| Thursday, 30th March 2017, 5:40 pm

മുത്തലാഖ് ഹര്‍ജി; സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിനു വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുത്തലാഖ് സ്ത്രീകളുടെ വ്യക്തി സ്വാതന്ത്രത്തിനെതിരാണോയെന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് നിര്‍ദേശം നല്‍കി. മെയ് 11 മുതല്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കാനാണ് ചീഫ് ജസ്റ്റിസ് ഖെഹാറിന്റെ നേതൃത്വത്തിലുള്ള ബൈഞ്ച് ഉത്തരവിട്ടിരിക്കുന്നത്.


Also read ‘ദൈവജനങ്ങള്‍ക്കിടയിലും സ്ത്രീകള്‍പെടില്ല’; പെസഹയില്‍ സ്ത്രീകളുടെ കാല്‍ ഇത്തവണയും കഴുകില്ലെന്ന് സീറോ മലബാര്‍ സഭ


വേനല്‍ക്കാല അവധിക്ക് മുമ്പ് കേസ് പരിഗണിക്കണമെന്ന അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുടെ വാദം തള്ളിയാണ് സുപ്രീം കോടതി മെയ് 11 മുതല്‍ 19വരെ ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ ഭരണഘടനാ ബെഞ്ചിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമായ നിയമങ്ങള്‍ അസാധുവാണെന്ന് ഭരണഘടനയുടെ 13ാം വകുപ്പില്‍ പറയുന്ന സാഹചര്യത്തില്‍ മുത്തലാഖ് വിഷയം നിയമത്തിന്റെ പരിധിയില്‍ വരുന്നതാണോയെന്നത് ഉല്‍പ്പെടെയുള്ള കാര്യങ്ങളാണ് കോടതി പരിശോധിക്കുക.

മുത്തലാഖ് വിഷയത്തില്‍ ഭരണഘടനയുടെ 13ാം വകുപ്പ് നിയമത്തിന്റെ പരിധിയില്‍ വരുന്നതാണോയെന്ന് പരിശോധിക്കണമെന്ന് കേന്ദ്രസര്‍ക്കാരാണ് കോടതിയോട് ആവശ്യപ്പെട്ടിരുന്നത്. മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡും സംഘടനകളും ഉള്‍പ്പെട്ട ഹര്‍ജിയിലാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കുക.

കഴിഞ്ഞ ദിവസം കോടതിയില്‍ മുസ്‌ലിം വ്യക്തി നിയമങ്ങളില്‍ കോടതി ഇടപെടരുതെന്നും മുത്തലാഖ് സമ്പ്രദായം നിരോധിക്കരുതെന്നും ഓള്‍ ഇന്ത്യ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. കേസ് ഇന്നത്തേക്ക് മാറ്റിയ കോടതി വീണ്ടും പരിഗണിച്ച വേളയിലാണ് ഭരണഘടനാ ബെഞ്ചിനു വിടാന്‍ തീരുമാനിച്ചത്.

We use cookies to give you the best possible experience. Learn more