| Sunday, 16th May 2021, 7:57 pm

തിരുവനന്തപുരം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍; നിയന്ത്രണങ്ങള്‍ ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ 17.05.2021 മുതല്‍ 23.05.2021 വരെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെുത്തിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ജില്ലയില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരും. നിലവിലുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കു പുറമേ ട്രിപ്പിള്‍ ലോക്ക്ഡൗണിന്റെ ഭാഗമായി കൂടുതല്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ഭക്ഷ്യവസ്തുക്കള്‍, പലചരക്ക്, പഴം, പച്ചക്കറി, പാല്‍, മാംസം, മത്സ്യം, കാലിത്തീറ്റ, വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍, ബേക്കറികള്‍ എന്നിവ തിങ്കള്‍ മുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം. പ്രവര്‍ത്തിക്കുന്ന ദിവസങ്ങളില്‍ ഉച്ചയ്ക്കു രണ്ടു മണിക്ക് കടകള്‍ അടയ്ക്കണം.

പാല്‍, പത്ര വിതരണം എന്നിവ രാവിലെ എട്ടിനു മുന്‍പു പൂര്‍ത്തിയാക്കണം. റേഷന്‍ കടകള്‍, മാവേലി സ്റ്റോറുകള്‍, സപ്ലൈകോ ഷോപ്പുകള്‍, മില്‍ക്ക് ബൂത്തുകള്‍ തുടങ്ങിയവ ദിവസവും വൈകിട്ട് അഞ്ചു വരെ പ്രവര്‍ത്തിക്കാം.

ഹോട്ടലുകളും റസ്റ്ററന്റുകളും രാവിലെ ഏഴു മുതല്‍ വൈകിട്ട് 7.30 വരെ ഹോം ഡെലിവറിക്കു മാത്രമായി തുറക്കാം. ടേക്ക് എവേയും പാഴ്‌സല്‍ സര്‍വീസും അനുവദിക്കില്ല. മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ പമ്പുകള്‍, എ.ടി.എമ്മുകള്‍, ജീവന്‍രക്ഷാ ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍, ആശുപത്രികള്‍, ക്ലിനിക്കുകള്‍ തുടങ്ങിയവ എല്ലാ ദിവസവും പ്രവര്‍ത്തിക്കും. പൊതുജനങ്ങള്‍, അവശ്യവസ്തുക്കള്‍ വീടിനോട് ഏറ്റവും അടുത്തുള്ള കടയില്‍നിന്നു വാങ്ങണം. ഇവ വാങ്ങുന്നതിനായി കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ അനുവദിക്കില്ല.

ബാങ്കുകള്‍, ഇന്‍ഷ്വറന്‍സ് സ്ഥാപനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം. ഏറ്റവും കുറഞ്ഞ സ്റ്റാഫിനെ വച്ച് രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയാണ് ഇവയ്ക്കു പ്രവര്‍ത്തിക്കാന്‍ അനുവാദം.

സഹകരണ ബാങ്കുകള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ പ്രവര്‍ത്തിക്കും. ഇ-കൊമേഴ്‌സ്, അവശ്യ വസ്തുക്കളുടെ ഡെലിവറി എന്നിവ ദിവസവും രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്കു രണ്ടു വരെ അനുവദിക്കും.

മറ്റു നിയന്ത്രണങ്ങള്‍:

ജില്ലയിലേക്കു പ്രവേശിക്കുന്നതും ജില്ലയ്ക്കു പുറത്തേക്കു പോകുന്നതും പൊലീസ് കര്‍ശനമായി നിയന്ത്രിക്കും. കണ്ടെയ്ന്‍മെന്റ് സോണുകളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടാകും. ചരക്കു ഗതാഗതം, അവശ്യ സേവനങ്ങള്‍ എന്നിവയ്ക്കു മാത്രമേ സംസ്ഥാനാന്തര ഗതാഗതം അനുവദിക്കൂ. സംസ്ഥാനാന്തര അവശ്യയാത്രയ്ക്ക് കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതു നിര്‍ബന്ധമാണ്.
മാധ്യമ പ്രവര്‍ത്തകര്‍ക്കു ജില്ലയിലേക്കു പ്രവേശിക്കുന്നതിനും ജില്ല വിട്ടു പോകുന്നതിനും പൊലീസിന്റെ പ്രത്യേക പാസ് വേണം.

വീട്ടുജോലിക്കാര്‍, ഹോം നഴ്‌സ് തുടങ്ങിയവര്‍ക്ക് ഓണ്‍ലൈന്‍ പാസ് നിര്‍ബന്ധം. ഇലക്ട്രോണിക്, പ്ലമ്പിങ് ജോലികള്‍ ചെയ്യുന്ന ടെക്‌നീഷ്യന്മാര്‍ക്കും പാസ് നിര്‍ബന്ധം. പാസുകള്‍ pass.bsafe.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷിച്ചാല്‍ ലഭ്യമാകും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Triple Lockdown In Thiruvananthapuram

We use cookies to give you the best possible experience. Learn more