മുതലാഖ് ബില്‍ : മുസ്‌ലിം പുരുഷന്മാര്‍ക്കുള്ള ശിക്ഷയും പാഠവും
Triple Talaq
മുതലാഖ് ബില്‍ : മുസ്‌ലിം പുരുഷന്മാര്‍ക്കുള്ള ശിക്ഷയും പാഠവും
ഫാറൂഖ്
Sunday, 30th December 2018, 1:21 pm

മുസ്‌ലിം സ്ത്രീകള്‍ക്കെതിരെ വിവേചനം പുലര്‍ത്തുന്ന നിരവധി നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും മുസ്‌ലിം പുരുഷന്മാര്‍ക്കെതിരെ വിവേചനപരമായിട്ടുള്ള ആദ്യത്തെ നിയമമായിരിക്കും മുതലാഖ് ബില്‍. കുറ്റാരോപിതന്‍ നിരപരാധിത്വം തെളിയിക്കേണ്ടി വരുന്ന അവസ്ഥ, സിവില്‍ കുറ്റകൃത്യത്തെ ക്രിമിനലൈസ് ചെയ്യുന്ന വകുപ്പുകള്‍, ജാമ്യം ലഭിക്കാനുള്ള ബുദ്ധിമുട്ടുകള്‍, മൂന്നു കൊല്ലം തടവെന്ന കഠിനമായ ശിക്ഷ എന്നിവ കൊണ്ടാണ് ഈ ബില്‍ വിവേചനപരമാണെന്ന് പറയപ്പെടുന്നത്. വിവേചനപരമായ നിയമങ്ങള്‍ക്ക് സാമൂഹികവും ഭരണഘടനപരവുമായ അംഗീകാരമുണ്ട് ഇന്ത്യയില്‍, അത് കൊണ്ട് തന്നെ ഈ നിയമം കോടതിയുടെ പരിശോധനയെ അതിജീവിക്കാനാണ് സാധ്യത.

തുല്യരല്ലാത്തവരെ തുല്യരായി പരിഗണിച്ചു നിയമം നടപ്പാക്കാന്‍ ശ്രമിക്കുന്നത് കൂടുതല്‍ വലിയ അനീതിയാകും എന്ന പൊതു തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം നിയമങ്ങള്‍ നില്‍ക്കുന്നത്. സ്ത്രീ പീഡനം, സ്ത്രീധന നിരോധനം തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പുരുഷന്മാര്‍ക്കെതിരെ വിവേചനപരമാണെന്നു പറയാം.

ദളിതരുടെ പരാതിയിന്മേല്‍ ഉയര്‍ന്ന ജാതിക്കാരെ ജാമ്യമില്ലാതെ ജയിലിലിടാം എന്ന വകുപ്പുകള്‍ ഉള്‍ക്കൊള്ളുന്ന SC/ST ആക്ട് അത്യന്തം വിവേചനപരമാണെന്നും നീതി നിഷേധമാണെന്നും കോടതി തന്നെ നിരീക്ഷിച്ചതാണ്. അധികാര ശ്രേണിയില്‍ വളരെ താഴ്ന്ന നിലയിലുള്ളവര്‍ക്ക് നീതി ലഭിക്കണമെങ്കില്‍ ഇത്തരം നിയമങ്ങള്‍ അനിവാര്യമാണ് എന്നതാണ് പൊതുവെ അംഗീകരിക്കപ്പെട്ട മാനദണ്ഡം. കേരളം പോലുള്ള ചിലയിടങ്ങളില്‍ വിദ്യാഭ്യാസപരമായും സാമൂഹികമായും മുസ്‌ലിം സ്ത്രീകള്‍ ഒരു പാട് മുന്നോട്ട് പോയിട്ടുണ്ടെങ്കിലും മുസ്‌ലിം പുരുഷന്മാരെക്കാളും അധികാര ശ്രേണിയില്‍ എത്രയോ പുറകിലാണ് മുസ്‌ലിം സ്ത്രീ, ആ നിലക്ക് അവര്‍ക്കാനുമായുള്ള വിവേചനം ( പോസിറ്റീവ് ഡിസ്‌ക്രിമിനേഷന്‍ ) നീതികരിക്കപ്പെടാവുന്നതാണ്.

 

ഒരു കാടന്‍ നിയമം എന്ന നിലയില്‍ നിന്ന് മറ്റൊരു വിവേചനപരമായ നിയമം എന്ന നിലയിലേക്ക് മുതലാഖ്ബില്‍ മാറ്റാനായി എന്നതാണ് കോണ്‍ഗ്രസിന്റെയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടെയും വിജയം. മുതലാഖ്നടത്തി എന്ന ഒരു പരാതി നല്‍കി ഏതൊരാള്‍ക്കും ഒരു മുസ്‌ലിം പുരുഷനെ ജാമ്യമില്ലാതെ ജയിലിലാക്കാം എന്നതായിരുന്നു ആദ്യം അവതരിപ്പിച്ച ബില്ലില്‍, സംഘപരിവാറുകള്‍ വന്‍തോതില്‍ ദുരുപയോഗം ചെയ്യുവാന്‍ സാധ്യതയുണ്ടായിരുന്ന ഒരു പ്രൊവിഷന്‍ , ഇപ്പോള്‍ പരാതി നല്‍കാനുള്ള അവകാശം ഭാര്യക്കോ അടുത്ത ബന്ധുക്കള്‍ക്കോ ആക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്, ഭാര്യാ പിതാവ്, ഭാര്യാ സഹോദരന്‍ തുടങ്ങിയവര്‍ക്ക് മാത്രമേ ഇപ്പോള്‍ പരാതി നല്‍കാനാവൂ.

ജാമ്യത്തിന് ഒരു സാധ്യതയുമില്ലായിരുന്നു ആദ്യത്തെ ബില്ലില്‍, പക്ഷെ പുതിയ ബില്ലില്‍ മജിസ്ട്രേറ്റിനു ജാമ്യം നല്‍കാം എന്നാക്കിയിട്ടുണ്ട്. പഴയതില്‍ ഭാര്യ പരാതി പിന്‍വലിച്ചാലും ഭര്‍ത്താവു ജയിലില്‍ കിടക്കേണ്ട സ്ഥിതിയുണ്ടായിരുന്നു, പുതിയ ബില്ലില്‍ ഭാര്യയുമായി ഒത്തു തീര്‍പ്പുണ്ടാക്കി കേസ് അവസാനിപ്പിക്കാന്‍ കഴിയും. ഇത്രയും മാറ്റങ്ങള്‍ കൊണ്ട് വരാന്‍ കഴിഞ്ഞത് വഴി പ്രതിപക്ഷ ധര്‍മം നിറവേറ്റി എന്ന് കോണ്‍ഗ്രസിനും മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും അഭിമാനിക്കാം. ബില്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യവും ന്യായമാണ്, നിയമം ഇഴകീറി പരിശോധിച്ച് കുറ്റമറ്റതാക്കാന്‍ സെലക്ട് കമ്മിറ്റിക്കു കഴിയും, അല്ലെങ്കില്‍ അതിനു വേണ്ടിയാണ് സെലക്ട് കമ്മിറ്റി. പക്ഷെ ഇത്തരം സ്ഥാപനങ്ങളോട് ഒരു ബഹുമാനവും പുലര്‍ത്താത്ത ഇപ്പോഴത്തെ സര്‍ക്കാരില്‍ നിന്ന് അതൊന്നും പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല.

ഈ നിയമം ഫലത്തില്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് തന്നെ എതിരായി വരും എന്ന വാദത്തിലും കഴമ്പുണ്ട് എന്ന് തോന്നുന്നില്ല. സിവില്‍ കോടതികളിലൂടെ, ഇപ്പോള്‍ ഹിന്ദു ക്രിസ്ത്യന്‍ ദമ്പതികള്‍ വിവാഹമോചനം നടത്തുന്നത് പോലെ വേണ്ടിവരും ഇനി മുതല്‍ മുസ്‌ലിംകളും വിവാഹ മോചനം നടത്താന്‍. മാസങ്ങളോളം നീണ്ടു നില്‍ക്കുന്ന ഈ പ്രക്രിയ ഒഴിവാക്കാന്‍ വേണ്ടി ഭാര്യയെ വിവാഹമോചനം നടത്താതെ തന്നെ ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിക്കും എന്നും ഇത് പാവപ്പെട്ട സ്ത്രീകളുടെ ജീവിതം നരക തുല്യമാക്കും എന്നതാണ് വാദം.

 

 

പക്ഷെ ഇത് മുസ്‌ലിംകളുടെ മാത്രം പ്രശ്‌നമല്ല, 2011 ലെ സെന്‍സസ് പ്രകാരം 23 ലക്ഷം സ്ത്രീകള്‍ ഇങ്ങനെ ഒറ്റപ്പെട്ടു ജീവിക്കുന്നുണ്ട്, ഇതില്‍ 19 ലക്ഷം ഹിന്ദു സ്ത്രീകളാണ് , രണ്ടര ലക്ഷത്തോളം മുസ്‌ലിംകളും. ഇന്ത്യയെപ്പോലെ സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങളും വേതനവും കുറഞ്ഞ ഒരു രാജ്യത്തു ഇങ്ങനെ ഒറ്റപ്പെടുന്ന സ്ത്രീകളുടെ അവസ്ഥ പരിതാപകരമാണ്, ഇതിനു പ്രതിവിധിയായി വിവാഹമോചനം നടത്താതെ ഭാര്യയെ ഒഴിവാക്കുന്ന ഭര്‍ത്താക്കന്മാരെ കുറ്റവാളികളാക്കുന്ന നിയമം കൊണ്ട് വരേണ്ട ആവശ്യകതയുണ്ട് ഇന്ത്യയില്‍.

ഇപ്പോഴത്തെ പ്രധാനമന്ത്രി തന്നെ ജയിലില്‍പോകേണ്ടി വരും എന്നത് കൊണ്ട് അത്തരം ഒരു നിയമം ഇപ്പോള്‍ പ്രതീക്ഷിക്കാനാവില്ല. ഇത് ഒരു പൊതു പ്രശ്‌നമാണെങ്കിലും മുസ്‌ലിംകള്‍ക്ക് ഇങ്ങനെ വിവാഹമോചനം നടത്താതെ ഭാര്യയെ ഉപേക്ഷിച്ച ശേഷം മറ്റൊരു വിവാഹം കഴിക്കാന്‍ നിയമം അനുവദിക്കുന്നുണ്ട് ഇന്ത്യയില്‍. ഇതിനു പരിഹാരം പക്ഷെ മുതലാഖ്നിലനിര്‍ത്തലല്ല, ബഹുഭാര്യത്വം നിരോധിക്കലാണ്.

സുപ്രീം കോടതി ഇപ്പോള്‍ തന്നെ അസാധുവാക്കിയ  മുതലാഖ്, കുറ്റകരമാക്കുന്ന ഒരു നിയമം ആവശ്യമുണ്ടോ എന്ന ഒരു വാദവും പലരും ഉന്നയിക്കുന്നുണ്ട്. മുസ്‌ലിം സമൂഹത്തില്‍ മൂന്നു പ്രാവശ്യം തലാഖ് തലാഖ് തലാഖ് എന്ന് ഒരു ഭര്‍ത്താവു ഭാര്യയോട് പറഞ്ഞാലോ മെസ്സേജ് അയച്ചാലോ ബന്ധം ഇസ്‌ലാമികമായി വേര്‍പെട്ടു എന്ന് കരുതുന്ന ഒട്ടേറെ പേരുണ്ട്. ഇത് ഇസ്‌ലാമികമായി ശരിയാണ് എന്നും അല്ല എന്നും പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്.

 

ഇങ്ങനെ ബന്ധം വേര്‍പെട്ടു എന്ന് കരുതുന്നവര്‍ തിരിച്ചു അതേ ഭര്‍ത്താവിനെ അല്ലെങ്കില്‍ ഭാര്യയെ സ്വീകരിക്കണമെങ്കില്‍ നികാഹ്-ഹലാലാ ( ഭാര്യ മറ്റൊരാളെ വിവാഹം കഴിച്ചു ആ ബന്ധവും വേര്‍പെടുത്തി തിരിച്ചു പഴയ ഭര്‍ത്താവിനെ കല്യാണം കഴിക്കുന്ന രീതി , ഇതും ഇസ്‌സലാമികമാണോ എന്നതില്‍ അഭിപ്രായ വ്യത്യാസമുണ്ട്, ഏതായാലും ഇന്ത്യയിലെ വ്യക്തി നിയമത്തില്‍ അതുണ്ട് ) ചെയ്യണമെന്നും കരുതുന്നവരാണ്. സുപ്രീം കോടതി വിധി പ്രകാരം മുതലാഖിന് ഇപ്പോള്‍ നിയമസാധുധയില്ലെങ്കിലും നികാഹ്-ഹലാല പോലുള്ള സാമൂഹ്യ പീഡനങ്ങിലേക്ക് സ്ത്രീകളെ കൊണ്ട് ചെന്നെത്തിക്കാന്‍ സാധ്യതയുള്ള ഒരു കുറ്റകൃത്യം എന്ന നിലയില്‍ മുതലാഖ് ചെയ്യുന്ന ആള്‍ ശിക്ഷിക്കപ്പെടുക എന്നത് നീതിയാണ്, മൂന്നു കൊല്ലം തടവ് ശിക്ഷ അധികമാണെന്ന് കരുതാന്‍ വയ്യ.

ഏതായാലും കോണ്‍ഗ്രസ്സ് എതിര്‍ത്ത് വോട്ട് ചെയ്യില്ല എന്നത് കൊണ്ട് രാജ്യസഭയും ഈ ബില്‍ പാസാക്കുമെന്നാണ് തോന്നുന്നത്. ഇനി അഥവാ സെലക്ട് കമ്മിറ്റിക്ക് വിടാന്‍ തീരുമാനിച്ചാലും മൂന്ന് കൊല്ലം തടവ് എന്നത് രണ്ടു കൊല്ലം എന്നാക്കാന്‍ സാധ്യതയുണ്ടെന്നല്ലാതെ മറ്റു വ്യത്യാസങ്ങള്‍ ഒന്നും വരാന്‍ സാധ്യത കാണുന്നില്ല. എന്തൊക്കെയായാലും നിരപരാധിത്വം തെളിയിക്കേണ്ട കുറ്റാരോപിതര്‍ക്കാണെന്ന നീതി നിഷേധം മുസ്‌ലിം പുരുഷന്റെ മേലെ ഡെമോക്ലീസിന്റെ വാള് പോലെ എന്നും തൂങ്ങി കിടക്കും ഇനിയെന്നും.

ഒട്ടേറെ പാഠങ്ങളാണ് പുരുഷ നിയന്ത്രിത മുസ്‌ലിം സംഘടനകള്‍ക്ക് ഈ ബില്‍ നല്‍കുന്നത്. സ്ത്രീ വിരുദ്ധമായ ഒരു ആചാരവും അവകാശവും ഇനി നിലനില്‍ക്കില്ല. രാഷ്ട്രീയക്കാര്‍ക്ക് ധൈര്യം ഇല്ലെങ്കില്‍ കോടതികള്‍ തീര്‍ച്ചയായും അത്തരം മുഴുവന്‍ ആചാരങ്ങളും റദ്ദ് ചെയ്യും, സമയത്തിന്റെ പ്രശ്‌നം മാത്രമേയുള്ളു. ഷാഹ്ബാനു കേസിന്റെ വിധി വന്ന സമയത്തു തെരുവിലിറങ്ങി രാജീവ് ഗാന്ധിയെ കൊണ്ട് നിയമം മാറ്റിച്ച തലമുറ ഇന്നില്ല, അതിനിനി മുസ്‌ലിംകളെ കിട്ടില്ല , പ്രത്യേകിച്ച് സ്ത്രീകളെ. മറിച്ചു അത്തരം വിധികളെ സ്ത്രീകള്‍ മുഴുവനായും പുരുഷന്മാരില്‍ നല്ലൊരു പങ്കും സ്വാഗതം ചെയ്യുകയേ ഉള്ളൂ.

 

ശബരിമല പ്രശ്‌നത്തില്‍ നായര്‍ സ്ത്രീകള്‍ തെരുവില്‍ ഇറങ്ങിയത് പോലെ മുസ്‌ലിംകളുടെ ഇടയില്‍ നിന്ന് ഒരാള്‍ പോലും പ്രതിഷേധവുമായി തെരുവിലിറങ്ങാത്തതു മുസ്‌ലിം സമുദായ നേതാക്കളുടെ കണ്ണ് തുറപ്പിക്കണം. ഒന്നും കെട്ടും രണ്ടും കെട്ടും ഇ.എം.എസിന്റെ ഓളേം കെട്ടും എന്ന മുദ്രാവാക്യം ഇനിയൊരിക്കലും ഉയരില്ല. ഒരു പക്ഷെ ഇത് മനസിലാക്കിയത് കൊണ്ടാകും മുസ്‌ലിം നേതാക്കളിലെ ചാണക്യനായ കുഞ്ഞാലിക്കുട്ടി ചര്‍ച്ചയില്‍ പോലും പങ്കെടുക്കാതെ മാറി നിന്നത്, മലപ്പുറത്തെ മണ്ഡലങ്ങളില്‍ പുരുഷന്മാരേക്കാളധികം സ്ത്രീ വോട്ടര്‍മാണ് എന്ന് കുഞ്ഞാലിക്കുട്ടിക്ക് അറിയാതിരിക്കാന്‍ വഴിയില്ലല്ലോ.

മുതലാഖിനെ പറ്റിയുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. മിക്കവാറും മുസ്‌ലിം സംഘടനകള്‍ ഈ ആചാരം സ്ത്രീവിരുദ്ധവും ഇസ്‌ലാമിക വിരുദ്ധവും ആണെന്ന് അംഗീകരിച്ചതാണ് പണ്ടേ. പക്ഷെ അത് തിരുത്താനായി ആരും ഒന്നും ചെയ്തില്ല. അവസാനം കോടതി തിരുത്തുകയും സര്‍ക്കാര്‍ ബില്‍ കൊണ്ട് വരികയും ചെയ്തു, സ്ത്രീവിരുദ്ധര്‍ എന്ന പേര് മുസ്‌ലിംകള്‍ക്ക് ബാക്കിയായത് മാത്രം മിച്ചം.

ബഹു ഭാര്യത്വം, നികാഹ്-ഹലാല, സ്ത്രീ സ്വത്തവകാശം തുടങ്ങി പ്രത്യക്ഷത്തില്‍ തന്നെ സ്ത്രീവിരുദ്ധമായ മറ്റ് നിയമങ്ങള്‍ ഉടനെ തന്നെ കോടതികള്‍ എടുത്തു മാറ്റും. അനുബന്ധ നിയമങ്ങള്‍ സര്‍ക്കാരുകള്‍ ഉണ്ടാക്കുകയും ചെയ്യും, അവ മിക്കവാറും മുസ്‌ലിം പുരുഷന്മാര്‍ക്കെതിരെ വിവേചന പരമായിരിക്കുകയും ചെയ്യും. മിക്കവാറും മുസ്‌ലിംകള്‍ ഈ നിയമങ്ങളൊക്കെ കാലഹരണപ്പെട്ടതാണെന്നോ ഇസ്‌ലാം വിരുദ്ധമാണെന്നോ അംഗീകരിക്കുന്നവരാണ്. ഉദാഹരണത്തിന് ബഹുഭാര്യത്വം മുസ്‌ലിംകളുടെയിടയിലാണ് ഹിന്ദുക്കളേക്കാള്‍ കുറവ്. പക്ഷെ ഇത്തരം നിയമങ്ങള്‍ക്കെതിരെ ഒരു മുസ്‌ലിം സംഘടനയും ഒന്നും ചെയ്യുന്നുമില്ല. ഫലത്തില്‍ മുസ്‌ലിം സ്ത്രീകളെ കോടതികളുടെ കാരുണ്യത്തിനും മുസ്‌ലിം പുരുഷന്മാരെ സര്‍ക്കാരുകളുടെ കാരുണ്യത്തിനും വിട്ടു കൊടുക്കുകയാണ് ഈ സംഘടനകള്‍ ചെയ്യുന്നത്.

ഫാറൂഖ്
ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ