ ശബരിമലയില്‍ കയറും: തൃപ്തി ദേശായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് ഭൂമാതാ ബ്രിഗേഡ് നേതാവും സ്ത്രീവിമോചന പ്രവര്‍ത്തകയുമായ തൃപ്തി ദേശായി.

വിധി സന്തോഷവും ആശ്വാസകരവുമാണെന്നും വിധി സ്ത്രീകളുടെ വിജയമാണെന്നും തൃപ്തി ദേശായി പറയുന്നു. തിയതി പ്രഖ്യാപിച്ച് ഉടന്‍ തന്നെ ശബരിമലയില്‍ കയറുമെന്നും തൃപ്തി ദേശായി പറഞ്ഞു.

സ്ത്രീകളുടെ ശബരിമല പ്രവേശനത്തില്‍ ഏറ്റവും സന്തോഷിക്കുക അയ്യപ്പസ്വാമിയായിരിക്കും. കേരളത്തില്‍ത്തന്നെ ഒരു പാട് അയ്യപ്പക്ഷേത്രങ്ങളുണ്ട്. അവിടെയൊന്നും ആരാധനയ്ക്കായി കടന്നുചെല്ലാന്‍ സ്ത്രീകള്‍ക്ക് പ്രായനിയന്ത്രണമില്ല. മാസമുറ പ്രകൃതി നിയമമാണ്. അതിന്റെ പേരിലെങ്ങനെയാണ് സ്ത്രീ അശുദ്ധയാകുന്നതെന്നും തൃപ്തി ചോദിച്ചു.


പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയാല്‍ ആരും ചോദിക്കാന്‍ വരരുത്: ‘ജഡ്ജി മാറും’, പ്രതീക്ഷയുണ്ട്: രാഹുല്‍ ഈശ്വര്‍


എല്ലാ മതങ്ങളിലെയും ലിംഗവിവേചനത്തിനെതിരെ സ്ത്രീകള്‍ മുന്നോട്ടുവരണം. പോരാട്ടം ഒരു മതത്തിനും ഒരു ദൈവത്തിനും എതിരല്ല. ഇതില്‍ ഹിന്ദു – മുസ്‌ലിം വ്യത്യാസമില്ല. ദൈവത്തിനുമുന്നില്‍ ആണും പെണ്ണും തുല്യരാണ്. തെറ്റായപാരമ്പര്യങ്ങള്‍ തിരുത്തണം. തുല്യ അവകാശം നല്‍കുന്ന വിധിയാണ് ഇതെന്നും തൃപ്തി ദേശായി പറഞ്ഞു.

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുമതിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയാല്‍ ആരും ചോദിക്കാന്‍ വരരുതെന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ പ്രതികരണം.

ശബരിമല വിധിയില്‍ നീതി ലഭിച്ചില്ല. കോടതിയില്‍ നിന്ന് ബാലന്‍സ്ഡ് ആയുള്ള വിധി പോലുമല്ല വന്നത്. ഹിന്ദുക്കളുടെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ഇടപെട്ട രീതി ശരിയായില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. മാത്രമല്ല ഒക്ടോബര്‍ ആദ്യ ആഴ്ച ചീഫ് ജസ്റ്റിസ് മാറുമെന്നതും പ്രതീക്ഷ തരുന്നതാണെന്നും രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more