| Friday, 16th March 2018, 7:38 pm

ഒളിച്ചിരിക്കുന്ന ഓര്‍ച്ച! മധ്യപ്രദേശിലെ ക്ഷേത്രഗോപുരം തേടി ഒരു യാത്ര

എഡിറ്റര്‍

ഒരു ചിത്രത്തില്‍ കണ്ട മനോഹരങ്ങളായ ഗോപുരങ്ങളുള്ള ക്ഷേത്രത്തെ തേടി മധ്യപ്രദേശിലെ തികമാര്‍ഗ് ജില്ലയിലെ ഓര്‍ച്ചയിലേക്ക്… സജ്‌നാ അലി എഴുതുന്നു…

ഒളിച്ചിരിക്കുന്ന ഓര്‍ച്ച!

അതങ്ങനെ തന്നെ ആയിരുന്നു… ഒന്നൊന്നര വര്‍ഷം മുന്‍പ് ഓഫീസില്‍ പ്രോഗ്രാം കോഡിങ്ങുകളുടെ ഇടയില്‍ എന്നെ അറിഞ്ഞു ഗൂഗിള്‍ ഒരു ചിത്രം എന്റെ സെര്‍ച്ച് പേജിന്റെ ഇടതു വശത്തായി തന്നു. നല്ല ഭംഗിയുള്ള ഗോപുരങ്ങളുള്ള ഒരു ക്ഷേത്രം. ചരിത്രത്തോടുള്ള പ്രേമം കാരണം കിട്ടിയ ഇമേജും കൊണ്ട് നേരെ ഇമേജ് സെര്‍ച്ച് കൊടുത്തു സ്ഥലം കണ്ടു പിടിച്ചു – അതാണ് ഓര്‍ച്ച!

മധ്യപ്രദേശിലെ തികമാര്‍ഗ് ജില്ലയിലെ ഒരു ചെറിയ ഗ്രാമം. പതിനഞ്ചാം നൂറ്റാണ്ടില്‍ ബുന്ദേല്‍ഖണ്ഡ് രാജവംശത്തിന്റെ തലസ്ഥാനം ആയിരുന്നു. തൊട്ടടുത്തുള്ള റയില്‍വേ സ്റ്റേഷന്‍ ഝാന്‍സി ആണ്. ഞാന്‍ കേരളത്തില്‍ നിന്നും ചെന്നൈയില്‍ നിന്നും എങ്ങനെ ഒക്കെ ട്രെയിന്‍ പിടിച്ചു പോയാലും ഒരൊറ്റ ദിവസം ഓര്‍ച്ചയില്‍ ചിലവിടാന്‍ അഞ്ചു ദിവസം യാത്ര അടക്കം വേണ്ടി വരും. താല്‍ക്കാലത്തെ ലീവിന്റെ എണ്ണം വെച്ച് യാത്ര വേണ്ടെന്നു വെച്ചു. പിന്നീട് മാസങ്ങള്‍ക്ക് ശേഷം ദല്‍ഹി വഴി ഒരു യാത്ര പ്ലാന്‍ ചെയ്തു. ആദ്യമായി വിമാനത്തില്‍ കയറുക എന്നൊരു സ്വപ്നവും സാക്ഷാത്കരിച്ചു യാത്രക്കുള്ള ബാഗുമായി ട്രെയിനില്‍ രാത്രി 10:30 ക്കു ഝാന്‍സി റെയില്‍വേ സ്റ്റേഷനില്‍ ചെന്നിറങ്ങി.

അധികം ആളും ബഹളവും ഇല്ല. ഗൂഗിള്‍ മാപ് പറഞ്ഞു ബുക്ക് ചെയ്ത ഹോട്ടല്‍ ഒരു കി.മി ദൂരത്തു ആണ് എന്ന്. ട്രെയിനില്‍ എന്റെ സീറ്റു കയ്യേറി കിടന്നുറങ്ങിയ ഒരു മദ്യപിച്ച ഹിന്ദിക്കാരന്‍ ചേട്ടനെ വലിച്ചു താഴെ ഇടാന്‍ പെട്ട പാട് ഓര്‍ത്തപ്പോള്‍ നൂറു മീറ്റര്‍ പോലും അനങ്ങാന്‍ തോന്നിയില്ല. പിന്നെ ദല്‍ഹിയിലെ സുഹൃത്ത് തന്നൊരു വാണിംഗ് ഉണ്ടായിരുന്നു “ഓര്‍ച്ച തനിച്ചുള്ള യാത്രകള്‍ക്ക് പറ്റിയതല്ല, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. ഒരു വിദേശ വനിതയെ അവിടെ ഇട്ടു ബലാത്സംഗം ചെയ്തിട്ട് ഒരു വര്‍ഷം ആവുന്നേ ഉള്ളു”. എന്തായാലും പുറത്തിറങ്ങി ഒരു ഓട്ടോ ചേട്ടനെ വിളിച്ചു ഹോട്ടല്‍ പേര് പറഞ്ഞു. പോകുന്ന വഴി അതിലും ചീപ്പ് ഒരു ഹോട്ടല്‍ ഉണ്ടെന്നു പറഞ്ഞു വഴിയില്‍ നിര്‍ത്തി. ആളൊഴിഞ്ഞ റോഡും മുറുക്കി തുപ്പിയ പാനിന്റെ മണവും. ഹോട്ടല്‍ കണ്ടപ്പോഴേ ഞാന്‍ പറഞ്ഞു ബുക്ക് ചെയ്ത ഹോട്ടലില്‍ എന്നെ ഇറക്കിയാല്‍ മതിയെന്ന്.

ഹോട്ടല്‍ റിഷാബ്, അതായിരുന്നു ഞാന്‍ കണ്ടെത്തിയ ഇടം. ഓട്ടോകാരനു പൈസ കൊടുത്തു പറഞ്ഞു വിടുമ്പോള്‍ നാളെ സവാരിക്ക് വരണോ , 800 രൂപയെ ആവുള്ളു എന്ന് പറഞ്ഞു. അയാളുടെ ആശ്വാസത്തിന് ഫോണ്‍ നമ്പര്‍ വാങ്ങി വെച്ച് നേരെ റിസപ്ഷനിലേക്കു കയറി. മധ്യവയസ്‌ക്കനായ മാനേജറിന് കേരളത്തില്‍ നിന്ന് ഒറ്റയ്ക്ക് വന്ന പെണ്‍കുട്ടിയോട് ഭയങ്കര സ്‌നേഹം. ഫുഡ് റൂമിലെത്തിക്കാം എന്ന് പറഞ്ഞു. അതും കഴിച്ചു ഒന്ന് കുളിച്ചു അത് പോലെ കിടന്നുറങ്ങി. അടുത്ത ദിവസം രാവിലെ 7 മണിക്ക് തന്നെ ഓര്‍ച്ചക്കു പുറപ്പെടണം.

രാവിലെ ഹോട്ടലില്‍ നിന്ന് ഇറങ്ങും മുന്നേ പോകുന്ന വഴിയേ കുറിച്ച് വിശദമായി മാനേജരോട് ചോദിച്ചു. ഒരു ഷെയര്‍ ഓട്ടോ വിളിച്ചു റെയില്‍ വേ സ്റ്റേഷനിനു മുന്നില്‍ ഉള്ള ഓട്ടോ സ്റ്റാന്‍ഡില്‍ നിന്ന് ഓര്‍ച്ചക്കു ഓട്ടോ കിട്ടും എന്ന് പറഞ്ഞു. അല്‍പ്പം കാത്തു നിന്നിട്ടാനാണെങ്കിലും 40 രൂപ കൊടുത്തു രണ്ടു മണിക്കൂറിനുള്ളില്‍ ഓര്‍ച്ച എത്തി.

അവിടവിടെ കുറച്ചു വീടുകളും കടകളുമുള്ള ഒരു ചെറിയ ഗ്രാമം. പ്രധാനപ്പെട്ട എല്ലാ സൗധങ്ങളും അമ്പലങ്ങളും നില്‍ക്കുന്നിടത്തു നിന്ന് തന്നെ കാണാം. ആദ്യം ചതുര്‍ഭുജ് ക്ഷേത്രത്തില്‍ നിന്ന് തുടങ്ങാം എന്ന് കരുതി. വഴി നീളെ ചരടും പ്രസാദവും വില്‍ക്കുന്ന കച്ചവടക്കാര്‍ ആണ്. കുറച്ചു പടികള്‍ കയറി മുകളിലെത്തിയപ്പോള്‍ വിഷ്ണുവിനായി സമര്‍പ്പിച്ച ക്ഷേത്ര നടയില്‍ എത്തി. നേരെ മുന്‍പില്‍ ഓര്‍ച്ച കോട്ടയും കാണാം.

ബുന്‍ഡ്വേല രാജപുത്രന്മാരില്‍ മധുകര്‍ ഷാ ആണ് ക്ഷേത്ര നിര്‍മാണം തുടങ്ങി വെച്ചത്, പണി തീര്‍ത്തത് മകന്‍ വീര്‍ സിംഗ് ഡിയോയും. അദ്ദേഹത്തിന്റെ ഇഷ്ട്ട ദേവനായ ശ്രീ കൃഷണനു വേണ്ടി ആണ് ആദ്യം ക്ഷേത്രം നിര്‍മ്മിച്ചത് പിന്നീട് അദ്ദേഹത്തിന്റെ പത്‌നിയുടെ ഇഷ്ടദേവനായ ശ്രീ രാമന് വേണ്ടി ആയി മാറുകയായിരുന്നു. അവരുടെ സ്വപ്നത്തില്‍ ശ്രീരാമന്‍ പ്രത്യക്ഷപ്പെടുകയും അദ്ദേഹത്തിന് വേണ്ടി ഒരു ക്ഷേത്രത്തെ നിര്‍മിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു എന്ന് പറയുന്നു.

അയോദ്ധ്യയില്‍ പോയി വാങ്ങി കൊണ്ട് വന്ന ശ്രീരാമചന്ദ്രന്റെ ഒരു ചിത്രം പിന്നീട് ക്ഷേത്രത്തിലേക്ക് മാറ്റം എന്ന തീരുമാനത്തില്‍ റാണിയുടെ കൊട്ടാരത്തില്‍ തന്നെ വെക്കുകയും പിന്നീട് അതവിടെ നിന്ന് മാറ്റാന്‍ പറ്റില്ലെന്ന് പറഞ്ഞു റാണി മഹല്‍ തന്നെ ശ്രീ രാമ ചന്ദ്രന് സമര്‍പ്പിക്കുകയായിരുന്നു. ഭാരതത്തില്‍ ശ്രീ രാമനെ ഒരു ഒരു രാജാവായി തന്നെ പൂജിക്കുന്ന ഒരേ ഒരു സ്ഥലവും ഇവിടെ ആണ്. കൊട്ടാരം പിന്നീട് രാമരാജ ക്ഷേത്രമാക്കി മാറ്റുകയായിരുന്നു. ചതുര്‍ബുജ് പ്രതിഷ്ഠയില്ലാത്ത ക്ഷേത്രമായി മാറുകയും ചെയ്തു. ചരിത്രം കഴിഞ്ഞു കടവാവലുളുടെയും പ്രാവിന്റെയും മണമുള്ള ഇട നാഴിയിലൂടെ നടന്നു ക്ഷേത്രം ചുറ്റി കണ്ടു നേരെ കോട്ടയിലേക്ക് പുറപ്പെട്ടു.

ബേത്വാ നദിയോട് ചേര്‍ന്ന് കിടക്കുന്ന കൊട്ടാരം കണ്ടു ഇതിപ്പോ എവിടുന്ന് തുടങ്ങും എന്നാലോചിച്ചു നിക്കുമ്പോള്‍ ആണ് ഒരു ഗൈഡ് (രോഹിത്) സഹായത്തിനു എത്തുന്നത്. 270 രൂപ കൊടുത്താല്‍ കൊട്ടാരംകോട്ടയും കൊട്ടാരവും മുഴുവന്‍ നടന്നു കാണിക്കാം എന്ന് പറഞ്ഞു. അത് ഏറ്റവും എളുപ്പമായി തോന്നി അയാളുടെ കൂടെ വെച്ച് പിടിച്ചു.
പതിനാറാം നൂറ്റാണ്ടില്‍ രുദ്ര പ്രതാപ് സിംഗ് പണികഴിപ്പിച്ച കോട്ടയില്‍ റാണി മഹല്‍, രാജ മഹല്‍, ഷീഷ് മഹല്‍, ജഹന്ഗീര്‍ മഹല്‍ എന്നിങ്ങനെ വേര്‍തിരിച്ചു സൗധങ്ങള്‍ ഉണ്ട്. ഇടയ്ക്കു നല്ല പൂന്തോട്ടങ്ങളും ഒറ്റത്തടിയില്‍ തീര്‍ത്ത കോട്ട വാതിലുകളൂം മട്ടുപ്പാവുകളും.

ഓര്‍ച്ചയിലെ ഏറ്റവും മനോഹരമായ കെട്ടിടങ്ങളില്‍ ഒന്ന് ഇവിടത്തെ ജഹന്ഗീര്‍ മഹല്‍ ആണ്. ബുന്ദ്വാല രാജവംശവും മുഗള്‍ രാജവംശവും മച്ചാ-മച്ചാ ആയിരുന്നു എന്നത് ജഹന്ഗീര്‍ മഹല്‍ കണ്ടപ്പോഴാണ് അറിഞ്ഞത്. അദ്ദേഹം വേനല്‍ കാലം ചെലവഴിക്കാന്‍ ഇവിടെ വന്നപ്പോള്‍ താമസിച്ച കൊട്ടാരത്തിനു ആണ് ജഹന്ഗീര്‍ മഹല്‍ എന്ന് പേരിട്ടിരിക്കുന്നത്. ഇതിനെല്ലാം നടുവിലായി മനോഹരമായ ഒരു നടുമുറ്റം ഉണ്ട്. ഏതെല്ലാമോ സിനിമകളില്‍ അത് കണ്ടിട്ടുള്ളത് പോലെ തോന്നി. കോട്ടയും മട്ടുപ്പാവും നടന്നു കണ്ടു.

അടുത്തതായി പോവാനുള്ളതാണ് എന്നെ ഗൂഗിള്‍ ഇവിടെ എത്തിച്ച ഛത്രിസ് എന്ന സ്മാരക സൗധങ്ങള്‍. ബൈക്കില്‍ കയറുന്നതു ബുദ്ധിമുട്ടില്ലെങ്കില്‍ രോഹിത് ബൈക്ക് എടുക്കാം എന്ന് പറഞ്ഞു. അങ്ങനെ ആയിക്കോട്ടേന്നു ഞാനും പറഞ്ഞു. നേരെ ചെന്ന് ബൈക്ക് എടുത്തു രണ്ടോ മൂന്നോ മിനിറ്റില്‍ ഛത്രിക്കു സമീപം ബൈക്ക് പാര്‍ക്ക് ചെയ്തു അകത്തു കയറി. നാല് വശത്തായി ഒഴിഞ്ഞ സ്മാരകങ്ങള്‍. സ്‌പെഷ്യല്‍ പെര്‍മിഷന്‍ എടുത്തുകയറിയത് കാരണം ആളുകളുടെ തിരക്കോ ബഹളമോ ഇല്ല.

കൊത്തു പണികളുടെയും ശില്പവിദ്യയുടെയും ഉദാഹരങ്ങള്‍ മരിച്ചു പോയ രാജവംശത്തിന്റെ ഓര്‍മക്കായി നിലകൊള്ളുന്നു. അല്‍പ്പ നേരം അവിടെ ചിലവഴിച്ചു നേരെ ലക്ഷ്മി ക്ഷേത്രത്തിലേക്ക് പോയി. ഓര്‍ച്ചയിലെ ഏറ്റവും ഉയരമുള്ള ഭാഗം ഇതാണെന്നു തോന്നു. ജൂണ്‍ മാസത്തില്‍ പെയ്ത മഴ അവിടവിടെ കുറച്ചു പച്ചപ്പ് സമ്മാനിച്ചിട്ടുണ്ട്. ലക്ഷ്മി ക്ഷേത്രത്തില്‍ 10 രൂപ ടിക്കറ്റ് ഉണ്ട്. ഞാന്‍ അല്ലാതെ വേറെ ഒരു സന്ദര്‍ശകരും ഇല്ല. നിറം മങ്ങി തുടങ്ങിയ മ്യൂറല്‍ പെയിന്റിങ്ങുകള്‍ക്യാമറയുടെ ഫ്‌ലാഷ് കൊണ്ട് അധികം മങ്ങാന്‍ അനുവദിക്കാതെ കാമറ ബാഗില്‍ എടുത്തിട്ട്. ക്ഷേത്രത്തിന്റെ മട്ടുപ്പാവിലേക്കു കയറി അല്‍പ്പം കാറ്റും വെയിലും കൊണ്ടിരുന്നു. അല്‍പ്പ സമയത്തിന് ശേഷം താഴെ ഇറങ്ങി രോഹിത് ഏറ്റവും നല്ല താലി ഭക്ഷണം കിട്ടുന്ന ഹോട്ടലില്‍ (അവിടെ അതങ്ങനെ ഒന്നേ ഉള്ളു ) നിര്‍ത്തി.

അതിനും മുന്‍പ് രോഹിത്തിനോട് പറഞ്ഞു ബേത്വാ നദിക്കു കുറുകെ ഉള്ള ചെറിയ പാലത്തില്‍ കയറി നിന്ന് ഛത്രിയുടെ ഒരു ഫോട്ടോ എടുത്തു . അതൊരു സ്വപനമായിരുന്നു. ഗൂഗിള്‍ ഫോട്ടോ കാണിച്ചു മോഹിപ്പിച്ചത് മുതല്‍. പാലം ഇടിഞ്ഞു പൊളിഞ്ഞാണ് ഇരിക്കുന്നത്. പണി ഉടനെ നടക്കും എന്ന് രോഹിത് പറഞ്ഞു. 300 രൂപ അയാള്‍ക്കുള്ള ഫീസും കൊടുത്തു ഞാന്‍ പതുക്കെ ഭക്ഷണമെല്ലാം കഴിച്ചു തിരിച്ചു ജാന്‍സിയിലേക്കുള്ള ഓട്ടോയും നോക്കി നടന്നു അവസാനം ഒന്ന് കണ്ടുപിടിച്ചു. ഷെയര്‍ ഓട്ടോ ആയതു കാരണം പോവാന്‍ നേരം വൈകും 200 രൂപ തന്നാല്‍ ഇപ്പൊ തന്നെ വണ്ടി എടുക്കാം എന്നൊക്കെ പറഞ്ഞു ഡ്രൈവര്‍. ഓ എനിക്കങ്ങനെ തിരക്കൊന്നും ഇല്ലെന്നു പറഞ്ഞു അവിടെ തന്നെ ഇരുന്നു. അടുത്ത ഒരു മണിക്കൂറിനുള്ളില്‍ ഝാന്‍സി എത്തി. ഇനി അവിടത്തെ കാഴ്ചകളും കാണാത്ത ഖജുരാഹോ കാഴ്ച്ചകളും മധ്യപ്രദേശില്‍ ഉണ്ട്. അതിനു മുന്‍പൊന്നു ഉറങ്ങണം. റൂമില്‍ എത്തി എടുത്ത ഫോട്ടോസ് നോക്കി അത് പോലെ കിടക്കയിലേക്ക് ചരിഞ്ഞു. അടുത്ത കാഴ്ചകള്‍ക്കായുള്ള പ്രഭാതത്തിനായി…

ഇന്ത്യയില്‍ നിന്ന് എവിടെ നിന്ന് വരികയാണെങ്കിലും ഝാന്‍സി സ്റ്റേഷനില്‍ ആണ് ഇറങ്ങേണ്ടത്. കേരളത്തില്‍ നിന്ന് നേരിട്ട് ട്രെയിന്‍ ഇല്ല. ചെന്നൈയില്‍ നിന്നും ഉണ്ട്. ദല്‍ഹിയില്‍ നിന്നും 4 മണിക്കൂര്‍ ദൂരം. ഒരിക്കലും അസമയത്ത് ചെന്നിറങ്ങാതിരിക്കുക. നല്ല പൊടിയും വെയിലും കൊള്ളാന്‍ തയ്യാറായി വേണം പോവാന്‍. ജൂണ്‍ – ജൂലൈ മാസങ്ങളില്‍ ആണെങ്കില്‍ നല്ലതു.

(സ്ത്രീകളുടെ യാത്രാഗ്രൂപ്പായ അപ്പൂപ്പന്‍താടിയുടെ സ്ഥാപകകൂടിയാണ് ലേഖിക)

എഡിറ്റര്‍

We use cookies to give you the best possible experience. Learn more