ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന ജില്ലകളില്‍ കര്‍ശന നിയന്ത്രണം, അതിര്‍ത്തികള്‍ അടച്ചിടും; നിര്‍ദേശങ്ങളിങ്ങനെ
Kerala News
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന ജില്ലകളില്‍ കര്‍ശന നിയന്ത്രണം, അതിര്‍ത്തികള്‍ അടച്ചിടും; നിര്‍ദേശങ്ങളിങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th May 2021, 6:50 pm

തിരുവനന്തപുരം: നാല് ജില്ലകളില്‍ ഏര്‍പ്പെടുത്തിയ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഞായറാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ നാല് ജില്ലകളില്‍ കര്‍ശന നിയന്ത്രണമായിരിക്കും ഏര്‍പ്പെടുത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ട്രപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കിയ പ്രദേശത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ 10,000 പൊലീസുകാരെ നിയോഗിച്ചു. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം എന്നീ ജില്ലകളിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്.

മരുന്നുകട, പെട്രോള്‍ പമ്പുകള്‍ എന്നിവ തുറക്കും. പാല്‍, പത്രം എന്നിവ രാവിലെ ആറ് മണിക്ക് മുമ്പ് വീടുകളില്‍ എത്തിക്കണം.

വീട്ടു ജോലിക്കാര്‍, ഹോം നേഴ്‌സ് എന്നിവര്‍ക്ക് ഓണ്‍ലൈന്‍ പാസ് വാങ്ങി യാത്ര ചെയ്യാം.

പ്ലംബര്‍മാര്‍ ഇലക്ട്രീഷന്‍മാര്‍ക്കും അടിയന്തര ഘട്ടങ്ങളില്‍ ഓണ്‍ലൈന്‍ പാസ് വാങ്ങി യാത്ര ചെയ്യാം. വിമാന യാത്രക്കാര്‍ക്കും ട്രെയിന്‍ യാത്രക്കാര്‍ക്കും യാത്രാനുമതി ഉണ്ട്. ബേക്കറി പലവ്യഞ്ജനകട എന്നിവ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാം.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വരുന്ന ജില്ലകളില്‍ ബാങ്കുകള്‍ ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണ ബാങ്കുകള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ മുതല്‍ ഉച്ചവരെ മിനിമം ജീവനക്കാരുമായി പ്രവര്‍ത്തിക്കാം.

തിരിച്ചറിയല്‍ കാര്‍ഡുമായി വരുന്ന അത്യാവശ്യ വിഭാഗക്കാര്‍ക്ക് മാത്രമേ യാത്രാനുമതി ഉണ്ടാകൂ. ഈ ജില്ലകളുടെ അതിര്‍ത്തികള്‍ അടച്ചിടും.

അകത്തേക്കും പുറത്തേക്കും യാത്രക്കുള്ള ഒരു റോഡ് ഒഴികെ കണ്ടെയിന്‍മെന്റ് സോണുകള്‍ മുഴുവന്‍ അടച്ചിടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് ഇന്ന് 32,680 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 122628 സാമ്പിളുകളാണ് പരിശോധിച്ചത്.

4,45334 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 29969 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് കൊവിഡ് ബാധിച്ചത്. 96 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 2944 പേര്‍ രോഗമുക്തരായത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlight: Triple lockdown restriction in four  districts