| Sunday, 16th April 2017, 4:51 pm

'നിയമം പാലിക്കാതെ മുത്തലാഖ് ചെല്ലിയാല്‍ സമുദായത്തിന് പുറത്ത്'; പെരുമാറ്റച്ചട്ടവുമായി മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുത്തലാഖ് വിഷയത്തില്‍ കടുത്ത നിലപാടുകളുമായി അഖിലേന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്. ശരിഅത്ത് നിയമം പാലിക്കാതെ മുത്തലാഖ് ചൊല്ലുന്നവര്‍ക്ക് സമുദായ വിലക്ക് നേരിടേണ്ടി വരുമെന്ന് ബോര്‍ഡ് വ്യക്തമാക്കി. സുപ്രിംകോടതിയില്‍ മുത്തലാഖ് വിഷയത്തില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ വാദം നടക്കാനിരിക്കയേണ് നിയമത്തില്‍ വ്യക്തത വരുത്താന്‍ വ്യക്തി നിയമ ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്.


Also read ‘ഒരു നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടു കോടി’; ഇ.വി.എം അട്ടിമറിക്കാമെന്നവകാശപ്പെട്ട് തന്നെയൊരാള്‍ സമീപിച്ചെന്ന് ദിഗ് വിജയ് സിങിന്റെ വെളിപ്പെടുത്തല്‍


മുത്തലാഖ് മുസ്ലീം സ്ത്രീകളുടെ മൗലികാവകാശ ലംഘനമാണോയെന്ന ഹര്‍ജി സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടിരിക്കുകയാണ്. നേരത്തെ കോടതിയില്‍ മുത്തലാഖ് നിരോധിക്കുന്നത് ഖുറാന്‍ തിരുത്തിയെഴുതുന്നതിന് തുല്യമാണെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് പറഞ്ഞിരുന്നു. മുത്തലാഖ് നിരോധിക്കണമെന്ന സര്‍ക്കാര്‍ അഭിപ്രായത്തെത്തുടര്‍ന്നായിരുന്നു ഇത്.

മെയ് 11 മുതല്‍ 19 വരെയാണ് ഹര്‍ജിയില്‍ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കുക. ഈ സാഹചര്യത്തിലാണ് വിഷയത്തിലെ തെറ്റിദ്ധാരണകള്‍ നീക്കാന്‍ മുത്തലാഖില്‍ പൊതുപെരുമാറ്റചട്ടം കൊണ്ടുവരാന്‍ വ്യക്തി നിയമ ബോര്‍ഡ് ഒരുങ്ങുന്നത്.

മുത്തലാഖ് മൗലികാവകാശ ലംഘനമാണെന്നും 20 ഓളംമുസ്‌ലിം രാജ്യങ്ങളില്‍ മുത്തലാഖ് നിരോധിച്ചിട്ടുണ്ടെന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ പറഞ്ഞിരുന്നത്.

നിരവധി മുസ്‌ലിം സ്ത്രീകളായിരുന്നു മുത്തലാഖ് നിരോധിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍ മതപരമായ കാര്യങ്ങള്‍ മൗലികവകാശങ്ങളുടെ പരിധിയില്‍ വരുമോ എന്നത് പരിശോധിക്കണമെന്നും കോടതിയില്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. നിരവധി ഹര്‍ജികളാണ് വിഷയത്തില്‍ കോടതിയ്ക്ക് മുന്നിലുള്ളത്.

We use cookies to give you the best possible experience. Learn more