കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളുടെ സംഗമസ്ഥലമാണ്, നീലഗിരിയുടെ അനുഗ്രഹമായ മുതുമല. ജൈവ വൈവിധ്യത്തിന്റെ നേര്‍ക്കാഴ്ചയെന്നോണം മുതുമല വന്യജീവി സങ്കേതവും ഇവിടെ സ്ഥിതി ചെയ്യുന്നു. സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നതാണ് ഇവിടം. 1940ലാണ് വന്യജീവി സങ്കേതം സ്ഥാപിച്ചത്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ പറ്റിയ ഇടമാണിവിടം.
തേയിലത്തോട്ടങ്ങളാണ് നീലഗിരിയുടെ പ്രധാന പ്രത്യേകത. അതിനാല്‍ നിരവധി തേയിലത്തോട്ടങ്ങള്‍ മുതുമലയിലേയ്ക്കുള്ള യാത്രയില്‍ കാണാന്‍ സാധിക്കും.
പ്രകൃതിയുടെ ഈ വസന്തോത്സവത്തിലെ വര്‍ണ്ണക്കാഴ്ചകള്‍ ആസ്വദിച്ചു കൊണ്ടുള്ള യാത്ര ഒരിക്കലും മറക്കാനാകാത്ത അനുഭവം തന്നെയാണ് സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്‍കുന്നത്. 200ലധികം പക്ഷിയിനങ്ങളുടെ ചിലമ്പല്‍ കൊണ്ട് ശബ്ദമുഖരിതമാണ് ഈ വനപ്രദേശം.
കുറുക്കന്‍, മാന്‍, കഴുതപ്പുലി, പുള്ളിപ്പുലി, കൃഷ്ണ മൃഗം തുടങ്ങിയവയെല്ലാം ഇവിടെ കാണാന്‍ സാധിക്കുന്നു. ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം കടുവകളുള്ള ഇടം കൂടിയാണ് മുതുമല. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ആന സങ്കേതവും ആദ്യത്തെ കടുവാ സംരക്ഷണ കേന്ദ്രവുമാണ് മുതുമല.
വംശനാശ ഭീഷണി നേരിടുന്ന ഒട്ടേറെ ജീവികളുടെ ആശ്രയ കേന്ദ്രമാണിത്. മഞ്ഞള്‍, കറുവപ്പട്ട, മാങ്ങ, കാട്ടിഞ്ചി, പേരക്ക, കുരുമുളക്, വ്യത്യസ്തയിനം മുളകള്‍ തുടങ്ങിയവയും ധാരാളമായി ഇവിടെ വളരുന്നു.
സ്വകാര്യ വാഹനങ്ങള്‍ സാധാരണ മുതുമല വന്യജീവി കേന്ദ്രത്തിന്റെ വനാന്തര്‍ ഭാഗത്തേയ്ക്ക് കടത്തി വിടാറില്ല. യാത്രയ്ക്ക് വാഹനങ്ങള്‍ ഇവിടെ ലഭ്യമാണ്. വൈകിട്ട് ആറ് വരെ മാത്രമേ ഇവിടെ ചെലവഴിയ്ക്കാന്‍ അനുമതിയുള്ളൂ.
മസിനഗുഡിയാണ് മുതുമല കഴിഞ്ഞാല്‍ സന്ദര്‍ശകര്‍ തെരഞ്ഞെടുക്കുന്ന ഒരിടം. ധാരാളം ഹെയര്‍പിന്‍ വളവുകളും വഴിനീളെ വന്യജീവികളും ഉണ്ടാകും. സാഹസികരായ യാത്രക്കാര്‍ക്ക് ഇവിടെ ഇഷ്ടപ്പെടും എന്ന കാര്യം തീര്‍ച്ചയാണ്.
മോയാര്‍ നദിക്കരയിലൂടെയുള്ള യാത്രയാണ് മറ്റൊരു ആകര്‍ഷണം. നൂറ് കണക്കിന് മാന്‍കൂട്ടങ്ങളും മയിലുകളും ഇവിടെ വിഹരിക്കുന്നു. മോയാര്‍ അണക്കെട്ടിന്റെ കാഴ്ചകളും എടുത്തു പറയേണ്ടവയാണ്.
പൈകാര തടാകം, കല്ലാട്ടി വെള്ളച്ചാട്ടം തുടങ്ങിയവയാണ് മുതുമലയിലെ മറ്റ് സന്ദര്‍ശന സ്ഥലങ്ങള്‍. എല്ലാ പ്രധാനപ്പെട്ട പട്ടണങ്ങളില്‍ നിന്നും മുതുമലയിലേയ്ക്ക് എത്താവുന്നതാണ്.
പ്രസന്നമായ കാലാവസ്ഥയാണ് മറ്റൊരു ആകര്‍ഷണം. ചെലവു കുറഞ്ഞ രീതിയില്‍ കുടുംബത്തോടൊപ്പം പ്രകൃതി ആസ്വദിക്കാന്‍ മുതുമല എന്തായാലും തെരഞ്ഞെടുക്കാവുന്നതാണ്.